നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം, ബൈബാക്ക് ഓഫറുമായി യുപിഎല്‍ ലിമിറ്റഡ്

നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം നല്‍കി ബൈബാക്ക് ഓഫറുമായി ആഗ്രോ കെമിക്കല്‍ കമ്പനിയായ യുപിഎല്‍ ലിമിറ്റഡ്. പ്രൊമോട്ടര്‍മാര്‍ ഒഴികെയുള്ള നിക്ഷേപകരില്‍നിന്ന് 1,100 കോടി രൂപയുടെ ഏകദേശം 1.26 കോടി ഇക്വിറ്റി ഷെയറുകളാണ് ബൈബാക്ക് ഓഫറിലൂടെ തിരികെ വാങ്ങാന്‍ യുപിഎല്‍ ഒരുങ്ങുന്നത്. ഏകദേശം 1.65 ശതമാനം ഓഹരികള്‍. പരമാവധി 875 രൂപ എന്ന തോതിലായിരിക്കും ഓഹരികള്‍ മടക്കിവാങ്ങുകയെന്നും കമ്പനി ഫയലിംഗില്‍ വ്യക്തമാക്കി.

ഇന്ന് (03-03-2023, 11.20) 703 രൂപ ഓഹരി വിലയിലാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്. 875 രൂപയ്ക്ക് കമ്പനി ഓഹരി തിരികെ വാങ്ങുമ്പോള്‍ ഒരു ഓഹരിയില്‍ 172 രൂപയുടെ, അതായത് 20 ശതമാനത്തിന്റെ നേട്ടം നിക്ഷേപകര്‍ക്ക് ലഭിക്കും. അതേസമയം, കമ്പനി ബൈബാക്ക് അംഗീകരിച്ചതിന് പിന്നാലെ യുപിഎല്ലിന്റെ ഓഹരി വിലയും ഉയര്‍ന്നു. ബുധനാഴ്ച ഓഹരി വിപണി വ്യാപാരം അവസാനിക്കുമ്പോള്‍ 3.5 ശതമാനത്തോളമാണ് ഈ കമ്പനിയുടെ ഓഹരി വില വര്‍ധിച്ചത്.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഏകീകൃത അറ്റാദായത്തില്‍ 24.89 ശതമാനം വളര്‍ച്ചയാണ് യുപിഎല്‍ രേഖപ്പെടുത്തിയത്. 1,179 കോടി രൂപയായിരുന്നു കഴിഞ്ഞപാദത്തിലെ ഏകീകൃത അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 944 കോടി രൂപയായിരുന്നു. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 23.78 ശതമാനം വര്‍ധിച്ച് 11,297 കോടി രൂപയായി. 2020-21 ലെ ഇതേ കാലയളവില്‍ 9,126 കോടി രൂപയായിരുന്നു.

Related Articles
Next Story
Videos
Share it