

ആഗോള വിപണികളെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വിവാദപരമായ നികുതികളില്‍ (Tariffs) യുഎസ് സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ഇന്ത്യന്‍ സമയം ഇന്ന് രാത്രിയോടെ വരാനിരിക്കുന്ന ഈ വിധി, തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയായ സെന്‍സെക്‌സിനെയും നിഫ്റ്റിയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍.
അമേരിക്കയിലേക്ക് എത്തുന്ന വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ളവയ്ക്ക്, കനത്ത ഇറക്കുമതി തീരുവ ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമാണ് നിയമപോരാട്ടത്തിന് വഴിമാറിയത്. റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് 500 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള യു.എസ് നീക്കങ്ങള്‍ക്കിടെയാണ് സുപ്രീംകോടതിയുടെ വിധി വരുന്നത്. പ്രസിഡന്റിന് ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമുണ്ടോ എന്നതാണ് സുപ്രീം കോടതി പരിശോധിക്കുന്നത്.
വിധി ട്രംപിന് അനുകൂലമായാല്‍ അത് ഇന്ത്യന്‍ വിപണിയെ പല രീതിയിലാകും ബാധിക്കുക. അമേരിക്കയെ പ്രധാന വിപണിയായി കാണുന്ന ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്കും പുതിയ നികുതി നയം വലിയ തിരിച്ചടിയാകും. ഇത് ഈ മേഖലയിലെ ഓഹരികളില്‍ ഇടിവുണ്ടാക്കിയേക്കാം.
അമേരിക്കയിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന വാഹന ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കും വസ്ത്രവ്യാപാര മേഖലയ്ക്കും നികുതി വര്‍ധന തിരിച്ചടിയാകും. ഇതിനൊപ്പം ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കാന്‍ കാരണമായേക്കാം. ഇത് വിദേശ നിക്ഷേപകര്‍ (FIIs) ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇടയാക്കും.
വിധി പ്രതികൂലമായാല്‍ സെന്‍സെക്‌സിലും നിഫ്റ്റിയിലും പെട്ടെന്നുള്ള തിരുത്തലുകള്‍ക്ക് (Correction) സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, ട്രംപിന്റെ അധികാരത്തെ കോടതി പരിമിതപ്പെടുത്തിയാല്‍ അത് വിപണിയില്‍ വലിയൊരു ആശ്വാസ കുതിപ്പിന് (Relief Rally) കാരണമാകും.
ആഗോള വ്യാപാര ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഈ വിധിക്ക് മുന്നോടിയായി കരുതലോടുള്ള സമീപനമാണ് ആഭ്യന്തര നിക്ഷേപകര്‍ സ്വീകരിക്കുന്നത്.
വിധിയെ കുറിച്ചുള്ള ആശങ്ക ഇന്ന് തന്നെ ഇന്ത്യന്‍ ഓഹരി സൂചികകളില്‍ വലിയ തകര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സെന്‍സെക്‌സ് 605 പോയിന്റ് ഇടിഞ്ഞ് 83,576.24ലും നിഫ്റ്റി 194 പോയിന്റ് താഴ്ന്ന് 25,683.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സൂചികകള്‍ ഇടിവിലാകുന്നത്. അഞ്ച് ദിവസം കൊണ്ട് സെന്‍സെക്‌സ് 2,186 പോയിന്റാണ് ഇടിഞ്ഞത്.
റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കുറഞ്ഞത് 500 ശതമാനമെങ്കിലും താരിഫ് ഉയര്‍ത്താന്‍ സാധ്യതയുള്ള റഷ്യന്‍ ഉപരോധ ബില്ലിനെ ട്രംപ് പിന്തുണച്ചതായി ജനുവരി 7-ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം പറഞ്ഞതും വിപണിയില്‍ ആശങ്കയ്ക്കിടയാക്കി. മൂന്നാം പാദഫലങ്ങള്‍ വരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത കാണിച്ചതും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വിറ്റഴിക്കലും ഇന്ത്യന്‍ വിപണിയെ ഇന്ന് ബാധിച്ചിട്ടുണ്ട്.
എന്തായാലും സുപ്രീം കോടതിയുടെ തീരുമാനം ഒന്നുകില്‍ മാസങ്ങളായി നിലനില്‍ക്കുന്ന വ്യാപാര അനിശ്ചിതത്വങ്ങള്‍ക്ക് അറുതി വരുത്തും. അല്ലെങ്കില്‍ നാടകീയമായ ഒരു മാറ്റത്തിന് വഴിതുറക്കും. ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുന്ന പ്രധാന ഗുണഭോക്താക്കളില്‍ ഒന്നാകും ഇന്ത്യ എന്നതില്‍ സംശയമില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine