Narendra Modi and Nirmala Sitharaman
Image : Narendra Modi and Nirmala Sitharaman Twitter and Canva

ബജറ്റ് വിപണിയുടെ തലവര മാറ്റിമറിക്കുമോ? വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുമോ? പ്രതീക്ഷിക്കുന്ന 3 നിര്‍ദേശങ്ങള്‍

പുതുവര്‍ഷമായ 2026ല്‍ ഇതുവരെയുള്ള കാലയളവിനിടെ മാത്രം ഏകദേശം 18,000 കോടി രൂപ മൂല്യം വരുന്ന ഓഹരികളാണ് ആഭ്യന്തര വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ ഒഴിവാക്കിയത്.
Published on

സര്‍വകാല റെക്കോഡ് നിലവാരം തിരുത്തിക്കുറിക്കാന്‍ അടുത്തിടെ ഒന്നിലേറെ തവണ ഇന്ത്യന്‍ ഓഹരി വിപണിക്ക് സാധിച്ചിരുന്നു. എന്നാല്‍ വലിയൊരു തുടര്‍ക്കുതിപ്പ് നടത്താനാകാതെ പിന്‍വലിയേണ്ടി വന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (FIIs) ഉയര്‍ത്തുന്ന കനത്ത വില്‍പ്പന സമ്മര്‍ദമാണ്. 2025 കലണ്ടര്‍ വര്‍ഷത്തിനിടെ മാത്രം 1,900 കോടി ഡോളര്‍ (ഏകദേശം 1,72,000 കോടി രൂപ) മൂല്യം വരുന്ന ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്.

പുതുവര്‍ഷമായ 2026ല്‍ ഇതുവരെയുള്ള കാലയളവിനിടെ മാത്രം 200 കോടി ഡോളര്‍ (ഏകദേശം 18,000 കോടി രൂപ) മൂല്യം വരുന്ന ഓഹരികളാണ് ആഭ്യന്തര വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ ഒഴിവാക്കിയത്.

ഇതിനൊപ്പം യുഎസ് ഡോളറിനെതിരെയുള്ള വിനിമയ മൂല്യത്തില്‍ ഇന്ത്യന്‍ കറന്‍സിയായ രൂപയ്ക്ക് നേരിടുന്ന തിരിച്ചടിയും ചേര്‍ത്തുവായിക്കാവുന്നതാണ്. ചുരുക്കത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് തടയിടുന്നതിനും രൂപയുടെ വിനിമയ നിരക്കിന്റെ സ്ഥിരതയ്ക്ക് വെല്ലുവിളി ഉയര്‍ത്താനും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മൂലധന വിപണിയില്‍ സൃഷ്ടിക്കുന്ന വില്‍പ്പന സമ്മര്‍ദത്തിന് സാധിക്കുന്നുണ്ടെന്ന് കാണാം. ഈയൊരു പശ്ചാത്തലത്തില്‍ ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനും പ്രസക്തിയേറുന്നത്.

ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇടയാക്കുന്ന മൂന്ന് പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ഇന്ത്യയിലെ ഇക്വിറ്റി സ്ട്രാറ്റജി വിഭാഗം തലവന്‍ റിഥം ദേശായി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്. മൂലധന വിപണിയെ നേരിട്ട് സ്വാധീനിക്കാന്‍ ശേഷിയുള്ള ഈ പരിഷ്‌കരണ പ്രഖ്യാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന വിദേശ നിക്ഷേപത്തെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചേക്കാമെന്നും ബജറ്റിന് മുന്നോടിയായി പങ്കുവെച്ച റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ റിഥം ദേശായി ചൂണ്ടിക്കാട്ടി.

മോര്‍ഗന്‍ സ്റ്റാന്‍ലി പ്രതീക്ഷിക്കുന്ന 3 പരിഷ്‌കാരങ്ങള്‍

വിദേശ നിക്ഷേപകരുടെ അടിത്തറ വിശാലമാക്കുക അഥവാ ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളിലേക്ക് കൂടുതല്‍ വിദേശ മൂലധനം കടന്നുവരുന്നതിനായി നിലവിലെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുകയോ നിയമം ലളിതമാക്കുകയോ അല്ലെങ്കില്‍ പുതിയ മാര്‍ഗങ്ങള്‍ അവതരിപ്പിക്കുകയോ ആണ് ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി മോര്‍ഗന്‍ സ്റ്റാന്‍ലി പ്രതീക്ഷിക്കുന്ന ഒന്നാമത്തെ നിര്‍ദേശം.

അതുപോലെ ഷെയര്‍ ബൈബാക്ക് (ഓഹരിയുടെ മടക്കിവാങ്ങല്‍) നടപടികളില്‍ ബാധകമായ നിലവിലെ നികുതി സമ്പ്രദായം ഏറെ സങ്കീര്‍ണമാണ്. ഇത് ലളിതമാക്കുകയും കൂടുതല്‍ വിവേകപൂര്‍ണമായ നികുതി നിരക്കുകള്‍ അവതരിപ്പിക്കുകയും ചെയ്താല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ആഭിമുഖ്യമുള്ള വിദേശ നിക്ഷേപകരെ ഇന്ത്യന്‍ ഓഹരികളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി അഥവാ ഗിഫ്റ്റ് സിറ്റി (GIFT City) വഴിയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യമാണ്. വിദേശ നിക്ഷേപകരെ മാടിവിളിക്കുന്നതിനായി പ്രതീക്ഷിക്കുന്ന മൂന്നാമത്തെ ബജറ്റ് പ്രഖ്യാപനം. ഇന്ത്യയുടെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ഹബ്ബ് എന്ന നിലയിലാണ് ഗിഫ്റ്റ് സിറ്റിയെ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ സിങ്കപ്പൂരുമായും ഹോങ്കോംഗുമായും താരതമ്യം ചെയ്യുമ്പോള്‍ ഗിഫ്റ്റ് സിറ്റി വളരെ പിന്നിലാണ്. അതിനാല്‍ നിയന്ത്രണങ്ങളുടെ ചട്ടക്കൂട് പരിഷ്‌കരിച്ചും നികുതി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തും ഗിഫ്റ്റ് സിറ്റിയിലേക്ക് വിദേശേ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള സാധ്യത ബജറ്റില്‍ പ്രതീക്ഷിക്കുന്നതായും മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ അനലിസ്റ്റ് റിഥം ദേശായി അഭിപ്രായപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com