ഈ ഓഹരിയില്‍ നിക്ഷേപം ഉയര്‍ത്തി പൊറിഞ്ചു വെളിയത്ത്, ഓഹരി പങ്കാളിത്തം മൂന്നു ശതമാനമായി
പ്രമുഖ വാല്യു ഇന്‍വെസ്റ്ററായ പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപ നീക്കങ്ങള്‍ വിപണി നിക്ഷേപകര്‍ സശ്രദ്ധം വീക്ഷിക്കാറും പിന്തുടരാറുമുണ്ട്. ഇപ്പോള്‍ ഇതാ കേശ, ചര്‍മ സംരക്ഷണ രംഗത്തെ കമ്പനിയായ കായയില്‍ നിക്ഷേപമുയര്‍ത്തിയിരിക്കുകയാണ് അദ്ദേഹം. സ്റ്റോക്ക് എക്‌സിചേഞ്ചിനു നല്‍കിയ ഫയലിംഗിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്.
മൊത്തം 3,89,500 ഓഹരികള്‍
ജനുവരി മാര്‍ച്ച് പാദത്തില്‍ 82,000 ഓഹരികളാണ് വാങ്ങിയത്. ഇതോടെ കായയിലെ മൊത്തം ഓഹരികളുടെ എണ്ണം 2,15,000 ആയി ഉയര്‍ന്നു. പൊറിഞ്ചു വെളിയത്ത് നേതൃത്വം നല്‍കുന്ന ഫണ്ട് മാനേജ്‌മെന്റ് കമ്പനിയായ ഇക്വിറ്റി ഇന്റലിജന്‍സ് വഴിയാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
ഇതുകൂടാതെ നിക്ഷേപകര്‍ക്കായി ഇ.ക്യു ഇന്ത്യ ഫണ്ട് (ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്)വഴി വാങ്ങിയിരുന്ന 1,74,500 ഓഹരികളും പൊറിഞ്ചു വെളിയത്ത് കൈകാര്യം ചെയ്യുന്നുണ്ട്. രണ്ടും കൂടി ചേര്‍ത്താല്‍ മൊത്തം 3,89,500 ഓഹരികള്‍ വരും. കായയുടെ മൊത്തം ഓഹരികളുടെ 2.99 ശതമാനം വരുമിത്. നിലവിലെ വിപണി വില അനുസരിച്ച് ഇത്രയും ഓഹരിയുടെ മൂല്യം 12 കോടി രൂപയാണ്.