UPI MDR: കാഴ്ചയിൽ സൗജന്യം, കണക്കിൽ ബാധ്യത; ഷെയർ ട്രേ‍ഡിം​ഗ് കുറയുമോ? എസ്ഐപിയെ എങ്ങനെ ബാധിക്കും?

ഒക്ടോബർ 15 മുതൽ മൂലധന വിപണി ഇടപാടുകൾക്ക് 0.02% നിരക്കിൽ UPI MDR ബാധകമാകും; ഫീസ് നിക്ഷേപകരിൽ നിന്ന് നേരിട്ട് ഈടാക്കില്ലെങ്കിലും ബ്രോക്കർമാരുടെയും ഫണ്ട് കമ്പനികളുടെയും ചെലവ് ഉയരാം
UPI MDR Rules Impact In Capital Market
പ്രതീകാത്മക ചിത്രംImage Source: Canva
Published on

യു.പി.ഐ ഇടപാടുകളിൽ ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിന്റെ (MDR) പുതിയ ചട്ടക്കൂട് പ്രകാരം, 2,000 രൂപയ്ക്ക് മുകളിലുള്ള മൂലധന വിപണിയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മ്യൂച്വൽ ഫണ്ടുകളും ബ്രോക്കർമാരും 0.02% (ജി.എസ്.ടി പുറമെ) നിരക്കിൽ എം.ഡി.ആർ ഫീസ് നൽകേണ്ടി വരുന്നുണ്ട്. സാധാരണ വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന 0.4% നിരക്കിലുള്ള എം.ഡി.ആറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് നിക്ഷേപകർക്ക് അനുകൂലമാണെന്ന് തോന്നാം. എന്നാൽ, നിക്ഷേപ മേഖലയുടെ യഥാർത്ഥ പ്രവർത്തനരീതി പരിശോധിക്കുമ്പോൾ, ഈ ഇളവ് യു.പി.ഐ (UPI) വഴിയുള്ള ഇടപാടുകളെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഒരുവിഭാ​ഗം വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നിശ്ചിത ഫീസിൽ നിന്ന് ശതമാനത്തിലേക്കുള്ള മാറ്റം

നിലവിൽ മ്യൂച്വൽ ഫണ്ട് കമ്പനികൾ യു.പി.ഐ ഇടപാടുകൾക്ക് തുക എത്രയായാലും ഏകദേശം 2-3 രൂപ നിരക്കിൽ നിശ്ചിത ഫീസാണ് നൽകുന്നത്. ഈ തുക ഫണ്ട് മാനേജ്‌മെന്റ് കമ്പനികൾ (AMC) തന്നെയാണ് വഹിച്ചിരുന്നത്. എന്നാൽ പുതിയ ശതമാന അധിഷ്ഠിത നിരക്ക് ഈ സാമ്പത്തിക സമവാക്യത്തെ മാറ്റുന്നു:

  • ഫീസിലെ വർധനവ്: 50,000 രൂപ നിക്ഷേപിക്കുമ്പോൾ ഫീസ് ജി.എസ്.ടി ഉൾപ്പെടെ 10 രൂപയിലധികം ആയി ഉയരുന്നു — ഇത് നിലവിലുള്ള ചെലവിന്റെ അഞ്ചിരട്ടിയാണ്.

  • ലാഭവിഹിതത്തിലെ ഇടിവ്: ചില്ലറ വ്യാപാരികളെപ്പോലെ ഉയർന്ന ലാഭവിഹിതം ഇല്ലാത്ത ഷെയർ ബ്രോക്കർമാർക്കും മ്യൂച്വൽ ഫണ്ട് കമ്പനികൾക്കും ഈ തുക സ്വന്തം പോക്കറ്റിൽ നിന്ന് നൽകുന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറാം.

ലിക്വിഡ് ഫണ്ടുകളെ ബാധിക്കുന്നതെങ്ങനെ?

കുറഞ്ഞ ചെലവും ഉയർന്ന ഇടപാടുകളുമുള്ള ലിക്വിഡ് ഫണ്ടുകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നാണ് വിപണി വിദ​ഗ്ധരുടെ വിലയിരുത്തൽ.

  • വർഷത്തിലെ അധിക ചെലവ്: 0.15% വാർഷിക ചെലവ് (Expense Ratio) ഈടാക്കുന്ന ഒരു ലിക്വിഡ് ഫണ്ടിൽ, ഒരു നിക്ഷേപകൻ മാസം തോറും 50,000 രൂപ വീതം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്താൽ, എം.ഡി.ആറും ജി.എസ്.ടിയും ചേർന്ന് വർഷത്തിൽ ഏകദേശം 0.29% നിരക്കിൽ ചെലവ് നേരിടേണ്ടി വരും.

  • പ്രായോഗിക തടസ്സം: 0.15% മാത്രം വാർഷിക നിരക്കുള്ള ഒരു ഫണ്ടിന് 0.29% പ്രോസസിംഗ് ചെലവ് വഹിക്കാൻ പ്രായോ​ഗികമായി സാധിക്കില്ല. ഇത് യു.പി.ഐക്ക് പകരം എൻ.ഇ.എഫ്.ടി (NEFT), ആർ.ടി.ജി.എസ് (RTGS), നെറ്റ് ബാങ്കിംഗ് എന്നിവയിലേക്ക് മാറാൻ മ്യൂച്വൽ ഫണ്ട് കമ്പനികളെ നിർബന്ധിതരാക്കും എന്നാണ് വിലയിരുത്തൽ.

ഇൻഷുറൻസ് മേഖലയുമായുള്ള വൈരുധ്യം

ഇൻഷുറൻസ് പ്രീമിയം അടവുകൾക്ക് നൽകിയിട്ടുള്ള എം.ഡി.ആർ ആനുകൂല്യം നിക്ഷേപ മേഖലയ്ക്ക് നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്:

  • ഇൻഷുറൻസ് എം.ഡി.ആർ: 2,000 രൂപയ്ക്ക് മുകളിലുള്ള ഇൻഷുറൻസ് അടവുകൾക്ക് 5 രൂപ എന്ന നിശ്ചിത എം.ഡി.ആർ മാത്രമാണ് ഈടാക്കുന്നത്.

  • വിപണി നിക്ഷേപങ്ങൾ: 50,000 രൂപയുടെ ഇൻഷുറൻസ് പ്രീമിയത്തിന് 5 രൂപ ഫീസ് വരുമ്പോൾ, അതേ തുകയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് 10 രൂപയിൽ അധികം ഫീസ് നൽകേണ്ടി വരുന്നു.

യു.പി.ഐ എം.ഡി.ആർ നിരക്കുകളുടെ താരതമ്യം

  • ഇൻഷുറൻസ് പ്രീമിയം -------► നിശ്ചിത നിരക്ക്: ₹5

  • സാധാരണ വ്യാപാരികൾ -------► 0.4% ശതമാന നിരക്ക്

  • മൂലധന വിപണി -------► 0.02% ശതമാന നിരക്ക് (പരമാവധി ₹300)

ഓട്ടോപേയിലേക്ക് വിപണി ചുരുങ്ങുമോ?

മൂലധന വിപണിയിലെ യു.പി.ഐ ഇടപാടുകളുടെ തുകയ്ക്ക് ആനുപാതികമായി ഫീസ് ഈടാക്കുന്ന പുതിയ എം.ഡി.ആർ ചട്ടക്കൂട്, ഷെയർ ബ്രോക്കർമാർക്കും മ്യൂച്വൽ ഫണ്ട് കമ്പനികൾക്കും അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പുതിയ മാറ്റം വിപണിയിലെ യു.പി.ഐ വഴിയുള്ള ട്രേഡിംഗ് വോളിയത്തെ താൽക്കാലികമായി ബാധിച്ചേക്കാമെന്ന് എൻ.എസ്.ഇയുടെ സി.ഇ.ഒ ആയ ആശിഷ് കുമാർ ചൗഹാൻ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.

റീട്ടെയിൽ നിക്ഷേപകർക്ക് ഈ ഇടപാടുകൾ സൗജന്യമാണെങ്കിലും, ബ്രോക്കർമാരുടെ ചെലവ് കുറയ്ക്കുന്നതിനായി ഉയർന്ന തുകകളുടെ യു.പി.ഐ ഇടപാടുകൾക്ക് 300 രൂപ എന്ന പരമാവധി പരിധി (Capping) നിശ്ചയിച്ചിട്ടുണ്ട്. എന്നിരുന്നാലും, വലിയ തുകകളുടെ തത്സമയ ഫണ്ട് കൈമാറ്റത്തിന് ബ്രോക്കർമാർ മറ്റ് പേയ്‌മെന്റ് രീതികളെ പ്രോത്സാഹിപ്പിച്ചാൽ, മൂലധന വിപണിയിലെ യു.പി.ഐ ഉപയോഗം ചെറിയ തുകകളുടെ ഓട്ടോപേ (AutoPay) ഇടപാടുകളിലേക്ക് മാത്രമായി ചുരുങ്ങിയേക്കാം എന്നാണ് പൊതുവായ വിലയിരുത്തൽ.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com