മൂന്ന് യുവ എഞ്ചിനീയര്‍മാരുടെ മനസിലുദിച്ച ആശയം, അര്‍ബന്‍ കമ്പനിയുടെ പിറവിയിങ്ങനെ

ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍... 2014 ല്‍ മൂന്ന് യുവ എഞ്ചിനീയര്‍മാരുടെ മനസിലുദിച്ച ആശയം ഇന്ന് വ്യാപിച്ചുകിടക്കുന്നത് അഞ്ച് രാജ്യങ്ങളിലും 40 ഓളം നഗരങ്ങളിലുമാണ്. 50 ലക്ഷം ഉപഭോക്താക്കളാണ് 2014 ല്‍ മൂന്ന് യുവ എഞ്ചിനീയര്‍മാര്‍ തുടങ്ങിവച്ച ഓണ്‍ലൈന്‍ ഹോം സര്‍വീസ് പ്ലാറ്റ്‌ഫോമായ അര്‍ബന്‍ കമ്പനിക്ക് ഇന്നുള്ളത്. ഇവര്‍ക്ക് സേവനം ലഭ്യമാക്കുന്നതിനായി 40,000 ഓളം പ്രൊഫഷണല്‍ തൊഴിലാളികളും. എട്ട് വര്‍ഷത്തിനുള്ളില്‍ ഇവര്‍ നേടിയ നേട്ടം ഇന്ത്യയിലെ യൂണികോണ്‍ കമ്പനികളുടെ പട്ടികയില്‍ ഒരിടവും നല്‍കി.

വരുണ്‍ ഖൈത്താന്‍, അഭിരാജ് ഭാല്‍, രാഘവ് ചന്ദ്ര എന്നിവരാണ് മുമ്പ് അര്‍ബന്‍ ക്ലാപ്പ് എന്നറിയപ്പെട്ടിരുന്ന അര്‍ബന്‍ കമ്പനിയുടെ സഹസ്ഥാപകര്‍. കാണ്‍പൂര്‍ ഐഐടിയിലെ സഹപാഠികളായിരുന്ന അഭിരാജും വരുണും സിനിമാബോക്‌സ് എന്ന പേരില്‍ സ്റ്റാര്‍ട്ട്അപ്പിന് തുടക്കമിട്ടെങ്കിലും ആറ് മാസത്തോടെ അടച്ചുപൂട്ടേണ്ടി വന്നു. ഇതിനിടെയാണ് രാഘവ് ചന്ദ്രയെ കാണുന്നതും ഒരു സംഭാഷണത്തിനിടയില്‍ ഓണ്‍ലൈന്‍ ഹോം സര്‍വീസ് പ്ലാറ്റ്‌ഫോം എന്ന ആശയം ഉടലെടുക്കുന്നതും. പിന്നീട് 2014 നവംബറില്‍ അര്‍ബന്‍ ക്ലാപ്പ് എന്ന പേരില്‍ ആരംഭിച്ച സ്റ്റാര്‍ട്ട്അപ്പിനോട് താല്‍പ്പര്യം പ്രകടിപ്പിച്ച് കൂടുതല്‍ നിക്ഷേപകരുമെത്തി. കഴിഞ്ഞ ജുലൈയില്‍ മാത്രം 255 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി നേടിയത്. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 2.1 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. കൂടാതെ, ഇന്ത്യയിലെ 100 ഓളം നഗരങ്ങളിലേക്ക് സേവനം വ്യാപിക്കാനുള്ള പദ്ധതികളുടെ അണിയറയില്‍ നടക്കുന്നുണ്ട്.
അതേസമയം, അടുത്ത 12-24 മാസങ്ങള്‍ക്കകം അര്‍ബന്‍ കമ്പനി ഓഹരി വിപണിയിലേക്ക് എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കമ്പനി എട്ട് വര്‍ഷം തികച്ചാല്‍ ഓഹരി വിപണിയിലേക്ക് എത്തുമെന്ന് അര്‍ബന്‍ കമ്പനിയുടെ സഹസ്ഥാപകനും ഡയറക്ടറുമായ അഭിരാജ് ഭാല്‍ പറഞ്ഞതായി ഇക്കണോമിക് ടൈസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച്, അര്‍ബന്‍ കമ്പനിയുടെ കീഴില്‍ 40,000 പ്രൊഫഷണല്‍ വര്‍ക്കര്‍മാരാണുള്ളത്. ഇതില്‍, 35000 പേരും ഇന്ത്യയിലാണ്. മൂന്നിലൊരു വിഭാഗം വരുന്ന സ്ത്രീകളും ബ്യൂട്ടീഷ്യന്‍മാരായും മസാജ് തെറാപ്പിസ്റ്റുകളായും ജോലി ചെയ്യുന്നുണ്ട്. കൂടാതെ, 2000 പേരെ പുതുതായി നിയമിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it