ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി ഏക്‌സ്‌ചേഞ്ചിന് ബ്രിട്ടനില്‍ വിലക്ക്

ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സിന് ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ റെഗുലേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തി. മാത്രമല്ല, ബിനാന്‍സ് ക്രിപ്‌റ്റോ ആസ്തികളില്‍ വന്‍ നേട്ടം വാഗ്ദാനം ചെയ്തിരുന്നു. ഇത് വിശ്വസിച്ച് നിക്ഷേപകര്‍ തട്ടിപ്പിനിരയാകാതെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകളും ഫിനാന്‍സ് റെഗുലേറ്റര്‍മാരും ക്രിപ്‌റ്റോ കറന്‍സികള്‍ക്കും എക്‌സ്‌ചേഞ്ചുകള്‍ക്കുമെതിരെ സ്വീകരിക്കുന്ന എതിര്‍ നിലപാടുകളില്‍ ഏറ്റവും പുതിയ നീക്കമാണ് ബ്രിട്ടനില്‍ നിന്നുമുള്ളത്.

ഡിജിറ്റല്‍ കറന്‍സികളില്‍ വിശാലമായ സേവനങ്ങളാണ് ബിനാന്‍സ് ഡോട്ട് കോം നല്‍കിയിരുന്നത്. കെയ്മാന്‍ ദ്വീപ് കേന്ദ്രീകരിച്ചാണ് ബിനാന്‍സ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബിനാന്‍സ് മാര്‍ക്കറ്റ്‌സ് ലിമിറ്റഡ് ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.

ക്രിപ്‌റ്റോ കറന്‍സിയുടെ വില ചാഞ്ചാട്ടങ്ങളെ ആസ്പദമാക്കി ചൂതാട്ടം നടത്താനും ഇനി ബ്രിട്ടനില്‍ സാധിക്കില്ല. എന്നാല്‍ ബ്രിട്ടന്റെ നടപടി പ്രത്യക്ഷമായി സ്വാധീനം ചെലുത്തില്ലെന്നാണ് ബിനാന്‍സ് പറയുന്നത്. ബിനാന്‍സ് ഡോട്ട് കോം വെബ്‌സൈറ്റിലൂടെ സേവനങ്ങള്‍ തുടര്‍ന്നും നല്‍കാനാകുമെന്ന് കമ്പനി പറയുന്നു.

ഇതാദ്യമായല്ല ബിനാന്‍സ് ഇത്തരം വിലക്ക് നടപടികള്‍ നേരിടുന്നത്. അമേരിക്കയില്‍ ഗ്രൂപ്പിന്റെ ബിനാന്‍സ് ഹോള്‍ഡിംഗ് എന്ന സ്ഥാപനത്തിനെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കാനഡയില്‍ നിരവധി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്കെതിരെ നടപടി വന്നപ്പോള്‍ അവിടെ നിന്ന് ബിനാന്‍സും പ്രവര്‍ത്തനം പിന്‍വലിച്ചിരുന്നു. രാജ്യത്ത് മതിയായ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന മുന്നറിയിപ്പ് ജപ്പാന്‍ ബിനാന്‍സ് കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it