ഉടനൊരു തിരിച്ചടി ഉണ്ടാകുമോ? യു.എസ് വിപണി എക്കാലത്തെയും ഉയർന്ന വാല്യുവേഷനിൽ; ഇന്ത്യൻ നിക്ഷേപകർ എന്തു ചെയ്യണം?

യു.എസിലെ S&P 500 സൂചികയുടെ CAPE റേഷ്യോ ചരിത്രപരമായി ഉയർന്ന വാല്യുവേഷനിൽ എത്തിയിരിക്കെ വിപണിയിൽ തിരിച്ചടി സംബന്ധിച്ച ആശങ്കകൾ നിഴലിക്കുന്നു
Stock Market Valuation Shiller PE Analysis
പ്രതീകാത്മക ചിത്രംImage Source: Canva
Published on

ചരിത്രത്തിന്റെ ആവർത്തനമോ അതോ വൻ തിരിച്ചടിയുടെ മുന്നോടിയോ? യു.എസ് ഓഹരി വിപണിയിൽ നിന്ന് വീണ്ടും ഗുരുതര മുന്നറിയിപ്പ്. ഒന്നര നൂറ്റാണ്ടിനിടയിലെ വിപണിയുടെ ചരിത്രത്തിൽ അപൂർവ്വമായി മാത്രം സംഭവിച്ചിട്ടുള്ള നിർണായക ഘട്ടത്തിലൂടെയാണ് വാൾസ്ട്രീറ്റ് ഇപ്പോൾ കടന്നുപോകുന്നത്. ഇതിന് മുമ്പ് ആറ് തവണ സമാന നിലവാരത്തിലേക്ക് ഈ വാല്യുവേഷൻ എത്തിയിട്ടുള്ളതിലെ അഞ്ച് തവണയും നിക്ഷേപകർക്ക് കനത്ത തിരിച്ചടി ഏറ്റിട്ടുണ്ട്.

നോബൽ സമ്മാന ജേതാവായ റോബർട്ട് ഷില്ലർ വികസിപ്പിച്ച 'സൈക്ലിക്കലി അഡ്ജസ്റ്റഡ് പ്രൈസ്-ടു-എർണിങ്സ്' റേഷ്യോ (CAPE Ratio) അഥവാ ഷില്ലർ പി.ഇ റേഷ്യോ, പണപ്പെരുപ്പം കൂടി പരിഗണിച്ചുള്ള 10 വർഷത്തെ ശരാശരി വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓഹരി വില കണക്കാക്കുന്നത്. കേപ് റേഷ്യോ അഥവാ ഷില്ലർ പി.ഇ റേഷ്യോ ഉയർന്നു നിൽക്കുന്നത് ഭാവിയിൽ വരുമാനം കുറയാനും ചാഞ്ചാട്ടം വർധിക്കാനുമുള്ള സാധ്യതയാണ് കാണക്കാക്കുന്നത്. വാൾസ്ട്രീറ്റിൽ നിന്നുള്ള ഈ മുന്നറിയിപ്പ്, ഇന്ത്യൻ നിക്ഷേപകരും ഗൗരവമായി കാണേണ്ടതുണ്ടോ? വിശദമായി നോക്കാം.

കേപ് റേഷ്യോ: നിലവിലെ സൂചനകൾ

യു.എസ് വിപണിയിലെ പ്രധാനപ്പെട്ട അടിസ്ഥാന ഓഹരി സൂചികകളിലൊന്നായ എസ്&പി 500 (S&P 500)-ന്റെ നിലവിലെ കേപ് റേഷ്യോ 40-ന് മുകളിലാണ്. 1881 മുതലുള്ള കണക്കുകൾ പ്രകാരം ഇതിന്റെ ദീർഘകാല ശരാശരി കേവലം 17.8 മാത്രമാണെന്നിരിക്കെയാണ് ഈ ഉയർന്ന നിലവാരം ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 1999-ലെ ഡോട്ട്-കോം ബബിളിന് (Dot-com bubble) ശേഷമുള്ള ഏറ്റവും കൂടിയ നിരക്കുമാണിത്.

1929-ലെ മഹാമാന്ദ്യം, ഡോട്ട്-കോം തകർച്ച, 2018-ലെ വിപണി മാന്ദ്യം, 2020-ലെ കോവിഡ് പ്രതിസന്ധി, 2022-ലെ ബെയർ മാർക്കറ്റ് എന്നിവയ്‌ക്കെല്ലാം മുൻപ് ഈ സൂചിക സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സെക്ടറിനെ കുറിച്ചുള്ള അമിത പ്രതീക്ഷകളാണ് ഇന്നത്തെ ഉയർന്ന വാല്യുവേഷന് കാരണം. എന്നാൽ വിപണി തകർച്ച കൃത്യമായി പ്രവചിക്കാൻ കേപ് റേഷ്യോയ്ക്ക് കഴിയില്ലെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ വിപണി: ആശങ്കപ്പെടേണ്ടതുണ്ടോ?

അതേസമയം ഇന്ത്യൻ കേപ് സീരീസ് (India CAPE Series) മറ്റൊരു ചിത്രമാണ് നൽകുന്നത്. 2007 ഡിസംബറിൽ ഇന്ത്യയുടെ കേപ് റേഷ്യോ 48.45 വരെ എത്തിയിരുന്നു. എന്നാൽ ഇന്നത് 29.22 നിലവാരത്തിലാണുള്ളത് (ദീർഘകാല ശരാശരി 25). 2024 സെപ്റ്റംബറിലെ ഉയർന്ന നിലവാരത്തിൽ നിന്ന് ഇതിനകം 20 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്. നിഫ്റ്റി-50 സൂചികയുടെ പി.ഇ അനുപാതം (P/E Ratio) 20.36 മടങ്ങിലാണ്. ഇത് 10 വർഷത്തെ ശരാശരിയായ 23.4-നേക്കാൾ കുറവാണ്. അതായത് കേപ് റേഷ്യോ അടിസ്ഥാനമാക്കിയാൽ ആഭ്യന്തര വിപണിയിലെ ലാർജ് ക്യാപ് ഓഹരികൾ നിലവിൽ മിതമായ നിരക്കിലാണുള്ളതെന്ന് സാരം.

റിസ്ക് സ്മാൾ ക്യാപ് ഓഹരികളിൽ?

നിഫ്റ്റി സ്മാൾ ക്യാപ്-250 സൂചികയുടെ പി.ഇ അനുപാതം 33.6 മടങ്ങിലാണ്. ഇത് അഞ്ച് വർഷത്തെ ശരാശരിയേക്കാൾ 20 ശതമാനം കൂടുതലാണ്. ലാർജ് ക്യാപ് ഓഹരികളേക്കാൾ വലിയൊരു പ്രീമിയമാണ് സ്മാൾ ക്യാപ് ഓഹരികൾ വാങ്ങാൻ നിക്ഷേപകർ നിലവിൽ നൽകുന്നത്. ചരിത്രം പറയുന്നത് ഇത്തരം വലിയ അന്തരം പിന്നീട് സ്മാൾ ക്യാപ് ഓഹരികളുടെ കനത്ത തകർച്ചയിലേക്കാണ് നയിക്കാറുള്ളത്.

നിക്ഷേപകർക്കുള്ള നിർദ്ദേശം

ഇതൊരു വിൽപന സൂചനയല്ല, മറിച്ച് മുൻകരുതലിനായുള്ള ഒരു റിസ്ക് മാപ്പ് മാത്രമാണ്. പോർട്ട്‌ഫോളിയോയിൽ സ്മോൾ ക്യാപ് കമ്പനികളുടെ ഓഹരികളും ഉയർന്ന വാല്യുവേഷനുള്ളവയും എത്രയുണ്ടെന്ന് നിക്ഷേപകർ പരിശോധിക്കണം. പൊതുവേ യു.എസ് വിപണിയിലുണ്ടാകുന്ന തിരിച്ചടികൾ ഇന്ത്യൻ വിപണിയേയും ബാധിക്കാറുണ്ട്. അതിനാൽ വിപണിയിൽ കൃത്യമായ ജാഗ്രത പാലിക്കുക.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com