Begin typing your search above and press return to search.
ഐ.പി.ഒ കടയില്‍ തിരക്കേറുന്നു; ക്യൂ നില്‍ക്കുന്നത് ₹4,600 കോടി നോട്ടമിട്ട് 12 കമ്പനികള്‍
ദലാള്‍ സ്ട്രീറ്റില്‍ ഓഹരി സൂചികകള്‍ പുതിയ ഉയരങ്ങള്‍ താണ്ടി മുന്നേറുമ്പോള്‍ നേട്ടമുണ്ടാക്കാന്‍ തയ്യാറായി പുതുകമ്പനികളും. കേരളത്തില്‍ നിന്നുള്ള മുത്തൂറ്റ് മൈക്രോഫിന്‍ അടക്കം 12 കമ്പനികളാണ് ഈ ആഴ്ച ഓഹരി വിപണിയിലേക്ക് ആദ്യ ചുവടുവയ്പ് നടത്തുന്നത്. മൊത്തം 4,600 കോടി രൂപയാണ് ഈ കമ്പനികളെല്ലാം ചേര്‍ന്ന് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. പ്രാഥമിക ഓഹരി വിപണിയില്‍ നിന്ന് വിവിധ കമ്പനികള്‍ ചേര്‍ന്ന് കഴിഞ്ഞ ഒരാഴ്ച 4,000 കോടി രൂപ സമാഹരിച്ചിരുന്നു.
സാമ്പത്തിക രംഗത്തെ കരുത്തുറ്റ വളര്‍ച്ച, നിലവിലെ സര്‍ക്കാര്‍ തുടരുമെന്ന സൂചന നല്‍കിയുള്ള ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങള്‍, റിസര്‍വ് ബാങ്ക് പണനയങ്ങളില്‍ അയവ് വരുത്താനുള്ള സാധ്യത, എണ്ണ വിലയിലെ കുറവ് തുടങ്ങി നിരവധി കാര്യങ്ങളാണ് ഐ.പി.ഒയുമായി രംഗത്തിറങ്ങാന്‍ കമ്പനികള്‍ക്ക് ഊര്‍ജം പകര്‍ന്നത്.
ലഭ്യമായ കണക്കുകള്‍ പ്രകാരം ചെറുകിട ഇടത്തരം കമ്പനികള്‍ (SME) ഉള്‍പ്പെടെ മൊത്തം 239 കമ്പനികള്‍ ചേര്‍ന്ന് 57,720 കോടി രൂപയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2023-24) സമാഹരിക്കുക. ഐ.പി.ഒയ്ക്കിറങ്ങുന്ന കമ്പനികളുടെ എണ്ണത്തില്‍ ഇക്കൊല്ലം വര്‍ധനയുണ്ടെങ്കിലും സമാഹരിക്കുന്ന തുകയില്‍ കുറവ് വന്നിട്ടുണ്ട്. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷം 150 ഐ.പി.ഒകള്‍ വഴി 61,900 കോടിയാണ് സമാഹരിച്ചത്. ഈ ആഴ്ചയിലെ പ്രധാന ഐ.പി.ഒകള്‍ നോക്കാം.
മുത്തൂറ്റ് മൈക്രോഫിന്‍
കൊച്ചി ആസ്ഥാനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലുള്ള മൈക്രോഫിനാന്‍സ് കമ്പനിയായ മുത്തൂറ്റ് മൈക്രോഫിന്‍ ഐ.പി.ഒയ്ക്ക് ഇന്ന് തുടക്കമായി. ഓഹരിയൊന്നിന് 277-291 രൂപയാണ് വില (Price Band) നിശ്ചയിച്ചിരിക്കുന്നത്. ഉയര്‍ന്ന വില പ്രകാരം 960 കോടി രൂപയാണ് കമ്പനി ഐ.പി.ഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഡിസംബര്‍ 20ന് ഐ.പി.ഒ അവസാനിക്കും. ഐ.പി.ഒയ്ക്ക് മുന്നോടിയായി ഡിസംബര്‍ 15ന് നടന്ന ആങ്കര്‍ നിക്ഷേപം വഴി 285 കോടിരൂപ കമ്പനി സമാഹരിച്ചിരുന്നു.
മോട്ടിസണ്‍സ് ജുവലേഴ്‌സ്
ജയ്പൂര്‍ ആസ്ഥാനമായ ജുവലറി സ്ഥാപനമായ മോട്ടിസണ്‍സ് ജുവലേഴ്‌സിന്റെ ഐ.പി.ഒയ്ക്കും ഇന്ന് തുടക്കമായി. ഡിസംബര്‍ 20 വരെയാണ് ഇഷ്യു. ഓഹരിയൊന്നിന് 52-55 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 151 കോടി രൂപ സമാഹരണ ലക്ഷ്യവുമായാണ് കമ്പനിയെത്തുന്നത്. ആങ്കര്‍ നിക്ഷേപം വഴി 36.3 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു.
സൂരജ് എസ്റ്റേറ്റ് ഡവലപ്പേഴ്‌സ്
സൂരജ് ഡെവലപ്പേഴ്‌സും ഇന്ന് ഐ.പി.ഒയുമായി വിപണിയിലേക്കെത്തിക്കഴിഞ്ഞു. 400 കോടി രൂപ സമാഹിരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐ.പി.ഒയില്‍ ഡിസംബര്‍ 20 വരെയാണ് അപേക്ഷിക്കാനാകുക. 340-360 രൂപ നിരക്കിലാണ് ഓഹരിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 120 കോടി രൂപ ഇതിനകം തന്നെ കമ്പനി സമാഹരിച്ചിട്ടുണ്ട്.
ഹാപ്പി ഫോര്‍ജിംഗ്‌സ്
പഞ്ചാബ് ആസ്ഥാനമായ ഹെവി ഫോര്‍ജിംഗ്‌സ് ആന്‍ഡ് ഹൈ പ്രിസിഷന്‍ യന്ത്ര ഘടക നിര്‍മാതാക്കളായ ഹാപ്പി ഫോര്‍ജിംഗ്‌സിന്റെ ഐ.പി.ഒ ഡിസംബര്‍ 19നാണ്. 1,009 കോടി രൂപ സമാഹരണ ലക്ഷ്യവുമായാണ് കമ്പനി എത്തുന്നത്. ഓഹരി ഒന്നിന് 808-850 രൂപ നിരക്കിലാണ് വില. ഡിസംബര്‍ 21ന് ഇഷ്യു അവസാനിക്കും.
ആര്‍.ബി.ഇസെഡ് ജുവലേഴ്‌സ്
ആന്റിക് ബ്രൈഡല്‍ സ്വര്‍ണാഭരണ നിര്‍മാതാക്കളായ ആല്‍.ബി.ഇസെഡിന്റെ ഐ.പി.ഒയും ഡിസംബര്‍ 19 മുതല്‍ 21 വരെയാണ്. 95-100 കോടിരൂപയാണ് കമ്പനി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.
ക്രീഡോ ബ്രാന്‍ഡ്‌സ് മാര്‍ക്കറ്റിംഗ്
മുംബൈ ആസ്ഥാനമായ മഫ്റ്റി ജീന്‍സ് ബ്രാന്‍ഡായ ക്രീഡോ 549.78 കോടി രൂപയാണ് ഡിസംബര്‍ 19 മുതല്‍ 20 വരെ നടക്കുന്ന ഐ.പി.ഒ വഴി സമാഹരിക്കുക. ഓഹരി വില 266-280 രൂപ.
ആസാദ് എന്‍ജിനീയറിംഗ്
ഡിസംബര്‍ 20നാണ് ആസാദ് എന്‍ജിനീയറിംഗ് ഐ.പി.ഒയ്ക്ക് തുടക്കമാകുക. ഓഹരിയൊന്നിന് 499-524 രൂപയാണ് വില. 740 കോടി രൂപ സമാഹരണ ലക്ഷ്യവുമായി എത്തുന്ന ഐ.പി.ഒ ഡിസംബര്‍ 22ന് അവസാനിക്കും. എനര്‍ജി, ഏയ്‌റോസ്‌പേസ്, പ്രതിരോധം എന്നീ മേഖലകളിലേക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്.
ഇന്നോവ ക്യാപ്ടാബ്
ഈ ആഴ്ചത്തെ അവസാനത്തെ ഐ.പി.ഒയാണിത്. ഡിസംബര്‍ 21ന് തുടങ്ങുന്ന ഇഷ്യു ഡിസംബര്‍ 26 വരെ നീളും. ഫാര്‍മ മേഖലയിൽ കോണ്‍ട്രാക്ട് ഡെവലപ്‌മെന്റ് മാനുഫാക്ചറിംഗ് നടത്തുന്ന കമ്പനി 570 കോടി രൂപയാണ് ഐ.പി.ഒ വഴി സമാഹരിക്കാനൊരുങ്ങുന്നത്. ഓഹരി വില ഒന്നിന് 426-448 രൂപ.
ഇതുകൂടാതെ എസ്.എം.ഇ വിഭാഗത്തില്‍ നിന്നുള്ള നാല് കമ്പനികളുടെ ഐ.പി.ഒയ്ക്കും വിപണി ഈ ആഴ്ച സാക്ഷ്യം വഹിക്കും. സഹാറ മാരിടൈം, ശാന്തി സ്പിന്‍ടെക്‌സ്, ഇലക്ട്രോ ഫോഴ്‌സ്, ട്രൈഡന്റ് ടെക്‌ലാബ്‌സ് എന്നിവയാണ് എസ്.എം.ഇയില്‍ നിന്നുള്ള ഐ.പി.ഒ താരങ്ങള്‍.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Next Story
Videos