

ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ ഉണ്ടായ അനുകൂലമായ മാറ്റങ്ങളെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയിലെ പ്രമുഖ ജുവലറി ഓഹരികള്‍ക്ക് വന്‍ മുന്നേറ്റം. അമേരിക്കയും ഇറാനും തമ്മിലുള്ള 107 ദിവസം നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സമാധാനക്കരാറിന്റെ പ്രാഥമിക രൂപം പ്രഖ്യാപിച്ചതാണ് വിപണിയിലെ ഈ അപ്രതീക്ഷിത കുതിപ്പിന് കാരണമായത്. സമാധാന വാര്‍ത്ത പുറത്തുവന്നതോടെ ആഗോള വിപണിയില്‍ ഡോളര്‍ സൂചിക ദുര്‍ബലപ്പെടുകയും ഇത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് വന്‍ ഡിമാന്‍ഡ് ഉണ്ടാക്കുകയുമായിരുന്നു.
പ്രമുഖ കേരള കമ്പനിയായ കല്യാണ്‍ ജുവലേഴ്സ് ഇന്ത്യ (Kalyan Jewellers India) ആണ് നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇന്നത്തെ വ്യാപാരത്തിനിടയില്‍ കല്യാണ്‍ ജുവലേഴ്സിന്റെ ഓഹരി വില 11 ശതമാനത്തോളം ഉയര്‍ന്നു.
മറ്റൊരു പ്രമുഖ ബ്രാന്‍ഡായ സെന്‍കോ ഗോള്‍ഡ് (Senco Gold) മികച്ച മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍, ബിടുബി (B2B) ജുവലറി നിര്‍മ്മാതാക്കളായ സ്‌കൈ ഗോള്‍ഡ് (Sky Gold) ഓഹരികളും വിപണിയിലെ അനുകൂല തരംഗത്തില്‍ വന്‍ നേട്ടമുണ്ടാക്കി. ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റന്‍ കമ്പനി (Titan Company), പിസി ജ്വല്ലര്‍ (PC Jeweller), പിഎന്‍ ഗാഡ്ഗില്‍ ജുവലേഴ്സ് (PN Gadgil Jewellers) എന്നിവയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
കഴിഞ്ഞ മെയ് മാസത്തില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ജുവലറി ഓഹരികളില്‍ വന്‍ തിരുത്തല്‍ നേരിട്ടിരുന്നു. അതില്‍ നിന്നും നിക്ഷേപകര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ മുന്നേറ്റം.
മുത്തൂറ്റ്, മണപ്പുറം തുടങ്ങിയ സ്വര്‍ണ വായ്പാ സ്ഥാപനങ്ങളുടെ ഓഹരികളും ഇന്ന് തിളക്കത്തിലാണ്. മുത്തൂറ്റ് ഫിനാന്‍സ് 4.18 ശതമാനം വരെയും മണപ്പുറം ഫിനാന്‍സ് 4.10 ശതമാനം വരെയും ഉയര്‍ന്നു.
ഐഐഎഫ്എല്‍ ഫിനാന്‍സ് ഓഹരികളും രണ്ട് ശതമാനത്തിലധികം മുന്നേറി.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുമ്പോള്‍ സാധാരണയായി സ്വര്‍ണവില താഴുകയാണ് പതിവ്. എന്നാല്‍ ഇത്തവണ യുഎസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച യുഎസ്-ഇറാന്‍ സമാധാനക്കരാര്‍ വിപണിയില്‍ വിപരീത ഫലമാണ് ഉണ്ടാക്കിയത്. കരാറിന്റെ ഭാഗമായി തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്ക് (Strait of Hormuz) വീണ്ടും തുറന്നുകൊടുക്കുമെന്ന വാര്‍ത്ത വന്നതോടെ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 4 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 83.36 ഡോളറിലേക്ക് താഴ്ന്നു.
ക്രൂഡ് ഓയില്‍ വിലയിടിഞ്ഞതോടെ യുഎസ് ഡോളര്‍ സൂചിക 10 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ക്ക് ഡോളര്‍ ദുര്‍ബലമാകുന്നത് വഴി സ്വര്‍ണം വാങ്ങുന്നത് ലാഭകരമായി മാറുന്നു. ഇതാണ് ആഗോള തലത്തില്‍ സ്വര്‍ണത്തിന് പെട്ടെന്ന് ഡിമാന്‍ഡ് വര്‍ധിക്കാനും വില ഉയരാനും കാരണമായത്. സ്‌പോട്ട് ഗോള്‍ഡ് വില 2.5 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 4,323.29 ഡോളറിലെത്തി.
ആഗോള വിപണിയിലെ ട്രെന്‍ഡ് പിന്തുടര്‍ന്ന് ഇന്ത്യന്‍ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സ്വര്‍ണ-വെള്ളി ഫ്യൂച്ചറുകളില്‍ വലിയ കുതിപ്പുണ്ടായി. ആഗസ്റ്റ് ഡെലിവറിക്കായുള്ള സ്വര്‍ണ ഫ്യൂച്ചറുകള്‍ വലിയ തോതില്‍ വര്‍ധിച്ച് റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു. വെള്ളി ഫ്യൂച്ചറുകളിലും വലിയ മുന്നേറ്റമാണുണ്ടായത്.
ആഗോള സമാധാന അന്തരീക്ഷം രൂപപ്പെട്ടതോടെ ഇന്ത്യന്‍ രൂപയും കരുത്തുനേടി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 58 പൈസ വര്‍ധിച്ച് 84.60 എന്ന നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയിലെ ഈ മുന്നേറ്റം വരും ദിവസങ്ങളില്‍ കേരളത്തിലെ റീറ്റെയ്ല്‍ സ്വര്‍ണവിലയിലും കാര്യമായ പ്രതിഫലനം ഉണ്ടാക്കിയേക്കും.
Global dollar index weakness shifts investor focus to gold, driving massive gains for major Indian jewelry brands and Kerala-based gold loan NBFCs.
Read DhanamOnline in English
Subscribe to Dhanam Magazine