ഐപിഒയ്ക്ക് ഒരുങ്ങി ഇന്ത്യയുടെ യുണീകോണ്‍ കപ്പിള്‍

നേതൃത്വം നല്‍കുന്ന കമ്പനികളെ യുണീകോണ്‍ ക്ലബ്ബില്‍ എത്തിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ ദമ്പതികളാണ് രുചി കല്‍രയും ആശിഷ് മൊഹപത്രയും. രാജ്യത്തെ ആദ്യ യുണീകോണ്‍ ദമ്പതികള്‍ ഇപ്പോള്‍ കമ്പനികളുടെ ഐപിഒ (പ്രാരംഭ ഓഹരി വില്‍പ്പന) പദ്ധതികളും പുറത്തു വിട്ടിരിക്കുകയാണ്. ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനികളെയാണ് യൂണീകോണെന്ന് വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം യുണീകോണായി മാറിയ ആശിഷ് മൊഹപത്രയുടെ ഓഫ്ബിസിനസ് എന്ന സ്ഥാപനമാണ് ആദ്യം ലിസ്റ്റ് ചെയ്യുക. 6-12 മാസത്തിനുള്ളില്‍ കമ്പനിയുടെ ഐപിഒ നടത്തുമെന്നാണ് ദമ്പതികള്‍ അറിയച്ചത്. ബ്ലൂംബെര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഐപിഒ പദ്ധതികള്‍ പങ്കുവെച്ചത്. 2016ല്‍ സ്ഥാപിച്ച, OFB Tech pvt. എന്നറിയപ്പെടുന്ന ഓഫ്ബിസിനസ്, ചെറുകിട-ഇടത്തരം സംരംഭകര്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന സ്ഥാപനമാണ്.

സ്റ്റീല്‍,ഡീസല്‍, ഭഷ്യധാന്യങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ കെമിക്കലുകള്‍ തുടങ്ങിയവയാണ് പ്രധാനമായും ഓഫ്ബിസിനസ് വിതരണം ചെയ്യുന്നത്. 5 ബില്യണ്‍ ഡോളറിലധികമാണ് കമ്പനിയുടെ മൂല്യം. കഴിഞ്ഞ മാസം യുണീകോണായി മാറിയ, രൂചി കല്‍രയുടെ ഓക്സിസോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഐപിഒ രണ്ട് വര്‍ഷത്തിനുള്ളില്‍ നടത്തും. ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് ഓക്സിസോ. 5 കോടി രൂപ വരെയുള്ള unsecured വായ്പകള്‍ ഇവര്‍ നല്‍കുന്നുണ്ട്.

ഓഫ്ബിസിനസ് എന്ന സ്ഥാപനത്തിന്റെ ഒരു സഹസംരംഭം എന്ന നിലയിലാണ് ഓക്സിസോ ആരംഭിച്ചത്. എന്നാല്‍ രണ്ട് കമ്പനികള്‍ക്കും പ്രത്യേക ഓഫീസും ജീവനക്കാരും മറ്റുമുണ്ട്. അതാത് കമ്പനികളുടെ സിഇഒമാരും ഈ ദമ്പതികള്‍ തന്നെ. 500ല്‍ അധികം ജീവനക്കാരുള്ള ഓക്സിയോ ഇതുവരെ 2 ബില്യണ്‍ ഡോളറിലധികം രൂപയുടെ വായ്പ നല്‍കിക്കഴിഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it