യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടിയുണ്ടായാൽ ഇന്ത്യക്ക് നേട്ടമോ? ഓഹരി വിപണി ശ്രദ്ധിക്കുന്ന ഘടകങ്ങൾ എന്തൊക്കെ?

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിയന്ത്രണം മാറുമോ എന്നതാണ് വിപണി ഉറ്റുനോക്കുന്നത്; ഇന്ത്യയുടെ കയറ്റുമതി, തീരുവ നയം, റഷ്യൻ എണ്ണ, പ്രതിരോധം, ഐടി, ഊർജ മേഖലകൾ എന്നിവയിൽ പ്രത്യാഘാതങ്ങളുണ്ടാകാം
US Election impact on Stock Market and India
പ്രതീകാത്മക ചിത്രംImage Source: Canva/social media
Published on: 

ആ​ഗോള ഓഹരി വിപണിയിലും സ്വാധീനം ചെലുത്താവുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് (US midterm elections) ഇന്ന് (നവംബർ 3) തുടക്കമാകും. ഉഭയകക്ഷി വ്യാപാരം, ഇറക്കുമതി തീരുവകൾ, രാജ്യാന്തര വിപണിയിൽ ഉരുത്തിരിയുന്ന പുതിയ സാഹചര്യം എന്നിവയെക്കുറിച്ചുള്ള സൂചനകൾക്കായി ഇന്ത്യൻ നിക്ഷേപകരും യു.എസ് തിരഞ്ഞെടുപ്പ് ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

തിര‌ഞ്ഞെടുപ്പിൽ നിലവിലെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിക്ക് യു.എസ് കോൺ​ഗ്രസിന്റെ ഏതെങ്കിലും ഒരു സഭയിൽ വിജയം നേടാനായാൽ, അത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണനയങ്ങൾക്ക് ഉടൻതന്നെ കൂച്ചുവിലങ്ങിട്ടേക്കുമെന്ന് കരുതാനാവില്ല. എങ്കിലും സർക്കാർ തീരുമാനങ്ങളിൽ അന്വേഷണം നടത്താനും, ചെലവുകൾ ക്രമീകരിക്കാനും, എതിരഭിപ്രായമുള്ള നിയമനിർമ്മാണ നടപടികൾ മന്ദഗതിയിലാക്കാനും ഒക്കെ സാധിച്ചേക്കും. ഇത് വിപണിയിൽ വലിയ തോതിലുള്ള വിൽപ്പന (selloff) ഉണ്ടാക്കിയേക്കില്ലെങ്കിലും ചില പ്രത്യേക മേഖലകളിൽ വൻ സ്വാധീനം ചെലുത്താമെന്ന് വിപണി വിദ​ഗ്ധർ സൂചിപ്പിച്ചു.

തിരഞ്ഞെടുപ്പ് ഫലം എന്തുകൊണ്ട് പ്രധാനം?

യു.എസിലെ ഭരണനിർവഹണം പ്രസിഡൻഷ്യൽ സമ്പ്രദായമാണ് പിന്തുടരുന്നത്. അതിനാൽ എക്‌സിക്യൂട്ടീവും കോൺഗ്രസും വെവ്വേറെയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡന്റിന്റെ നാല് വർഷത്തെ കാലാവധിയുടെ പാതിവഴയിലാണ് ഇടക്കാല തിരഞ്ഞെടുപ്പുകൾ (midterm elections) അരങ്ങേറുന്നത്. പ്രതിനിധി സഭയിലെ (House of Representatives) 435 സീറ്റുകളും, ഉപരിസഭയായ സെനറ്റിലെ 35 സീറ്റുകളും, 36 ഗവർണർ സ്ഥാനങ്ങലിലേക്കുമാണ് തിരഞ്ഞെടുപ്പ്.

നിലവിലെ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് രണ്ട് സഭകളിലും നേരിയ ഭൂരിപക്ഷമാണുള്ളത്. ഡെമോക്രാറ്റുകൾക്ക് പ്രതിനിധി സഭയിൽ 3 സീറ്റുകളും സെനറ്റിൽ 4 സീറ്റുകളും ലഭിച്ചാൽ ഇരുസഭകളിലും മേൽക്കൈ ലഭിക്കും. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ഒരു പ്രതിനിധി സഭയ്ക്ക് കമ്മറ്റികളുടെയും അന്വേഷണാധികാരങ്ങളുടെയും നിയന്ത്രണം ലഭിക്കും. കൂടാതെ ഡെമോക്രാറ്റുകൾക്ക് മുൻതൂക്കമുള്ള ഒരു സെനറ്റിന് ജുഡീഷ്യൽ നാമനിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള നിയമനങ്ങളിൽ സ്വാധീനം വർധിപ്പിക്കാനും കഴിയും.

എന്നിരുന്നാലും യു.എസ് പ്രസിഡന്റ് എന്ന നിലയിൽ ട്രംപിന് തന്റെ പദവിയിൽ തുടരാനും വിദേശകാര്യം, സൈനിക നടപടികൾ, കുടിയേറ്റ നിയമം, വ്യാപാര നയം എന്നിവയിലൊക്കെ തന്റെ ഭരണപരമായ അധികാരങ്ങൾ (എക്‌സിക്യൂട്ടീവ് അധികാരം) പൂർണമായി ഉപയോഗിക്കാനും കഴിയും. അതുപോലെ ഡെമോക്രാറ്റുകൾക്ക് ഏതെങ്കിലും സഭയിൽ ഭൂരിപക്ഷം ലഭിച്ചാലും, ട്രംപിന് പ്രസിഡന്റ് എന്ന നിലയിലുള്ള വീറ്റോ അധികാരം എതിരാളികളുടെ നീക്കങ്ങളെ തടയിടാൻ ഉപയോ​ഗപ്പെടുത്താനും. എന്നാൽ ഇവയെല്ലാം അനിശ്ചിതത്വം വർധിപ്പിക്കാവുന്ന ഘടകങ്ങളാണെന്നത് ഓർക്കുക.

തീരുവകളെ എങ്ങനെ സ്വാധീനിക്കും?

2026 ഫെബ്രുവരിയിലെ ട്രംപ് സർക്കാരിന്റെ തീരുമാനപ്രകാരം ഭൂരിഭാഗം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെയും മേൽ ചുമത്തിയിരുന്ന ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി യു.എസ് താഴ്ത്തിയിരുന്നു. പിന്നീട് വന്ന നിയമപരവും ഭരണനയപരവുമായ മാറ്റങ്ങൾ വീണ്ടും കാര്യങ്ങളെ അനിശ്ചിതത്വത്തിലാക്കി. അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചുകൊണ്ട് ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവകൾ യു.എസ് സുപ്രീം കോടതി റദ്ദാക്കുകയും, തുടർന്ന് 10 ശതമാനത്തിന്റെ അടിസ്ഥാന തീരുവ നടപ്പിലാക്കുകയും ചെയ്തു. വ്യാവസായിക ഉൽപ്പാദന ശേഷി അധികമാണെന്ന് ആരോപിച്ചുള്ള സെക്ഷൻ-301 അന്വേഷണം ഇപ്പോഴും നടന്നു വരികയാണ്.

ഈയൊരു പശ്ചാത്തലത്തിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ഒരു പ്രതിനിധി സഭയ്ക്ക്, യു.എസിലെ ഉപയോക്താക്കൾക്ക് തീരുവ മൂലം ഉണ്ടാകുന്ന ചെലവുകളെക്കുറിച്ച് ചർച്ചകൾ നടത്താനും ചില തീരുവകളിൽ മാറ്റങ്ങൾ വരുത്താൻ സമ്മർദ്ദം ചെലുത്താനും സാധിക്കും. ട്രംപിന് മറ്റ് നിയമപരമായ വഴികൾ ഉപയോഗിക്കാനും നയങ്ങൾ തിരുത്തുന്നതിനെതിരെ വീറ്റോ പ്രയോഗിക്കാനും കഴിയുമെന്നതിനാൽ, ഇന്ത്യൻ കയറ്റുമതിക്കാർ നേരിടുന്ന അനിശ്ചിതത്വത്തിനും പെട്ടെന്നുള്ള ആശ്വാസം പ്രതീക്ഷിക്കേണ്ടതില്ല.

2026 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ യു.എസിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി 4,279 കോടി ഡോളറിലെത്തി; മുൻവർഷം ഇത് 4,039 കോടി ഡോളർ ആയിരുന്നു. 2025-26 സാമ്പത്തിക വർഷത്തിലെ യു.എസുമായുള്ള വ്യാപാര മിച്ചം (trade surplus) ഏകദേശം 3,400 കോടി ഡോളറായിരുന്നു. നിലവിൽ മരുന്നുകളും സ്മാർട്ട്‌ഫോണുകളുമാണ് യു.എസിന്റെ അടിസ്ഥാന തീരുവയിൽ നിന്ന് ഇളവുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങൾ. തീരുവകളിൽ എന്തുമാറ്റം വന്നാലും അത് കയറ്റുമതിക്കാരെയും വിപണിയിലെ പൊതുവികാരത്തെയും ബാധിച്ചേക്കും എന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

റഷ്യൻ ക്രൂഡ് ഓയിലും ഉപരോധങ്ങളും

ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനെ യു.എസ് പലതവണ എതിർത്തിട്ടുണ്ട്. ഇതിനെതിരേ ഉയർന്ന തീരുവ ചുമത്തിയും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന ഭീഷണികളുമായി ട്രംപ് ഭരണകൂടം ഇടയ്ക്കിടയ്ക്ക് രം​ഗത്തെത്താറുണ്ട്. ഡെമോക്രാറ്റുകൾക്ക് മേൽക്കൈയുള്ള കോൺഗ്രസ്, റഷ്യൻ ഉപരോധങ്ങളെയും ഊർജ്ജ നയങ്ങളെയും കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചേക്കാം. ഇത് റഷ്യയുമായും യു.എസുമായുള്ള ബന്ധം സമതുലിതമായ രീതിയിൽ കൊണ്ടുപോകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കൂടുതൽ വെല്ലുവിളി ഉയർത്തിയേക്കാം. എന്നിരുന്നാലും, ഉപരോധങ്ങളും വിദേശനയങ്ങളും നിയന്ത്രിക്കുന്നത് ഭരണകൂടമായതിനാൽ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലുള്ള യു.എസ്. നിലപാടിൽ പെട്ടെന്ന് വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

ഇനി ശ്രദ്ധിക്കേണ്ട സെക്ടറുകൾ

പ്രതിരോധ മേഖലയിൽ ബജറ്റ് വെല്ലുവിളികളുണ്ടെങ്കിലും ലഭിക്കുന്ന പുതിയ കരാറുകൾ ഉയർന്ന തോതിൽ തുടരുന്നു. ആരോഗ്യമേഖലയിൽ മെഡികെയ്ഡ് (Medicaid) ഫണ്ടിംഗ് ഉറപ്പായാൽ ആശുപത്രികൾക്ക് നേട്ടമാകും. സെനറ്റിലെ ഡെമോക്രാറ്റ് നിയന്ത്രണം ക്രിപ്‌റ്റോകറൻസി മേഖലയിൽ അനിശ്ചിതത്വം വർധിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ കർശന നിരീക്ഷണം വന്നേക്കാമെങ്കിലും നിക്ഷേപങ്ങൾക്കുള്ള പ്രോത്സാഹനം തുടരും. ​ഗ്രീൻ എനർജി, ഭവനനിർമ്മാണം, ആശുപത്രികൾ, ഇൻഷുറൻസ് എന്നിവ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള പ്രധാന മേഖലകളാണ്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനികളേയും വിപണിയേയും കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```