അനുമതി കാലാവധി അവസാനിച്ചു, ഐപിഒയ്ക്കായി വീണ്ടും രേഖകള്‍ ഫയല്‍ ചെയ്ത് ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി വീണ്ടും രേഖകള്‍ സമര്‍പ്പിച്ച് ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (Utkarsh Small Finance Bank). ഐപിഒയ്ക്കുള്ള മുന്‍ അനുമതി കഴിഞ്ഞ മാസം അവസാനിച്ചതിനാലാണ് വീണ്ടും കരട് പേപ്പറുകള്‍ സമര്‍പ്പിച്ചു. അതേസമയം, നേരത്തെ ആസൂത്രണം ചെയ്ത 1,350 കോടി രൂപയില്‍ നിന്ന് 500 കോടി രൂപയായും ഐപിഒ തുക കുറച്ചു. സെബി നിയമങ്ങള്‍ പ്രകാരം, മാര്‍ക്കറ്റ് റെഗുലേറ്ററില്‍ നിന്ന് അംഗീകാരം ലഭിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തണം.

പുതിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഐപിഒ പൂര്‍ണമായും പുതിയ ഇഷ്യു ആയിരിക്കും. കൂടാതെ, 100 കോടി രൂപ വരെ സമാഹരിക്കുന്ന പ്രീ-ഐപിഒ പ്ലേസ്മെന്റും സ്മോള്‍ ഫിനാന്‍സ് ബാങ്ക് പരിഗണിച്ചേക്കാം. ഇത് യാഥാര്‍ത്ഥ്യമായാല്‍ പുതിയ ഇഷ്യൂ വലുപ്പം കുറയും. പുതിയ ഇഷ്യൂവില്‍ നിന്നുള്ള വരുമാനം ഭാവി മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിനായാണ് ചെലവഴിക്കുക.
നേരത്തെ, ഐപിഒ വഴി 1,350 കോടി രൂപ സമാഹരിക്കുന്നതിനായി ഉത്കര്‍ഷ് 2021 മാര്‍ച്ചിലാണ് സെബിക്ക് കരട് പേപ്പറുകള്‍ സമര്‍പ്പിച്ചത്. 750 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്യാനും 600 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമായിരുന്നു അന്ന് ആസൂത്രണം ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഐപിഒയ്ക്കുള്ള അനുമതി വായ്പാ ദാതാവിന് ലഭിച്ചിരുന്നുവെങ്കിലും പ്രാരംഭ ഓഹരി വില്‍പ്പന ആരംഭിച്ചില്ല.
ഐസിഐസിഐ സെക്യൂരിറ്റീസും കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനിയുമാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.
2016ല്‍ സംയോജിപ്പിച്ച ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2017ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം, 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 686 ബാങ്കിംഗ് ഔട്ട്ലെറ്റുകളും 12,617 ജീവനക്കാരും ബാങ്കിന് കീഴിലുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it