

ഇന്ത്യൻ ഓഹരി വിപണി ഏറ്റവുമധികം ആകാംക്ഷയോടെ എല്ലാ വർഷവും ഉറ്റുനോക്കുന്ന ഒരു സംഭവമാണ് പൊതുബജറ്റ്. ധനമന്ത്രാലയത്തിന്റെ അതീവ രഹസ്യമായ മുന്നൊരുക്കങ്ങൾ, ബജറ്റിന്റെ ഭാഗമായി കടന്നുവരുന്ന വൻകിട പദ്ധതികൾ, നികുതി പരിഷ്കാരങ്ങൾ ഇതൊക്കെ മുൻനിർത്തി നിക്ഷേപകരും ട്രേഡർമാരും ബജറ്റ് അവതരണ ദിവസം മുൾമുനയിലായിരിക്കും നിൽക്കുക. എന്നാൽ 2010 മുതൽ ഇങ്ങോട്ടുള്ള പൊതു ബജറ്റ് ദിനത്തിലെ വിപണിയുടെ പ്രകടനം പരിശോധിച്ചാൽ വ്യത്യസ്തമായൊരു ചിത്രമാകും മുന്നിൽ തെളിയുന്നത്.
ബജറ്റ് ദിനത്തിലെ വ്യാപാരം വാർത്തകളിൽ ഇടംപിടിക്കുകയും ട്രേഡിങ് വോളിയം ഉയരുകയും ഒക്കെ ചെയ്യുമെങ്കിലും അന്നത്തെ ദിവസം നിക്ഷേപകർ കാണിക്കുന്ന ആവേശം അതേപടി ആദായമായി മാറിക്കിട്ടണമെന്നില്ല എന്നതാണ് യാഥാർത്ഥ്യം. 2026-ലെ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കവെ വിപണിയുടെ 15 വർഷത്തെ ഹിസ്റ്റോറിക്കൽ ട്രെൻഡും ഇത്തവണ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളും വിശദമായി നോക്കാം.
ബജറ്റിന് മുൻപ്: 2010 മുതലുള്ള മാർക്കറ്റ് ഡേറ്റ പരിശോധിച്ചാൽ എൻഎസ്ഇയുടെ പ്രധാന ഓഹരി സൂചികയായ നിഫ്റ്റി50, പൊതുബജറ്റിന് മുന്നേയുള്ള ഒരാഴ്ച കാലയളവിൽ ശരാശരി 0.52% നഷ്ടമാണ് കുറിച്ചിട്ടുള്ളതെന്ന് കാണാം. 15 വർഷങ്ങൾക്കിടെ 8 തവണയാണ് ബജറ്റിന് മുൻപുള്ള ഒരാഴ്ചയ്ക്കിടെ നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കാൻ നിഫ്റ്റി സൂചികയ്ക്ക് സാധിച്ചിട്ടുള്ളത്. ബജറ്റ് പ്രഖ്യാപനം സംബന്ധിച്ച ആശങ്കയും അനിശ്ചിതത്വവും വിപണിയിൽ നിഴലിക്കുന്നതിനാൽ റിസ്ക് കുറയ്ക്കാനും ലാഭമെടുപ്പിനും ഒരുവിഭാഗം നിക്ഷേപകർ തയ്യാറാകുന്നതാണ് ഇത്തരത്തിലുള്ള ഒരു നിറംമങ്ങിയ പ്രകടനത്തിന് കാരണമെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചു.
ബജറ്റിന് ശേഷം: ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളോടെ ബജറ്റുമായുള്ള അവ്യക്തത മാറിക്കിട്ടുന്നതിനാൽ, വിപണിക്ക് ഭാവിഗതി എങ്ങോട്ടായിരിക്കണം എന്നതു സംബന്ധിച്ച ധാരണയും തെളിഞ്ഞുവരുന്നതാണ്. സർക്കാരിന്റെ ഭരണനയങ്ങളിലുള്ള വ്യക്തത ലഭിച്ചുകഴിഞ്ഞാൽ ലിക്വിഡിറ്റി, വരുമാനം, വളർച്ച സാധ്യത എന്നിവയിലേക്ക് വീണ്ടും വിപണിയുടെ ശ്രദ്ധതിരിയും. ഇതോടെ ബജറ്റിന് ശേഷമുള്ള ആദ്യ ആഴ്ചയിൽ വിപണി റീബൗണ്ട് ചെയ്യാനുള്ള സാധ്യതയാണ് പൊതുവേ കാണുന്നത്. നിഫ്റ്റി50 സൂചികയിൽ ശരാശരി 1.36 ശതമാനം മുന്നേറ്റം ബജറ്റിന് ശേഷമുള്ള ആഴ്ചയിൽ കുറിച്ചിട്ടുണ്ട്.
ബജറ്റ് ദിനം: സർക്കാരിന്റെ പുതിയ നയങ്ങളെയും പരിഷ്കാരങ്ങളേയും കുറിച്ചുള്ള ആകാംക്ഷയുള്ളതിനാൽ ബജറ്റ് ദിനത്തിൽ വിപണി കടുത്ത ചാഞ്ചാട്ടത്തിലേക്ക് നീങ്ങും. 2010-നു ശേഷമുള്ള ഡേറ്റ നോക്കിയാൽ നിഫ്റ്റി സൂചികയിൽ ബജറ്റ് ദിനത്തിലെ ട്രേഡിങ് റേഞ്ച് ശരാശരി 2.65 ശതമാനമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്രയും വലിയ ഇൻട്രാഡേ ട്രേഡിങ് റേഞ്ച്, വിപണിയുടെ ചാഞ്ചാട്ട സ്വഭാവം വെളിവാക്കുന്നു. എന്നാൽ ബജറ്റ് ദിനമൊന്നാകെ കണക്കിലെടുത്താൽ നിഫ്റ്റി ശരാശരി 0.19 ശതമാനം നേട്ടമാണ് കുറിച്ചത്. അതായത് ബജറ്റ് അവതരണ സമയത്ത് കടുത്ത ചാഞ്ചാട്ടം ഉണ്ടാകുമെങ്കിലും ഇത് നിലനിൽക്കുന്ന വ്യക്തമായൊരു തുടർ നീക്കത്തിലേക്ക് പരിണമിക്കാനുള്ള സാധ്യത കുറവാണെന്ന് സാരം.
2026-ലെ പൊതുബജറ്റ് അവതരണം ഞായറാഴ്ച (ഫെബ്രുവരി 1) ആയതിനാൽ വീക്കെൻഡ് ഇഫക്ട് അഥവാ വാരാന്ത്യത്തിലെ അവധി ആലസ്യം പിടികൂടാനുള്ള സാധ്യതയുണ്ടെന്ന് മാർക്കറ്റ അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. വാരാന്ത്യവുമായി കൂട്ടിമുട്ടിവരുന്ന ബജറ്റ് ദിനങ്ങളിൽ വിപണിയിൽ നിക്ഷേപകരുടെ പങ്കാളിത്തം കുറയുന്നതും അതുവഴി വോളിയം, ലിക്വിഡിറ്റി താഴുന്നതിന്റെയും പൊതുചിത്രമാണ് ഹിസ്റ്റോറിക്കൽ ഡേറ്റ വെളിവാക്കുന്നത്. എന്നാൽ 2025 ബജറ്റ് ദിനം ഇതിനൊരു അപവാദമാണെന്നതും വിസ്മരിക്കേണ്ട.
അതേസമയം ഇടിയുന്ന രൂപയുടെ വിനിമയമൂല്യം, വിദേശ നിക്ഷേപകരുടെ വിൽപ്പന, ട്രംപ് താരിഫ്, ജിയോപൊളിറ്റിക്കൽ സംഘർഷങ്ങൾ, ഓവർവാല്യൂവേഷൻ എന്നിങ്ങനെ നിരവധി പ്രതികൂല ഘടകങ്ങൾ തുറിച്ചുനോക്കുന്നതിനാൽ ഇന്ത്യൻ വിപണി തിരുത്തലിന്റെ പാതയിലാണുള്ളത്. അതിനാൽ സർക്കാർ ഭരണനയങ്ങളിൽ സ്ഥിരതയും കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളും ഇത്തവണത്തെ ബജറ്റിൽ നിന്നും വിപണി പ്രതീക്ഷിക്കുന്നു. വിപണിയിൽ ഡൗൺട്രെൻഡുള്ള പശ്ചാത്തലത്തിൽ എന്തെങ്കിലും ശക്തമായൊരു പോസിറ്റീവ് പ്രഖ്യാപനം ബജറ്റിൽ വരികയാണെങ്കിൽ വിപണിക്കും അത് കരുത്തുപകരുന്നതായി മാറാവുന്നതാണെന്ന് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine