റിസൽട്ടുകളിൽ ആവേശമില്ല; വിദേശ സൂചനകൾ നെഗറ്റീവ്; ഡോളർ ഉയർന്നു തന്നെ; യുഎസ് പലിശ കുറച്ചില്ല

ക്രൂഡ് ഓയിലും സ്വര്‍ണവും താഴുന്നു; ക്രിപ്റ്റോകൾ കയറി; അദാനി ഉള്‍പ്പടെ പ്രമുഖ കമ്പനികളുടെ റിസല്‍ട്ടുകള്‍ ഇന്ന്
TCM, Morning Business News
Published on

ബജറ്റ് അടുക്കും തോറും വിപണിയിൽ അനിശ്ചിതത്വം കൂടുകയാണ്, ചാഞ്ചാട്ടവും. ഇന്നു ജനുവരി എഫ് ആൻഡ് ഒ കോൺട്രാക്ടുകളുടെ കാലാവധി ആകുന്നതും വിപണിയെ ഉലയ്ക്കാം. അമേരിക്കൻ കേന്ദ്രബാങ്ക് ആയ ഫെഡ് പലിശ നിരക്കിൽ മാറ്റം വരുത്താത്തത് വിപണി പ്രതീക്ഷിച്ചതു തന്നെയാണ്.

കമ്പനി റിസൽട്ടുകൾ നിരാശാജനകമായ വളർച്ചയേ കാണിക്കുന്നുള്ളൂ. വിദേശികൾ വിൽപന തുടരുകയും ചെയ്യുന്നു. ഡോളർ സൂചിക ഉയർന്നു തുടരുന്നതു രൂപയെ ദുർബലമാക്കുന്നു. ക്രൂഡ് ഓയിൽ വില സാവധാനമാണെങ്കിലും താഴുന്നുണ്ട്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,113.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,153 ലേക്ക് കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ ബുധനാഴ്ച നല്ല നേട്ടത്തിൽ അവസാനിച്ചു. ഡയംലർ ട്രക്ക്സും വോൾവോയും പ്രതീക്ഷയേക്കാൾ മെച്ചമായ റിസൽട്ട് പ്രസിദ്ധീകരിച്ചു. ഡച്ച് ചിപ് നിർമാണ കമ്പനിയുടെ ബിസിനസും മികച്ച വളർച്ച കാണിച്ചു.

ഫെഡിൻ്റെ പണനയ കമ്മിറ്റി യോഗം തുടങ്ങി. തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും. ഇത്തവണ നിരക്ക് കുറയ്ക്കുകയില്ലെന്ന പൊതുനിഗമനം സാവധാനം മാറുന്നുണ്ട്. പ്രസിഡൻ്റ് ട്രംപിൻ്റെ സമ്മർദതന്ത്രങ്ങൾ ഫലിക്കും എന്നു ചിലരെങ്കിലും കരുതുന്നു. ആഡംബരവസ്തുക്കൾ വിൽക്കുന്ന എൽവിഎംഎച്ചും കൊറിംഗും താഴ്ചയിലായി.

പലിശനിരക്കിൽ മാറ്റം വരുത്താതെ യുഎസ് ഫെഡറൽ റിസർവ് (ഫെഡ്) ഇന്നലെ പണനയ അവലോകനം നടത്തിയത് വിപണിയിൽ കാര്യമായ ചലനം ഉണ്ടാക്കിയില്ല വിപണി പ്രതീക്ഷിച്ചിരുന്നത് അതാണ്. മറ്റു കാര്യങ്ങൾ ഭദ്രമായെങ്കിലും വിലക്കയറ്റം ഉയർന്നു നിൽക്കുകയാണെന്നു ഫെഡ് വിലയിരുത്തി പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ സമ്മർദത്തിനു വഴങ്ങാതിരുന്നതു വഴി ഫെഡ് ചെയർമാൻ ജെറോം പവൽ ഫെഡിൻ്റെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചു. ട്രംപിന് അതു തീരെ ഇഷ്ടമായില്ല. ഫെഡ് ആണ് വിലക്കയറ്റത്തിനു കാരണക്കാർ എന്നു ട്രംപ് കുറ്റപ്പെടുത്തി.

ചൈനയിലേക്ക് എൻവിഡിയ ചിപ്പുകളും ജിപിയുകളും കയറ്റുമതി ചെയ്യുന്നതിനു നിയന്ത്രണം കൊണ്ടു വരും എന്നു ട്രംപ് ഭരണകൂടം സൂചിപ്പിച്ചത് എൻവിഡിയ ഓഹരിയെ നാലു ശതമാനം താഴ്ത്തി. ഈയാഴ്ച ഓഹരിയുടെ നഷ്ടം 13 ശതമാനമായി.

ക്ലൗഡ് ബിസിനസിൽ നഷ്ടം കൂടിയതും അടുത്ത പാദം മോശമാകുമെന്ന മുന്നറിയിപ്പും മെെക്രോസോഫ്റ്റ് ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി.

പ്രതീക്ഷയേക്കാൾ മികച്ച നാലാം പാദ ലാഭം ഐബിഎം ഓഹരി പത്തു ശതമാനം ഉയരാൻ കാരണമായി.

ടെസ്‌ല റിസൽട്ട് മോശമായെങ്കിലും ഓഹരി നാലു ശതമാനം ഉയർന്നു. വാഹന വിൽപനയിലെ വരുമാനം എട്ടു ശതമാനം താഴ്ന്നു.

മെറ്റ പ്ലാറ്റ് ഫോസ് വിറ്റുവരവ് 21 ഉം ലാഭം 49 ഉം ശതമാനം കുതിച്ച് നിഗമനങ്ങളെ മറികടന്നു. ഓഹരി ഉയർന്നു.

ബുധനാഴ്ച ഡൗ ജോൺസ് സൂചിക 136.83 പോയിൻ്റ് (0.31%) താഴ്ന്ന് 44,713.52 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 28.39 പോയിൻ്റ് (0.47%) നഷ്ടത്തോടെ 6039.31 ലും നാസ്ഡാക് സൂചിക 101.26 പോയിൻ്റ് (0.51%) താഴ്ന്ന് 19,632.32 ലും ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ ജോൺസ് 0.25 ഉം എസ് ആൻഡ് പി 0.37 ഉം നാസ്ഡാക് 0.60 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.541 ശതമാനത്തിലേക്കു കയറി. പലിശ ഉടനേ കുറയില്ല എന്ന നിഗമനത്തിലാണു ഫെഡ് തീരുമാനത്തിനു ശേഷം വിപണി

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലായി. ജപ്പാനിൽ നിക്കൈ ആദ്യം ഉയർന്നിട്ടു താഴ്ചയിലായി. ഓസ്ട്രേലിയൻ വിപണി 0.40 ശതമാനം നേട്ടത്തിലാണ്.

ആശ്വാസ റാലി തുടര്‍ന്ന് ഇന്ത്യന്‍ വിപണി

ഇന്ത്യൻ വിപണിയിലെ അനിശ്ചിതത്വങ്ങൾ മാറ്റമില്ലാതെ നിൽക്കുകയാണെങ്കിലും ഇന്നലെ വിപണി കയറ്റം തുടർന്നു. എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും ഉയർന്നു. റിയൽറ്റി, ഐടി, മീഡിയ, മെറ്റൽ, ഫാർമ, വാഹന, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകൾ മികച്ച മുന്നേറ്റം നടത്തി.

ഇന്നലെ മുഖ്യസൂചികകൾ0.90 ശതമാനം വരെ ഉയർന്നപ്പോൾ മിഡ് ക്യാപ് സൂചിക 2.3 ശതമാനവും സ്മോൾ ക്യാപ് സൂചിക 3.3 ശതമാനവും കുതിച്ചു.

ബുധനാഴ്ച നിഫ്റ്റി 205.85 പോയിൻ്റ് (0.90%) ഉയർന്ന് 23,163.10 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 631.55 പോയിൻ്റ് (0.83%) നേട്ടത്തോടെ 76,532.96 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 299.10 പോയിൻ്റ് (0.61%) കയറി 49,165.95 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.31 ശതമാനം (1189.40 പോയിൻ്റ്) ഉയർന്ന് 52,718.85 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 3.32 ശതമാനം (532.05 പോയിൻ്റ്) കുതിച്ച് 16,540.55 ൽ ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 2586.43 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 1792.71 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. വിദേശികൾ ഈ മാസം ഇതു വരെ 81,602.72 കോടിയുടെ ഓഹരികൾ വിറ്റിട്ടുണ്ട്.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ദിവസങ്ങൾക്കു ശേഷം കയറ്റത്തിന് അനുകൂലമായി തിരിഞ്ഞു. ബിഎസ്ഇയിൽ 2692 ഓഹരികൾ ഉയർന്നപ്പോൾ 1032 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2311 എണ്ണം ഉയർന്നു, താഴ്ന്നത് 528 എണ്ണം.

വിപണി രണ്ടു ദിവസം നല്ല കയറ്റം നടത്തിയെങ്കിലും ദൗർബല്യം മാറിയിട്ടില്ല. നിഫ്റ്റിക്ക് ഇന്ന് 23,030 ലും 22,970 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,190 ഉം 23,240 ഉം തടസങ്ങൾ ആകാം.

റിസൽട്ടുകൾ

അദാനി എൻ്റർപ്രൈസസ്, അഭാവി പോർട്സ്, എൽ ആൻഡ് ടി, ബജാജ് ഫിൻസെർവ്, ഗെയിൽ, പിബി ഫിൻടെക്, ബെൽ, ബയോകോൺ, ഡാബർ, ജിൻഡൽ സ്റ്റീൽ, കല്യാൺ ജുവലേഴ്‌സ്‌, ഡോ.ലാൽ പാഥ്ലാബ്സ്, നവീൻ ഫ്ലോറിൻ, പ്രസ്റ്റീജ് എസ്റ്റേറ്റ്സ് തുടങ്ങിയവ ഇന്നു മൂന്നാം പാദ റിസൽട്ട് പുറത്തിറക്കും.

ടാറ്റാ മോട്ടോഴ്സ് വരുമാനം 2.7 ശതമാനം മാത്രം കൂടിയപ്പോൾ പ്രവർത്തനലാഭം 15 ശതമാനവും അറ്റാദായം 22.4 ശതമാനവും താഴ്ന്നു. ലാഭമാർജിൻ 13.9 ൽ നിന്ന് 11.5 ശതമാനമായി.

ബജാജ് ഫിനാൻസ് പലിശ വരുമാനം 23 ശതമാനം കൂടിയപ്പോൾ ലാഭം 18 ശതമാനം മാത്രം വർധിച്ചു.

വരുമാനം 4.4 ശതമാനം കുറഞ്ഞപ്പോൾ ജെകെ പേപ്പർ അറ്റാദായം 73 ശതമാനം ഇടിഞ്ഞു.

വരുമാനം 24.7 ശതമാനം വർധിച്ചപ്പോൾ ബ്രിഗേഡ് എൻ്റർപ്രൈസസ് അറ്റാദായം 222 ശതമാനം കുതിച്ചു.

ക്വെസ് കോർപറേഷൻ്റെ വരുമാനം 14 ശതമാനവും ലാഭം 34 ശതമാനവും വർധിച്ചു.

റെയ്മണ്ട് മൂന്നാം പാദ വരുമാനം 40.6 ഉം ലാഭം 74.8ഉം ശതമാനം വർധിപ്പിച്ചു.

സ്വർണം താഴോട്ട്

പലിശനിരക്ക് മാറ്റാത്ത ഫെഡ് തീരുമാനം സ്വർണത്തെ അൽപം താഴ്ത്തി. ബുധനാഴ്ച സ്വർണം ഔൺസിന് 5.20 ഡോളർ താഴ്ന്ന് 2758.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2760 ഡോളറിലേക്കു കയറി.

കേരളത്തിൽ ബുധനാഴ്ച സ്വർണവില പവന് 680 രൂപ വർധിച്ച് 60,760 രൂപ എന്ന റെക്കോർഡ് കുറിച്ചു.

വെള്ളിവില ഔൺസിന് 30.83 ഡോളറിലേക്കു കയറി.

രൂപ താഴ്ചയിൽ

ഡോളർ സൂചിക ഉയർന്നു നിൽക്കുന്നു. ഫെഡ് പല ശ കുറയ്ക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച പ്രസിഡൻ്റ് ട്രംപ് ഇനി എന്തു ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഡോളറിൻ്റെ തുടർനീക്കം. ഇന്നലെ ഡോളർ സൂചിക 108.00 ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 107.89 വരെ താഴ്ന്നു.

രൂപ ഇന്നലെയും ദുർബലമായി. ഡോളർ രണ്ടു പൈസ കയറി 86.54 രൂപയിൽ അവസാനിച്ചു. വിപണിയിലെ വലിയ ചാഞ്ചാട്ടത്തിനു റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നടപടികൾ ശമനം വരുത്തി.

ക്രൂഡ് ഓയിൽ വീണ്ടും താഴ്ന്നു

ക്രൂഡ് ഓയിൽ വില ഇന്നലെ ഒരു ശതമാനത്തിലധികം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 76.58 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 76.71 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 72.82 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 78.48 ഡോളറിലും നിൽക്കുന്നു.

ക്രിപ്റ്റോകൾ കയറി

ക്രിപ്റ്റോ കറൻസികൾ ഇന്നലെ അൽപം ഉയർന്നു. ബിറ്റ് കോയിൻ 1,04,100 ഡോളറിന് അടുത്തായി. ഈഥർ വില 3130 ഡോളറിലേക്കു നീങ്ങി.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിലായി. ചെമ്പ് 0.93 ശതമാനം കയറി ടണ്ണിന് 8943.80 ഡോളറിലെത്തി. അലൂമിനിയം 1.55 ശതമാനം ഉയർന്ന് 2619.65 ഡോളർ ആയി. ടിൻ 0.49 ഉം ലെഡ് 0.03 ഉം ശതമാനം ഉയർന്നു. സിങ്ക് 0.52 ഉം നിക്കൽ 0.07 ഉം ശതമാനം താഴ്ന്നു.

വിപണി സൂചനകൾ

(2024 ജനുവരി 29, ബുധൻ)

സെൻസെക്സ് 30 76,532.96 +0.83%

നിഫ്റ്റി50 23,163.10 +0.90%

ബാങ്ക് നിഫ്റ്റി 49,165.95 +0.61%

മിഡ് ക്യാപ് 100 52,718.85 +2.31%

സ്മോൾ ക്യാപ് 100 16,540.55 +3.32%

ഡൗ ജോൺസ് 44,713.52 -0.31%

എസ് ആൻഡ് പി 6039.31 -0.47%

നാസ്ഡാക് 19,632.32 -0.51%

ഡോളർ($) ₹86.54 +₹0.02

ഡോളർ സൂചിക 108.00 +0.13

സ്വർണം (ഔൺസ്) $2758.80 -$05.20

സ്വർണം(പവൻ) ₹60,760 +₹680.00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $76.94 -$00.55

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com