ഓഹരി വിപണിയിലെ വമ്പൻ എം.ആർ.എഫിനെ മറികടന്ന് ഈ കുഞ്ഞന്‍ കമ്പനി; എല്‍സിഡിന്റെ വില കേട്ടാല്‍ ഞെട്ടും

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏറ്റവും വിലകൂടിയ ഓഹരി ഏത് കമ്പനിയുടേതാണ്? എം.ആര്‍.എഫ് എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ തെറ്റി. ഓഹരി വിപണിയെ ഞെട്ടിച്ച് ഒരു കുഞ്ഞന്‍ കമ്പനി ഇന്ന് വിലയില്‍ റെക്കോര്‍ഡിട്ടു. വെറും 3.53 രൂപ മാത്രം വിലയുണ്ടായിരുന്ന ഈ ഓഹരിയുടെ വില ഇന്ന് 2.36 ലക്ഷം രൂപ!. മുംബൈയിലെ ധനകാര്യ സ്ഥാപനമായ എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് (elcid investmenets) ആണ് ഈ വിസ്മയിപ്പിക്കുന്ന കുതുപ്പ് നടത്തിയത്. ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, കടപത്രങ്ങള്‍ തുടങ്ങിയവയില്‍ നിക്ഷേപം നടത്തുന്ന കമ്പനിയാണിത്.

എന്താണ് ഈ കുതിപ്പിന്റെ രഹസ്യം

കുറച്ചൊക്കെ സാങ്കേതികത്വം നിറഞ്ഞ ഒരു റീലിസ്റ്റിംഗിന്റെ രഹസ്യം കൂടിയുണ്ട് എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ചരിത്ര കുതിപ്പിന് പിന്നില്‍. 2011 മുതല്‍ ഈ കമ്പനിയുടെ ഓഹരി വില മുന്നു രൂപ മാത്രമായിരുന്നു. കമ്പനിയുടെ ആസ്തി മൂല്യമായ ബുക്ക് വാല്യുവാകട്ടെ 5.83 ലക്ഷം രൂപയും. ഉയര്‍ന്ന ബുക്ക് വാല്യു ഉണ്ടെങ്കിലും ഓഹരി വില തീരെ താഴ്ന്നു കിടക്കുന്ന അവസ്ഥ. ബുക്ക് വാല്യുവും ഓഹരി വിലയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെങ്കില്‍ സ്‌പെഷ്യല്‍ കോള്‍ ഓപ്ഷന്‍ നടത്തി വില പുനര്‍നിര്‍ണയിക്കണ മെന്ന് സെബിയുടെ ചട്ടമുണ്ട്. ഇത്തരത്തില്‍ പുനര്‍നിര്‍ണയം നടത്തിയപ്പോള്‍ ഈ കമ്പനിയുടെ ഓഹരി വില മൂന്നു രൂപയില്‍ നിന്ന് 2.25 ലക്ഷം രൂപയിലെത്തി. വര്‍ധിച്ചത് 67,000 ശതമാനം! ഇതോടെ ഓഹരി വിപണിയില്‍ ഉറങ്ങിക്കിടന്നിരുന്ന ഈ ഓഹരിക്ക് പെട്ടെന്ന് ഡിമാന്റ് കൂടി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ റീലിസ്റ്റ് ചെയ്തപ്പോള്‍ വില 5 ശതമാനം കൂടി വര്‍ധിച്ച് 2,36,250 രൂപയിലെത്തി. വില അപ്പര്‍ സര്‍ക്ക്യൂട്ടിലെത്തുകയും ചെയ്തു. എല്‍സിഡ് ഉള്‍പ്പടെ തെരഞ്ഞെടുക്കപ്പെട്ട ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളുടെ ഓഹരികള്‍ റീലിസ്റ്റ് ചെയ്യുന്ന കാര്യം ഒക്ടോബര്‍ 21 നാണ് ബി.എസ്.സി സര്‍ക്കുലറില്‍ അറിയിച്ചിരുന്നത്. ഇന്നു മുതലാണ് പുതിയ വിലയില്‍ ട്രേഡിംഗ് ആരംഭിച്ചത്.

ഏഷ്യന്‍ പെയിന്റ്‌സും എല്‍സിഡും

4,725 കോടി രൂപ മാത്രം വിപണി മൂല്യമുള്ള എല്‍സിഡിന്റെ ഓഹരി വില ഇത്രയേറെ വര്‍ധിക്കുന്നതിന് കാരണമായി എഷ്യന്‍ പെയിന്റുമായി ബന്ധപ്പെട്ട നിക്ഷേപവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്ന നിലയില്‍ എല്‍സിഡിന്റെ കൈവശം ഏഷ്യന്‍ പെയിന്റിസിന്റെ 8,475 കോടി രൂപ വില വരുന്ന 2,83,13,980 ഓഹരികളുണ്ട്. അതായത് ഏഷ്യന്‍ പെയിന്റ്‌സിന്റെ മൊത്തം ഓഹരികളുടെ 2.95 ശതമാനം. ഇത് കമ്പനിയുടെ കരുത്തായാണ് നിക്ഷേപകരും കാണുന്നത്. ഈ കാരണം കൊണ്ട് മാത്രം ഓഹരി വിപണിയില്‍ എല്‍സിഡ് നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നതായി മുംബൈയിലെ ഓഹരി ഇടപാട് സ്ഥാപന ഉടമയായ ഹിതേഷ് ദരാവത്ത് ചൂണ്ടിക്കാട്ടുന്നു.

അപൂര്‍വ്വമായി സംഭവിക്കുന്നത്, റിസ്‌ക് കൂടുതല്‍

എല്‍സിഡിന്റെ മുന്നേറ്റം ഓഹരി വിപണിയില്‍ അപൂര്‍വ്വമായി സംഭവിക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റു കമ്പനികളില്‍ നിക്ഷേപിക്കുന്നതിന്റെ പേരില്‍ മാത്രം ചില ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളുടെ ഓഹരികള്‍ക്ക് മൂല്യം വര്‍ധിക്കാം. എന്നാല്‍ ഇത് വിപണിയുടെ പൊതുതത്വമായി കാണാനാകില്ലെന്നും ഇത്തരം കമ്പനികളില്‍ നിക്ഷേപിക്കുമ്പോള്‍ റിസ്‌കുകള്‍ കൂടി മുന്നില്‍ കാണണമെന്നും വെല്‍ത്ത്മില്‍സ് സെക്യൂരിറ്റീസ് ഡയരക്ടര്‍ ക്രാന്തി ബാത്തിനി പറഞ്ഞു. സെബിയുടെ സര്‍ക്കുലര്‍ പ്രകാരം സ്‌പെഷ്യല്‍ കോള്‍ ഓപ്ഷന്‍ രീതിയില്‍ എല്‍സിഡിനൊപ്പം നല്‍വ സണ്‍സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ടി.വി.എസ് ഹോള്‍ഡിംഗ്‌സ്, കല്യാണി ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, എസ്.ഐ.എല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, മഹാരാഷ്ട്ര സ്‌കൂട്ടേഴ്‌സ്, ജി.എഫ്.എല്‍, ഹരിയാന കാപ്ഫിന്‍, പിലാനി ഇന്‍വെസ്റ്റ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ എന്നീ കമ്പനികളും ഇന്ന് വിപണിയില്‍ റീലിസ്റ്റ് ചെയ്തിരുന്നു.

ഏതാണ്ട് 13 വര്‍ഷമായി എല്‍സിഡിന്റെ ഓഹരികള്‍ വില്‍ക്കാതെ കൈവശം വെച്ചവര്‍ക്കാണ് ഇന്ന് ലോട്ടറി അടിച്ചത്. ഓഹരി വില മൂന്നു രൂപ മാത്രമായിരുന്നതിനാല്‍ 2011 ന് ശേഷം ഈ ഓഹരിയില്‍ കാര്യമായ വ്യാപാരം നടന്നിരുന്നില്ല.

Related Articles
Next Story
Videos
Share it