വിപണിയില്‍ ഐ.പി.ഒ മഴ, ഈ ആഴ്ച എത്തുന്നത് 6 കമ്പനികള്‍

ഈ വര്‍ഷം 30 ശതമാനം വര്‍ധനയാണ് ഐ.പി.ഒകളില്‍ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്
വിപണിയില്‍ ഐ.പി.ഒ മഴ, ഈ ആഴ്ച എത്തുന്നത് 6 കമ്പനികള്‍
Published on

ഇന്ത്യന്‍ ഓഹരി വിപണി ശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്നതിന്റെ പിന്‍ബലത്തില്‍ പ്രാഥമിക വിപണിയിലേക്ക് കൂട്ടത്തോടെ എത്തുകയാണ് കമ്പനികള്‍. കഴിഞ്ഞമാസം വിപണിയിലെത്തിയ പ്രാരംഭ ഓഹരി വില്‍പ്പനകള്‍ക്ക് (initial public offering /IPO) ലഭിച്ച മികച്ച പ്രതികരണവും കമ്പനികള്‍ക്ക് ആവേശമായി. ഇടത്തരം ചെറുകിട സ്ഥാപനങ്ങളും (small and medium enterprise /SME) അല്ലാത്തവയുമായി ആറ് കമ്പനികളാണ് വരുന്ന ആഴ്ച ഐ.പി.ഒയുമായി എത്തുന്നത്.

2022ല്‍ ഐ.പി.ഒ വിപണിയില്‍ പൊതുവേ മാന്ദ്യമായിരുന്നു. എന്നാല്‍ ഈ വര്‍ഷം 30 ശതമാനം വര്‍ധനയാണ് ഐ.പി.ഒകളില്‍ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബര്‍ രണ്ട് മുതല്‍ സെപ്റ്റംബര്‍ ഒമ്പതു വരെയുള്ള കാലയളവില്‍ വിഷ്ണു പ്രകാശ് ആര്‍.പുങ്കാലിയ ലിമിറ്റഡ്, ഐ.എം.എസ് എന്നിവരും എസ്.എം.ഇകളായ യൂണിഹെല്‍ത്ത് കണ്‍സള്‍ട്ടന്‍സ്, ജിവൻറാം ഷിയോഡുത്രൈ ഇൻഡസ്ട്രീസ്, സെന്‍സണ്‍ വാല്‍വ്‌സ് ഇന്ത്യ എന്നീ കമ്പനികളുമാണ്‌ ഐ.പി.ഒയുമായി എത്തിയത്. വരുന്ന ദിവസങ്ങളില്‍ ഐ.പി.ഒയുമായി എത്തുന്ന കമ്പനികള്‍ നോക്കാം.

ആര്‍.ആര്‍ കേബല്‍

കണ്‍സ്യൂമര്‍ ഇലക്ട്രിക് ഉത്പന്ന നിര്‍മാതാക്കളായ ആര്‍.ആര്‍ കേബല്‍ (RR Kabel) ഐ.പി.ഒ സെപ്റ്റംബര്‍ 13 മുതല്‍ 15 വരെയാണ്. 180 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്) വഴി 1,784 കോടി രൂപയുടെ പ്രമോട്ടര്‍ ഓഹരികളുമാണ് കമ്പനി വിറ്റഴിക്കുന്നത്. വില 983-1,035 രൂപ. ഐ.പി.ഒ വഴി 1,964 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സെപ്റ്റംബര്‍ 26ന് ഓഹരി എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.

സംഹി ഹോട്ടല്‍സ്

ആഗോള ഇന്‍വെസ്റ്റ് ബാങ്കിംഗ് കമ്പനിയായ ഗോള്‍ഡ് മാന്‍ സാച്‌സിന് ഓഹരിയുള്ള സംഹി ഹോട്ടല്‍സ് (Samhi Hotels) ഐപി.ഒ സെപ്റ്റംബര്‍ 14 മുതല്‍ 18 വരെയാണ്. 1,200 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ വഴി 1.35 കോടി ഓഹരികളുമാണ് ഗുരുഗ്രാം ആസ്ഥാനമായ കമ്പനി വിറ്റഴിക്കുന്നത്. ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്നതില്‍ 750 കോടി രൂപ കമ്പനിയുടെ കടം വീട്ടാനും മറ്റ് പൊതുവായ ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. സെപ്റ്റംബര്‍ 27നാണ് ഓഹരി ലിസ്റ്റ് ചെയ്യുക.

സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസ്

സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കുന്ന ഫിന്‍ടെക് സ്ഥാപനമായ സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ (Zaggle Prepaid Ocean Services) സര്‍വീസസിന്റെ ഐ.പി.ഒ സെപ്റ്റംബര്‍ 14ന് ആരംഭിച്ച് 18ന് അവസാനിക്കും. 563 കോടി രൂപയാണ് കമ്പനി പ്രാഥമിക വിപണിയില്‍ നിന്ന്് സമാഹരിക്കുന്നത്. 329 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഓഹരി ഉടമകളുടെ 1.04 കോടി ഓഹരികളുമാണ് വിറ്റഴിക്കുന്നത്. സെപ്റ്റംബര്‍ 27ന് എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.

ചവ്ദ ഇന്‍ഫ്രാ

നാളെ മുതലാണ്(സെപ്റ്റംബര്‍ 12) ചവ്ദ (Chavda) ഐ.പി.ഒയ്ക്ക് തുടക്കമാകുന്നത്. 60 രൂപ മുതല്‍ 65 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 43.26 കോടി രൂപ മൂല്യം വരുന്ന 66.56 ലക്ഷം ഓഹരികളാണ് കമ്പനി വിറ്റഴിക്കുന്നത്. ഒ.എഫ്.എസ് ഓഹരികള്‍ ഉള്‍പ്പെടുന്നില്ല. എസ്.എം.ഇ വിഭാഗത്തില്‍ വരുന്ന കമ്പനിയുടെ ഓഹരികള്‍ എന്‍.എസ്.ഇ എസ്.എം.ഇയില്‍ സെപ്റ്റംബര്‍ 25ന് ലിസ്റ്റ് ചെയ്യും.

കുന്ദൻ എഡിഫൈസ്

എസ്.എം.ഇ വിഭാഗത്തില്‍ തന്നെയുള്ള മറ്റൊരു കമ്പനിയാണ് കുന്ദൻ എഡിഫൈസ് (Kundan Edifice ). നാളെ (സെപ്റ്റംബര്‍ 12) ആരംഭിക്കുന്ന ഇഷ്യു സെപ്റ്റംബര്‍ 15ന് അവസാനിക്കും. 91 രൂപ നിരക്കില്‍ 25.22 കോടി രൂപയാണ് സമാഹരിക്കുക. 27.72 ലക്ഷം ഇക്ലിറ്റി ഓഹരികളും 26.99 ശതമാനം പോസ്റ്റ് ഇഷ്യു പെയ്ഡ് അപ് ഇക്വിറ്റിയുമാണ് ഐ.പി.ഒയിലുള്ളത്. എല്‍.ഇ.ഡി സ്ട്രിപ് ലൈറ്റ് നിര്‍മാതാക്കളായ കുണ്ടന്‍ എഡിഫൈസ് ഓഹരികള്‍ സെപ്റ്റംബര്‍ 26ന് എന്‍.എസ്.ഇ എസ്.എം.ഇയില്‍ ലിസ്റ്റ് ചെയ്യും.

സെല്ലെകോര്‍ ഗാഡ്ജറ്റ്‌സ്

സെപ്റ്റംബര്‍ 15 നാണ് ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വെയറബ്ള്‍സ്, മൊബൈല്‍ ആക്‌സസറികള്‍, സ്മാര്‍ട്ട് വാച്ചുകള്‍, നെക്ക് ബാന്‍ഡ്‌സ് എന്നിവയുടെ ബിസിനസില്‍ ഏര്‍പ്പെട്ടിരുക്കുന്ന കമ്പനിയാണ് സെല്ലെകോര്‍ ഗാഡ്ജറ്റ്‌സ് (Cellecor Gadgets). 87 രൂപ മുതല്‍ 92 രൂപ വരെയാണ് ഓഹരി വില. 50.77 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. സെപ്റ്റംബര്‍ 28ന് ഓഹരി എന്‍.എസ്.ഇ എസ്.എം.ഇയില്‍ ലിസ്റ്റ് ചെയ്യും.

പുതിയ ലിസ്റ്റിംഗ്

ഐ.പി.ഒയുമായി ഈ മാസമാദ്യം എത്തിയ കമ്പനികളുടെ ലിസ്റ്റിംഗ് വരും ദിവസങ്ങളിലുണ്ടാകും. റിഷബ് ഇന്‍സട്രമെന്റ്‌സ്, രത്‌നവീര്‍ പ്രിസിഷന്‍ എന്‍ജിനീയറിംഗ് എന്നിവ ഇന്ന് ലിസ്റ്റ് ചെയ്തു. സരോജ് ഫാര്‍മ ഇന്‍ഡസ്ട്രീസ്, ബേസിലിക് ഫ്‌ളൈ സ്റ്റുഡിയോ എന്നിവ സെപ്റ്റംബര്‍ 13ന് ലിസ്റ്റ് ചെയ്യും. എസ്.എം.ഇ കമ്പനിയായ പ്രമാറ പ്രമോഷന്‍സും സെപ്റ്റംബര്‍ 13ന് ലിസ്റ്റ് ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com