ഉർവശീ ശാപം ഉപകാരം! ഇത്തവണ യു.എസ് പലിശ നിരക്ക് വർധിപ്പിച്ചാൽ ഓഹരി വിപണിക്ക് നല്ല വാർത്തയാകും; എന്തുകൊണ്ട്?

യു.എസ് ഫെഡിന്റെ പലിശനിരക്ക് വർധന സാധാരണയായി ഓഹരി വിപണിക്ക് തിരിച്ചടിയാണെങ്കിലും, നയപരമായ വ്യക്തതയും എ.ഐ മേഖലയിലെ വളർച്ചയും ഇത്തവണ വിപണിക്ക് പിന്തുണയാകാമെന്ന വിലയിരുത്തലാണ് ഉയരുന്നത്
US Fed Rate Hike Impacts on stock market analysis
പ്രതീകാത്മക ചിത്രംImage Source: Canva
Published on

കഴിഞ്ഞ വ്യാപാര ആഴ്ചയിൽ (സെപ്റ്റംബർ 7-11) യു.എസ് ഓഹരി വിപണികളിൽ വലിയ ഇടിവാണ് നേരിട്ടത്. അമേരിക്കയിലെ ഏറ്റവും വലിയ 500 ലിസ്റ്റഡ് കമ്പനികൾ ഉൾപ്പെടുന്ന പ്രധാന ഓഹരി സൂചികയായ എസ് ആൻഡ് പി-500 (S&P 500) 0.7 ശതമാവവും ടെക് കമ്പനികൾക്ക് മുൻതൂക്കമുള്ള ഓഹരി സൂചികയായ നാസ്ഡാക് (Nasdaq) 0.5 ശതമാനവും യു.എസിലെ ഏറ്റവും വലിയ 30 കമ്പനികളുടെ ഓഹരി സൂചികയായ ഡൗ ജോൺസ് (Dow Jones) 1.4 ശതമാനം വീതവും താഴേക്ക് പതിച്ചു.

യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് (Federal Reserve) വരുന്ന യോ​ഗത്തിൽ അടിസ്ഥാന പലിശ നിരക്കുകൾ ഉയർത്തിയേക്കുമെന്ന (Rate Hike) സൂചനകളാണ് ഓഹരി വിപണികളെ സ്വാധീനിച്ചത്. എന്നാൽ, വിപണിയിൽ ഉയരുന്ന ഈ വിൽപ്പന സമ്മർദ്ദത്തിനിടയിലും കൗതുകകരമായ മറ്റൊരു സാധ്യത തെളിഞ്ഞുവരുന്നുണ്ട്. പലിശ നിരക്ക് വർധനവ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നതോടെ ഓഹരി വിപണി താഴേക്ക് പോകുന്നതിന് പകരം ശക്തമായി തിരിച്ചുകയറാൻ സാധ്യതയുണ്ടെന്നാണ് ഒരുവിഭാ​ഗം അനലി​സ്റ്റുകൾ സൂചിപ്പിച്ചത്. അത് എന്തുകൊണ്ടെന്ന് നോക്കാം.

മാറിമാറിയുന്ന പ്രതീക്ഷകൾ

ഏതാനും ദിവസങ്ങൾക്കുള്ളിൽ നിക്ഷേപകരുടെ പ്രതീക്ഷകൾ വലിയ തോതിൽ മാറിമറിഞ്ഞു. സി.എം.ഇ ഫെഡ്‌വാച്ച് (CME FedWatch) ടൂൾ പ്രകാരം, ഫെഡ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത മുൻ ആഴ്ചയിലെ 59 ശതമാനത്തിൽ നിന്ന് 87 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. പണപ്പെരുപ്പ നിരക്ക് ഫെഡിന്റെ ലക്ഷ്യമായ 2 ശതമാനം നിലവാരത്തിന് മുകളിൽ തുടരുന്നതും, ക്രൂഡ് ഓയിൽ വിലയിൽ നേരിട്ട 9 ശതമാനം വർധനയും ശക്തമായ തൊഴിൽ കണക്കുകളും പലിശ നിരക്ക് കൂട്ടാൻ ഫെഡിന് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് പൊതുവായ വിലയിരുത്തൽ.

ബോണ്ട് വിപണിയിലെ ചലനങ്ങൾ

പലിശ വർധനവിന്റെ സൂചനകൾ ബോണ്ട് വിപണിയെ നേരത്തെ തന്നെ സ്വാധീനിച്ചു:

  • 10-വർഷ കാലാവധിയുള്ള ബോണ്ട് യീൽഡ്: ജൂൺ അവസാനത്തിലെ 4.4 ശതമാനത്തിൽ നിന്ന് നിലവിൽ 5 ശതമാനത്തിന് അടുത്തേക്ക് ഉയർന്നുവന്നു.

  • 30-വർഷ യീൽഡ്: കഴിഞ്ഞ വ്യാഴാഴ്ച 5.36 ശതമാനം എന്ന നിരക്കിലെത്തി — ഇത് 2004 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

ബോണ്ട് യീൽഡുകൾ ഉയർന്നിട്ടും, സാമ്പത്തിക വിദഗ്ധർ കമ്പനികളുടെ വരുമാന കണക്കുകൾ തുടർച്ചയായി ഉയർത്തി നിശ്ചയിച്ചതോടെ ഓഹരി വിപണി വലിയ തകർച്ചയില്ലാതെ പിടിച്ചുനിന്നു.

വിപണിക്ക് കരുത്താകുന്ന എ.ഐ തരംഗം

മാക്രോ ഇക്കണോമിക് അപകടസാധ്യതകളെ പ്രതിരോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലുള്ള വൻ കുതിപ്പിന് സാധിക്കുന്നുണ്ട് എന്നാണ് യു.എസിലെ ഒരുവിഭാ​ഗം അനലിസ്റ്റുകളുടെ വിലയിരുത്തൽ. 1990-കളുടെ അവസാനത്തിൽ ഡോട്ട്-കോം (dot-com) തരംഗം ഉണ്ടായപ്പോൾ ബോണ്ട് യീൽഡുകളും ഫെഡ് പലിശ നിരക്കുകളും ഉയർന്നിട്ടും നാസ്ഡാക് സൂചിക മുന്നേറിയതിന് സമാനമായ സാഹചര്യമാണിത്. വിപണിയിൽ താൽക്കാലിക ഇടിവുണ്ടായാലും നിക്ഷേപകർ വീണ്ടും സജീവമായി വാങ്ങലുകൾ നടത്താൻ സാധ്യതയുണ്ടെന്ന് ചില അനലിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു.

ബോണ്ട് വിപണിക്ക് ആശ്വാസമാകുന്ന ഫെഡ് തീരുമാനം

പലിശ നിരക്ക് വർധിപ്പിക്കുന്ന ഫെഡ് റിസർവ് നടപടി അമേരിക്കൻ കടപ്പത്ര വിപണിയെ (Bond market) ശാന്തമാക്കുമെന്നതിന് മറ്റൊരു പ്രധാന കാരണവുമുണ്ട്:

  • ഫെഡിന്റെ വിശ്വാസ്യത: പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുമെന്ന ഫെഡ് ചെയർമാൻ കെവിൻ വാർഷിന്റെ ഉറപ്പ് പാലിക്കപ്പെടാൻ പലിശ നിരക്ക് വർധനവ് അത്യാവശ്യമാണ്.

  • അനിശ്ചിതത്വം ഒഴിവാകൽ: ഈ ഘട്ടത്തിൽ പലിശ നിരക്ക് കൂട്ടാതിരുന്നാൽ, ഫെഡ് പണപ്പെരുപ്പത്തിനെതിരെ ശക്തമായ നടപടി എടുക്കുന്നില്ലെന്ന ഭയം നിക്ഷേപകരിൽ വളരുകയും അത് ബോണ്ട് വിപണിയെ കൂടുതൽ അസ്ഥിരപ്പെടുത്തുകയും ചെയ്യാനുള്ള സാ​ഹചര്യമൊരുങ്ങും.

പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിലും ഉയർന്നതായിരുന്നിട്ടും വെള്ളിയാഴ്ച എസ് ആൻഡ് പി-500 സൂചിക ഒരു ശതമാനം ഉയർന്നത്, ഫെഡ് അതിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന വിപണിയുടെ കണക്കുകൂട്ടൽ കൊണ്ടാണ്.

വിപണിയിലെ ബലതന്ത്രം: ഒറ്റനോട്ടത്തിൽ

നിർണായക വെല്ലുവിളി --------► കുതിച്ചുയരുന്ന പണപ്പെരുപ്പവും മുന്നേറുന്ന ബോണ്ട് യീൽഡും ഓഹരി വിപണിയിൽ കടുത്ത സമ്മർദ്ദം തുടരുന്നു.

പിന്തുണയ്ക്കുന്ന ഘടകങ്ങൾ --------► ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിലെ കുതിപ്പും കോർപ്പറേറ്റ് കമ്പനികളുടെ മികച്ച സാമ്പത്തിക ഫലങ്ങളും വിപണിക്ക് അടിത്തറയാകുന്നു.

ഫെഡ് നിലപാട് --------► യു.എസ് കേന്ദ്രബാങ്കിന്റെ നയപരമായ പ്രഖ്യാപനങ്ങളിലെ വ്യക്തത വിപണിയിലെ ആശങ്കയകറ്റി നിക്ഷേപകർക്ക് ആശ്വാസം പകരുന്നു.

നിക്ഷേപകർ മനസ്സിലാക്കേണ്ടത്

ഉയർന്ന പലിശ നിരക്കുകൾ സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കും എന്നതിനാൽ സാധാരണയായി കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് വർധിപ്പിക്കുന്ന നടപടി ഓഹരി വിപണിക്ക് തിരിച്ചടിയാണ്. എന്നാൽ അനിശ്ചിതത്വങ്ങളേക്കാൾ വ്യക്തതയ്ക്കാണ് ഓഹരി വിപണി എപ്പോഴും മുൻഗണന നൽകുന്നത്. പലിശ നിരക്ക് വർധനവോടെ യു.എസ് കേന്ദ്രബാങ്കിന്റെ നയപരമായ അനിശ്ചിതത്വം നീങ്ങുകയും, വിപണിയുടെ ശ്രദ്ധ വീണ്ടും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെക്ടറിലെ പുരോ​ഗതിയുമായി ബന്ധപ്പെട്ടും കോർപറേറ്റ് കമ്പനികളുടെ വരുമാന വളർച്ചയിലേക്കും തിരിയുകയും ചെയ്യുന്നത് ഓഹരികൾക്ക് കരുത്താകും എന്നാണ് ഒരുവിഭാ​ഗം അനലിസ്റ്റുകളുടെ വിലയിരുത്തൽ.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com