യു.എസ് വ്യാപാര കരാറിന്റെ സ്വാധീനത്തില്‍ സോളാര്‍ ഓഹരികള്‍ മുന്നേറ്റത്തില്‍, നിക്ഷേപ യോഗ്യമോ ഈ മേഖല?
അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ ഇന്ത്യൻ പുനരുപയോഗ ഊർജ (Renewable Energy) മേഖലയിലെ ഓഹരികൾക്ക് പുതിയ ജീവൻ നൽകിയിരിക്കുകയാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കരാർ പ്രഖ്യാപിച്ചതോടെ, വിപണിയിൽ പിന്നിലായിരുന്ന പല ക്ലീൻ എനർജി ഓഹരികളും മികച്ച നേട്ടമാണ് രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ച്, സോളാർ മേഖലയിലെ കമ്പനികളായ ഇൻസൊലേഷൻ എനർജി (Insolation Energy Ltd), ഒറിയാന പവർ (Oriana Power Ltd) എന്നിവയുടെ ഓഹരി വില ഫെബ്രുവരി മാസത്തിൽ മാത്രം 24 ശതമാനത്തിലധികം വർദ്ധിച്ചു.
മത്സരം ചൈനയുമായി
ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി (Tariff) ഇടക്കാല കരാറില്‍ 18 ശതമാനമായി കുറച്ചതാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയിലേക്കുള്ള കയറ്റുമതി വീണ്ടും സജീവമാക്കാൻ ഇത് സഹായിക്കും. 2025 ന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ സോളാർ മൊഡ്യൂൾ കയറ്റുമതിയുടെ 97 ശതമാനവും അമേരിക്കയിലേക്കായിരുന്നു എന്നത് ഈ വിപണിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഉയർന്ന നികുതി കാരണം അപ്രായോഗികമായിരുന്ന കയറ്റുമതി, നികുതി കുറഞ്ഞതോടെ ചൈനീസ് ഉൽപ്പന്നങ്ങളുമായുള്ള മത്സരത്തിൽ ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ കരുത്ത് ലഭിക്കും.
കയറ്റുമതി വര്‍ദ്ധിക്കും
കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനീസ് ഉൽപ്പന്നങ്ങളുടെ മത്സരവും ആഭ്യന്തര വിപണിയിലെ അമിത ലഭ്യതയും (Supply glut) കാരണം ഈ മേഖല വലിയ സമ്മർദത്തിലായിരുന്നു. എന്നാൽ 2030 ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി കൈവരിക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് ഈ പുതിയ സാഹചര്യം ഗുണകരമാകും.
എങ്കിലും, അദാനി ഗ്രീൻ എനർജി (42 മടങ്ങ് ഫോർവേഡ് വരുമാനം) പോലുള്ള മുൻനിര ഓഹരികളുടെ ഉയർന്ന മൂല്യം (Valuation) നിക്ഷേപകർക്കിടയിൽ ജാഗ്രതയ്ക്കും കാരണമാകുന്നുണ്ട്. കയറ്റുമതിയിലുണ്ടാകുന്ന വർദ്ധനവ് ഈ കമ്പനികളുടെ ലാഭക്ഷമത വർദ്ധിപ്പിക്കുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
US trade deal boosts Indian solar stocks amid export optimism, but high valuations raise investor caution in the renewable energy sector.
Read DhanamOnline in English
Subscribe to Dhanam Magazine

