

ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് (Department of Justice) ചുമത്തിയിരുന്ന എല്ലാ ക്രിമിനൽ കുറ്റങ്ങളും പിൻവലിച്ചു. ന്യൂയോർക്കിലെ സെക്യൂരിറ്റീസ് ആൻഡ് വയർ ഫ്രോഡ് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിക്കാൻ സാധിക്കില്ലെന്ന് പ്രോസിക്യൂട്ടർമാർ നിഗമനത്തിലെത്തിയതിനെ തുടർന്നാണ് കേസ് അവസാനിപ്പിച്ചത്.
ഈ വാർത്ത പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ചൊവ്വാഴ്ച രാവിലെ വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ മൂന്ന് ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തി. എൻഎസ്ഇയിൽ (NSE) അദാനി ഗ്രീൻ എനർജി 3 ശതമാനം ഉയർന്ന് 1,410.10 രൂപയിലെത്തി. അദാനി എന്റർപ്രൈസസ് 2.26 ശതമാനം ഉയർന്ന് 2,750.60 രൂപയിലെത്തിയപ്പോൾ അദാനി ടോട്ടൽ ഗ്യാസ് 2.06 ശതമാനവും നേട്ടമുണ്ടാക്കി. അദാനി പവർ (0.27%), അദാനി പോർട്സ് (0.26%) എന്നീ ഓഹരികളും നേരിയ മുന്നേറ്റം നടത്തി.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ യുഎസ് നിയന്ത്രണ-നിയമ നടപടികൾ ഇതോടെ അവസാനിച്ചിരിക്കുകയാണ്. സോളാർ പദ്ധതികളുമായി ബന്ധപ്പെട്ട സിവിൽ കേസുകളിൽ കുറ്റങ്ങൾ സമ്മതിക്കാതെ തന്നെ ഗൗതം അദാനി 6 മില്യൺ ഡോളറും സാഗർ അദാനി 12 മില്യൺ ഡോളറും ഒത്തുതീർപ്പ് തുകയായി നൽകാൻ നേരത്തെ സമ്മതിച്ചിരുന്നു. കൂടാതെ, ഇറാനുമായുള്ള എൽപിജി ഇറക്കുമതിയുമായി ബന്ധപ്പെട്ട യുഎസ് ഉപരോധ ലംഘന ആരോപണങ്ങൾ അദാനി ഗ്രൂപ്പ് 275 മില്യൺ ഡോളർ നൽകി ഒത്തുതീർപ്പാക്കിയിരുന്നു. ഈ പ്രധാന നിയമ നടപടികളെല്ലാം പൂർത്തിയായത് ഗ്രൂപ്പിന്റെ ഭാവി മുന്നേറ്റത്തിന് കരുത്തുപകരുമെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ.
Read DhanamOnline in English
Subscribe to Dhanam Magazine