

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു. ഇതോടെ പലിശ നിരക്ക് 4.25-4.50 ശതമാനത്തില്‍ നിന്ന് 4.00-4.25 ശതമാനമായി.
ഈ വര്‍ഷം രണ്ട് തവണ കൂടി കാല്‍ ശതമാനം വീതം പലിശ കുറയ്ക്കുമെന്ന സൂചനയും ഫെഡ് നല്‍കിയിട്ടുണ്ട്. 2026ല്‍ ഒരു തവണയും പലിശ കുറയ്ക്കുമെന്നാണ് അറിയുന്നത്. യു.എസിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതാണ് ഫെഡ് റിസര്‍വിനെ നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. പലിശ നിരക്ക് ഒരു ശതമാനം വെട്ടിക്കുറയ്ക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും പണപ്പെരുപ്പം ഉയര്‍ന്ന തോതില്‍ തുടര്‍ന്നതാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഇതു വരെ ഫെഡ് റിസര്‍വ് തയാറാകാതിരുന്നത്.
പലിശ പ്രഖ്യാപനം വന്നതിനു പിന്നാലെ ഇന്ത്യന്‍ വിപണിയും മറ്റ് ഏഷ്യന്‍ വിപണികളും ഉയര്‍ന്നിട്ടുണ്ട്. ആഗോള മൂലധന വിപണിക്ക് പലിശ നിരക്ക് കുറച്ചത് ഗുണകരമാകുമെന്ന പ്രതീക്ഷകളാണ് വിപണികളെ ഉയര്‍ത്തിയത്. രൂപ കരുത്താര്‍ജിക്കാന്‍ പലിശ കുറവ് സഹായിക്കും.
നിരക്ക് കുറഞ്ഞത് വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമോ എന്നതാണ് ഇപ്പോള്‍ വിപണി ഉറ്റു നോക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കനത്ത വില്‍പ്പന നടത്തിയ വിദേശികള്‍ ഇന്ത്യന്‍ വിപണിയിലേക്ക് പണമൊഴുക്ക് നടത്താന്‍ ഇനി തയാറായേക്കുമെന്നാണ് പ്രാഥമിക നിരീക്ഷണങ്ങള്‍. കാരണം പലിശ നിരക്ക് കുറച്ചത് യു.എസിലെ സേവിംഗ്‌സ് ഡെപ്പോസിറ്റ്, എഫ്.ഡി എന്നിവയുടെ പലിശ താഴാനിടയാക്കും. ഇത് ബാങ്ക് നിക്ഷേപങ്ങളുടെ തിളക്കം കുറയ്ക്കും. ഇതിനൊപ്പം കടപ്പത്രങ്ങളും അനാകര്‍ഷകമാകും. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര വിപണികളിലേക്ക് നിക്ഷേപം വരാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
ഈ വര്‍ഷം ഇതു വരെ 2.21 ലക്ഷം കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ് വിദേശ നിക്ഷേപകര്‍ നടത്തിയത്. അതേസമയം, ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, തായ്‌വാന്‍ എന്നീ വിപണികളില്‍ നിക്ഷേപം കൂട്ടുകയും ചെയ്തിരുന്നു. ഇന്നലെ ഒറ്റ ദിവസം മാത്രം 1,125 കോടി രൂപയുടെ ഓഹരികള്‍ ഇന്ത്യയില്‍ വിറ്റു.
പലിശ നിരക്കിലെ കുറവു കൊണ്ടു മാത്രം വിദേശികള്‍ തിരിച്ചെത്തുമോ എന്നതാണ് ആശങ്ക. ചൈന പോലുള്ള രാജ്യങ്ങളുമായി നോക്കുമ്പോള്‍ ഇന്ത്യന്‍ വിപണി ഇപ്പോഴും ചെലവേറിയതായാണ് നില്‍ക്കുന്നത്. മാത്രമല്ല കമ്പനികളുടെ ലാഭ വളര്‍ച്ചയും ഒറ്റയക്കത്തിലാണ്. ഇത് വിദേശികളെ പിന്തിരിപ്പിക്കും. പകരം സ്വര്‍ണം പോലുള്ള നിക്ഷേപങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. പലിശ നിരക്ക് കുറയുന്നത് സ്വര്‍ണത്തിന്റെ നേട്ടം ഇനിയും ഉയര്‍ത്തും.
അതേസമയം, ഇന്ത്യയുടെ വളര്‍ച്ച അവഗണിക്കാന്‍ വിദേശികള്‍ക്ക് കഴിയില്ലെന്നും അഭിപ്രായങ്ങളുണ്ട്. ഇന്ത്യയുടെ 6.5 ശതമാനം ജി.ഡി.പി വളര്‍ച്ചയുമായി നോക്കുമ്പോള്‍ അധികകാലം വിദേശികള്‍ക്ക് ഈ വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കാനായേക്കില്ല. യുഎസില്‍ 3.3 ശതമാനവും ചൈനയില്‍ 4 ശതമാനവും മാത്രമാണ് ജി.ഡി.പി വളര്‍ച്ച. നിലവിലെ താരിഫ് അനിശ്ചിതത്വം നീങ്ങുകയും വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്താല്‍, ഒഴുക്ക് തിരിച്ചുവരുമെന്ന് പ്രത്യാശിക്കുന്നവരുമുണ്ട്.
Will the US Fed rate cut prompt foreign investors to return to the Indian market?
Read DhanamOnline in English
Subscribe to Dhanam Magazine