ഫോൺ നമ്പർ മാറി, ഡിവിഡന്റ് മറന്നു! അവകാശികളില്ലാത്ത ലാഭവിഹിതം ₹2,689 കോടിയിലേക്ക്; നിങ്ങളുടെ പണവും ഇതിലുണ്ടോ?

ഇന്ത്യൻ കമ്പനികളിലെ അവകാശികളില്ലാത്ത ഡിവിഡന്റ് തുക ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (FY26) 2,689 കോടി രൂപയായി. ഐ.ഇ.പി.എഫിലേക്ക് മാറ്റിയ തുകയും ഓഹരികളും അർഹരായ നിക്ഷേപകർക്ക് എങ്ങനെ തിരിച്ചെടുക്കാമെന്ന് അറിയാം
Unclaimed Dividend Listed Company Reasons
പ്രതീകാത്മക ചിത്രംImage Source: AI generated/ Canva
Published on

ഇന്ത്യൻ ലിസ്റ്റഡ് കമ്പനികളിൽ അവകാശികളില്ലാതെ കിടക്കുന്ന ഡിവിഡന്റ് (Unclaimed Dividend) തുകയിൽ വൻ വർധനവ്. 2026 സാമ്പത്തിക വർഷത്തിൽ (FY26) ഇത് 2,689 കോടി രൂപയായി ഉയർന്നതായി സെബിയുടെ (SEBI) വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025 സാമ്പത്തിക വർഷത്തിലെ 2,324 കോടി രൂപയിൽ നിന്ന് 15.7 ശതമാനത്തിന്റെ വർധനയാണിത്.

തൊട്ടുമുമ്പത്തെ വർഷവും അവകാശികളില്ലാത്തെ ഡിവിഡന്റ് തുക കുതിച്ചുയർന്നിരുന്നു. ബ്രസീൽ, ദക്ഷിണാഫ്രിക്ക, തായ്‌‍വാൻ തുടങ്ങിയ ഓഹരി വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ലി​സ്റ്റഡ് കമ്പനികൾ നൽകുന്ന ഡിവിഡന്റ് യീൽഡ് (Dividend Yield) കുറവായിരുന്നിട്ടും അവകാശികളില്ലാത്ത തുക ഉയരുന്നത് കമ്പനികളുടെ പണം കൈമാറുന്ന രീതിയുടെ പ്രശ്നമല്ല, മറിച്ച് നിക്ഷേപകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പണം കെട്ടിക്കിടക്കാൻ പ്രധാന കാരണങ്ങൾ

സാങ്കേതിക അപാകതകളും നിക്ഷേപകരുടെ അശ്രദ്ധയുമാണ് പ്രധാന വില്ലനാകുന്നതെന്ന് പ്രമുഖ വെൽത്ത് അഡ്വൈസറി & ഇൻവെ​സ്റ്റ്മെന്റ് ബാങ്കിം​ഗ് സ്ഥാപനമായ ഐ.ഐ.എഫ്.എൽ ക്യാപിറ്റൽ സർവീസസിന്റെ (IIFL Capital Services Ltd) വൈസ് പ്രസിഡന്റ് സജ്ജാദ് ഷാജഹാൻ ചൂണ്ടിക്കാണിക്കുന്നു. പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:

  • ഡാറ്റയിലെ അപൂർണ്ണത: ഡിപ്പോസിറ്ററി പാർട്ടിസിപ്പന്റുകളിൽ (DP) ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ പുതുക്കാതിരിക്കുക.

  • പഴയ ബാങ്ക് അക്കൗണ്ടുകൾ: ഡി.പിയിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടുകൾ നിശ്ചലമാവുകയോ ബാങ്ക് വിവരങ്ങൾ മാറ്റാതിരിക്കുകയോ ചെയ്യുമ്പോൾ ഡിവിഡന്റ് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തില്ല.

  • കെ.വൈ.സി (KYC) തടസ്സങ്ങൾ: പേരുകളിലെ അക്ഷരത്തെറ്റുകൾ, വിലാസ മാറ്റങ്ങൾ, നിർബന്ധിത കെ.വൈ.സി രേഖകൾ കൃത്യമായി ലിങ്ക് ചെയ്യാതിരിക്കൽ എന്നിവ പണമടവ് തടസ്സപ്പെടുത്തുന്നു.

  • പേപ്പർ ഷെയറുകളും വിലാസ മാറ്റവും: ഇന്നും വലിയൊരു വിഭാഗം നിക്ഷേപങ്ങൾ ഡിമാറ്റ് ചെയ്യാതെ പേപ്പർ ഓഹരികളായി (Physical Shares) തുടരുന്നു. താമസസ്ഥലം മാറുമ്പോൾ ഡിവിഡന്റ് ചെക്കുകൾ പഴയ വിലാസത്തിലേക്ക് പോവുകയും നിക്ഷേപകരിലേക്ക് എത്താതിരിക്കുകയും ചെയ്യുന്നു.

  • അവകാശാകാശ തർക്കങ്ങളും നോമിനേഷനും: നിക്ഷേപകരുടെ മരണശേഷം നോമിനേഷൻ കൃത്യമല്ലെങ്കിൽ, നിയമപരമായ അവകാശികൾ നടപടിക്രമങ്ങളുടെ സങ്കീർണ്ണത കാരണം തുക അവകാശപ്പെടാൻ വൈകുന്നു.

  • ചെറിയ തുകകളോടുള്ള അവഗണന: ചെറിയ തുകയുടെ ഡിവിഡന്റുകൾ ശ്രദ്ധിക്കാതെ പോവുകയും 7 വർഷത്തെ കാലപരിധി കഴിഞ്ഞ് സർക്കാരിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നു.

അവകാശികളില്ലാത്ത ഡിവിഡന്റ് തുകയുടെ വളർച്ച:

  • സാമ്പത്തിക വർഷം 2023-24 ---------► ₹1,838 കോടി

  • സാമ്പത്തിക വർഷം 2024-25 ---------► ₹2,324 കോടി

  • സാമ്പത്തിക വർഷം 2025-26 ---------► ₹2,689 കോടി

അതേസമയം, മ്യൂച്വൽ ഫണ്ടുകളിലെ അവകാശികളില്ലാത്ത തുക (Unclaimed Redemptions) കുറഞ്ഞു. സാമ്പത്തിക വർഷം 2024-25-ലെ (FY25) 1,128 കോടി രൂപയിൽ നിന്നും സാമ്പത്തിക വർഷം 2025-26-ൽ (FY26) 1,122 കോടി രൂപയായി ഇത് താഴ്ന്നു.

ഐ.ഇ.പി.എഫ് വഴി പണം എങ്ങനെ തിരിച്ചെടുക്കാം?

കമ്പനീസ് ആക്ട് (2013) പ്രകാരം, തുടർച്ചയായി 7 വർഷം അവകാശികളില്ലാതെ കിടക്കുന്ന ഡിവിഡന്റുകൾ കേന്ദ്ര സർക്കാരിന്റെ 'ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ടിലേക്ക്' (IEPF) മാറ്റപ്പെടും. സാമ്പത്തിക വർഷം 2021—2025 കാലയളവിനിടെ ആകെ 5,061 കോടി രൂപ ഇത്തരത്തിൽ ഐ.ഇ.പി.എഫിലേക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ അർഹരായ നിക്ഷേപകർക്ക് ഈ തുക നഷ്ടപ്പെടില്ല. താഴെ പറയുന്ന മാർ​ഗങ്ങളിലൂടെ ഇത് വീണ്ടെടുക്കാവുന്നതാണ്.

  1. പരിശോധന: iepf.gov.in എന്ന പോർട്ടൽ വഴി നിങ്ങളുടെ ഡിവിഡന്റോ ഓഹരികളോ ഐ.ഇ.പി.എഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക.

  2. ഓൺലൈൻ അപേക്ഷ: എം.സി.എ (MCA) പോർട്ടൽ വഴി IEPF-5 ഫോം സമർപ്പിക്കുക.

  3. രേഖകൾ നൽകുക: ഇന്റംനിറ്റി ബോണ്ട്, ഷെയർ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ/വിലാസ രേഖകൾ എന്നിവ അടങ്ങിയ ഫോമിന്റെ കോപ്പി കമ്പനിയുടെ നോഡൽ ഓഫീസർക്ക് അയക്കുക.

  4. ഡിമാറ്റ് ലിങ്ക് ചെയ്യുക: സജീവമായ, കെ.വൈ.സി അപ്ഡേറ്റ് ചെയ്ത ഡിമാറ്റ് അക്കൗണ്ടിലേക്ക് മാത്രമേ തുക ക്രെഡിറ്റ് ചെയ്യപ്പെടൂ.

  5. നിവേശക് ശിവിർ (Niveshak Shivir): സെബിയും ഐ.ഇ.പി.എഫ്.എയും നടത്തുന്ന ക്യാമ്പുകൾ വഴി പേപ്പർ ഷെയറുകൾ ഡിമാറ്റാക്കാനും തുക തിരിച്ചെടുക്കാനും നേരിട്ട് സഹായം ലഭിക്കും.

കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ കൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് (CAS) പരിശോധിക്കുകയും ഡിപിയിലെ വിവരങ്ങൾ അപ്‌ഡേറ്റായി നിലനിർത്തുകയും ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി ഒഴിവാക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com