നിക്ഷേപ തീരുമാനമെടുക്കാന്‍ സമയമായോ? ട്രംപ്-മോദി സംഭാഷണത്തില്‍ വിപണി ആവേശം കൊള്ളുന്നതിനൊപ്പം ചില മുന്നറിയിപ്പുകള്‍

തീരുവയുമായി ബന്ധപ്പെട്ട തലക്കെട്ടുകള്‍ മാത്രം ആശ്രയിച്ച് വിപണിയെ വിലയിരുത്തിയാല്‍ തെറ്റിപ്പോകും -കരാറിന്റെ അവസാന രൂപം വ്യക്തമാവുന്നതു വരെ
indian stock market
Published on

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഇളവുകളുടെ പ്രതീക്ഷകള്‍ ഓഹരി വിപണിയില്‍ താല്‍ക്കാലിക സമാശ്വാസമാണ്. പക്ഷേ, കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവരാതെ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നത് അപകടകരമാണ് -പറയുന്നത്, ഡി.എസ്.പി മ്യൂച്വല്‍ ഫണ്ടിലെ (DSP Mutual Fund) വിപണി വിദഗ്ധനായ സാഹില്‍ കപൂര്‍. തീരുവയുമായി ബന്ധപ്പെട്ട തലക്കെട്ടുകള്‍ മാത്രം ആശ്രയിച്ച് വിപണിയെ വിലയിരുത്തിയാല്‍ തെറ്റിപ്പോകും. കരാറിന്റെ അവസാന രൂപം വ്യക്തമാവുന്നതു വരെ ഇപ്പോഴുള്ളതെല്ലാം അനുമാനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു.

18% തീരുവ എന്ന തലക്കെട്ട് വിപണിയില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, യാഥാര്‍ഥ്യം അത്ര ലളിതമല്ല. ഇന്ത്യയുടെ യുഎസ് കയറ്റുമതികള്‍ക്ക് ഇപ്പോള്‍ തന്നെ ശരാശരി 12% തീരുവ നിലവിലുണ്ട്. കമോഡിറ്റി ഇതര ഉല്‍പന്നങ്ങള്‍ക്ക് ഇത് ഏകദേശം 9.5% ആണ്. കൃഷി ഉല്‍പന്ന തീരുവ അതിലേറെയാണ്. അതുകൊണ്ട്, തലക്കെട്ട് പോസിറ്റീവ് ആയാലും, പല മേഖലകളിലും മുമ്പത്തെ നിലയേക്കാള്‍ മെച്ചപ്പെട്ട സാഹചര്യമാകണമെന്നില്ല. കരാറിലൂടെ ഏത് മേഖലകള്‍ക്ക് ഗുണം ലഭിക്കും, തീരുവ ഇളവുകള്‍ എങ്ങനെ പ്രാബല്യത്തില്‍ വരും എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ രേഖകള്‍ പുറത്തുവന്നിട്ടില്ല. ഈ അവസ്ഥയില്‍, സെക്ടര്‍ അടിസ്ഥാനമാക്കി നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നത് തിരക്കു കൂട്ടലാവും.

വിപണിക്ക് നിര്‍ണായകം വരുമാന വളര്‍ച്ച

വ്യാപാര കരാര്‍ സംബന്ധിച്ച പ്രതീക്ഷകള്‍ ഹ്രസ്വകാലത്ത് വിപണി വികാരം മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും, ദീര്‍ഘകാലത്ത് ഓഹരി വിപണിയെ നയിക്കുക കോര്‍പറേറ്റ് വരുമാന വളര്‍ച്ചയായിരിക്കും. ഇതുവരെ ഫലങ്ങള്‍ പ്രഖ്യാപിച്ച കമ്പനികളില്‍ വലിയൊരു വിഭാഗത്തിനും വരുമാനം മന്ദഗതിയിലാണ്. ചില കമ്പനികള്‍ക്ക് ഇടിവ് നേരിട്ടിട്ടുണ്ട്. ഇതാണ് വിപണിക്ക് ഏറ്റവും വലിയ വെല്ലുവിളി. വരുമാനത്തില്‍ ശക്തമായ തിരിച്ചുവരവ് ഇല്ലാതെ ദീര്‍ഘകാല കുതിപ്പ് പ്രതീക്ഷിക്കാന്‍ കഴിയില്ല.

കയറ്റുമതി മേഖലയിലും ഘടനാപരമായ ദൗര്‍ബല്യങ്ങള്‍ തുടരുകയാണ്. ഇലക്ട്രോണിക്‌സ് പോലുള്ള മേഖലകളില്‍ തലക്കെട്ടുകളില്‍ കയറ്റുമതി വളര്‍ച്ച കാണിച്ചാലും, ഇറക്കുമതി കണക്കുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ആകെ എക്‌സ്‌പോര്‍ട്ട് സ്ഥിതി അത്ര ശക്തമല്ല.

ബോണ്ടുകള്‍ക്ക് ഇപ്പോള്‍ മേല്‍ക്കൈ

ആസ്തി വിന്യാസത്തിന്റെ കാര്യത്തില്‍, നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ ഓഹരികളേക്കാള്‍ മെച്ചപ്പെട്ട റിസ്‌ക്-റിട്ടേണ്‍ അനുപാതം നല്‍കുന്നു. ലിക്വിഡിറ്റി സാഹചര്യം, നയ പലിശ നിരക്കുകളും ദീര്‍ഘകാല നേട്ടവും തമ്മിലുള്ള വ്യത്യാസം, നിയന്ത്രിത പണപ്പെരുപ്പം എന്നിവ ബോണ്ടുകള്‍ക്ക് അനുകൂല ഘടകങ്ങളാണ്.

വിദേശ നിക്ഷേപ പ്രവാഹങ്ങള്‍ സ്ഥിരത കൈവരിച്ചാല്‍, നിശ്ചിത വരുമാന ആസ്തികള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കാനിടയുണ്ട്. വ്യാപാര കരാറുകള്‍ ഹ്രസ്വകാല വിപണി വികാരത്തെ സ്വാധീനിച്ചേക്കാമെങ്കിലും, നിക്ഷേപകര്‍ തലക്കെട്ടുകള്‍ക്കപ്പുറം അടിസ്ഥാന ഘടകങ്ങള്‍ വിലയിരുത്തണം. വരുമാന വളര്‍ച്ചയും നയ വ്യക്തതയും തന്നെയാണ് അവസാനം വിപണിയെ നയിക്കുക -സാഹില്‍ കപൂര്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com