3 കുഞ്ഞൻ ഓഹരികളും ഒരു വമ്പനും പിറന്നു! ഡീമെർജറിൽ നിക്ഷേപകർക്ക് 18% നേട്ടം; പുതിയ വേദാന്ത ഓഹരികൾ ലി​സ്റ്റ് ചെയ്തു

ഡീമെർജർ നടപ്പാക്കുന്നതിന്റെ തൊട്ടുമുമ്പുള്ള യഥാ‌ർത്ഥ വേദാന്ത ഓഹരിയുടെ ക്ലോസിങ് വില (2026 ഏപ്രിൽ 29) 773.25 രൂപയായിരുന്നു. ഇന്ന് രാവിലെ ലി​സ്റ്റിങ്ങിനുശേഷം 5 വേദാന്ത ഓഹരികളുടെയും വിപണി വില കൂട്ടിയാൽ 943.5 രൂപയാണുള്ളത്
Anil Agarwal Vedanta Ltd Demerger Stocks Listing
Published on

വിവിധതരം പ്രകൃതി വിഭവങ്ങളുടെ ഖനനം, സംസ്കരണം, പര്യവേക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വൻകിട വ്യവസായ സംരംഭകരായ വേദാന്ത ​ഗ്രൂപ്പിന്റെ മെ​ഗാ ഡീമെർജർ (കമ്പനി വിഭജനം) മറ്റൊരു നി‌ർണായകഘട്ടം കൂടി പൂർത്തിയാക്കി. വേദാന്ത ലിമിറ്റഡിൽ (BSE: 500295, NSE: VEDL) നിന്നും വേർപ്പെടുത്തിക്കൊണ്ട് സ്വതന്ത്ര സ്ഥാപനങ്ങാക്കി മാറ്റിയ 4 പുതിയ വേദാന്ത ​ഗ്രൂപ്പ് ഓഹരികളുടേയും ലി​സ്റ്റിങ്, പ്രധാനപ്പെട്ട ​സ്റ്റോക്ക് എക്സ്‍ചേഞ്ചുകളായ ബി.എസ്.ഇയിലും എൻ.എസ്.ഇയിലും ഇന്ന് (ജൂൺ 15) രാവിലെ രേഖപ്പെടുത്തി.

പുതിയ നാല് ഓഹരികളുടെ ലി​സ്റ്റിങ് വിലയും നിലവിലുണ്ടായിരുന്ന മാതൃകമ്പനിയായ വേദാന്ത ഓഹരിയുടെ ഇന്നത്തെ വിപണി വിലയും ഒത്തുചേർത്തുള്ള സംയോജിതമൂല്യം ഒറ്റ വേ​ദാന്ത ഓഹരിയായിരുന്നപ്പോഴുള്ള വിപണി വിലയേക്കാൾ 18 ശതമാനം ഉയരെയാണ്. ഡീമെർജർ നടപ്പാക്കുന്നതിന്റെ തൊട്ടുമുമ്പുള്ള യഥാ‌ർത്ഥ വേദാന്ത ഓഹരിയുടെ ക്ലോസിങ് വില (2026 ഏപ്രിൽ 29) 773.25 രൂപയായിരുന്നു. ഇന്ന് രാവിലെ ലി​സ്റ്റിങ്ങിനുശേഷം 5 വേദാന്ത ഓഹരികളുടെയും വിപണി വില കൂട്ടിയാൽ 943.5 രൂപയാണ്. ഇതോടെ ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വലിയ 'വാല്യൂ അൺലോക്കിംഗ്' (യഥാ‍ർത്ഥ മൂല്യം കണ്ടുപിടിക്കുക) പരീക്ഷണങ്ങളിലൊന്നിന് കൂടിയാണ് വിജയകരമായ പര്യവസാനം ഉണ്ടായിരിക്കുന്നത്.

വേദാന്ത ഓഹരികളുടെ ലി​സ്റ്റിം​ഗ് പ്രകടനം

  • വേദാന്ത അയൺ & സ്റ്റീൽ ഓഹരിയുടെ (BSE: 544784, NSE: VISL) ലി​സ്റ്റിങ് വില 22.25 രൂപയാണ് (ബി.എസ്.ഇ).

  • വേദാന്ത ഓയിൽ & ​ഗ്യാസ് (BSE: 544782, NSE: VOGL) ഓഹരിയുടെ ലി​സ്റ്റിങ് വില 39 രൂപയാണ് (ബി.എസ്.ഇ).

  • വേദാന്ത പവർ (BSE: 544781, NSE: VEDPOWER) ഓഹരിയുടെ ലി​സ്റ്റിങ് വില 41.30 രൂപയാണ് (ബി.എസ്.ഇ).

  • വേദാന്ത അലുമിനീയം മെറ്റൽ (BSE: 544780, NSE: VAML) ഓഹരിയുടെ ലി​സ്റ്റിങ് വില 527 രൂപയാണ് (ബി.എസ്.ഇ).

മേൽസൂചിപ്പിച്ച പുതിയ ഓഹരികളുടെ ലി​സ്റ്റിങ്ങിന് തൊട്ടുമുമ്പ് നിലവിലുണ്ടായിരുന്ന വേദാന്ത ലിമിറ്റഡ് ഓഹരി 3 ശതമാനം കുതിച്ചുയർന്ന് 318.50 രൂപ (ബി.എസ്.ഇ) നിലവാരത്തിലേക്ക് വരെ മുന്നേറിയിരുന്നു.

അതേസമയം അടുത്ത 10 ദിവസത്തേക്ക് പുതിയതായി ലി​സ്റ്റ് ചെയ്യപ്പെട്ട 4 വേദാന്ത ​ഗ്രൂപ്പ് ഓഹരികളും ട്രേഡ്-ടു-ട്രേഡ് (T2T) വിഭാ​ഗത്തിലായിരിക്കും വ്യാപാരം ചെയ്യപ്പെടുക. ഈ വിഭാ​ഗത്തിലെ ഓഹരികളിൽ ഇൻട്രാഡേ ട്രേഡ് ചെയ്യാൻ കഴിയില്ല. ഓഹരി വാങ്ങിയാൽ ഡെലവറി എടുക്കേണ്ടിവരും. ഡിമെ‌ർജറിന്റെ പശ്ചാത്തലത്തിലുള്ള ഊഹക്കച്ചവടങ്ങളും ഓഹരി വിലയിൽ നേരിടാവുന്ന കടുത്ത ചാഞ്ചാട്ടങ്ങൾ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ​സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരികളെ ട്രേഡ്-ടു-ട്രേഡ് വിഭാ​ഗത്തിന് കീഴിലാക്കിയത്.

ഇനിയെന്ത്?

വേദാന്ത ​ഗ്രൂപ്പ് എന്ന വലിയ ഒരു സംയുക്ത സ്ഥാപനത്തിനുള്ളിൽ (conglomerate) മറഞ്ഞുകിടന്ന ഓരോ ബിസിനസ് വിഭാഗത്തിന്റെയും (അലുമിനീയം, ഓയിൽ & ​ഗ്യാസ്. പവർ, അയൺ & ​സ്റ്റീൽ, ബേസ് മെറ്റൽസ്) യഥാർത്ഥ മൂല്യമാണ് വിപണിയിൽ ഇപ്പോൾ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഡീമെർജറിന് ശേഷം നിക്ഷേപകർക്ക് ഓരോ കമ്പനികളേയും അതിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം വിലയിരുത്താനുള്ള അവസരം ലഭിക്കുന്നു. ദീർഘകാല നിക്ഷേപകർക്ക് ആകട്ടെ അവരുടെ പോർട്ട്‌ഫോളിയോ പുനഃക്രമീകരിക്കാനുള്ള വലിയൊരു അവസരം കൂടിയാണിത്.

അതേസമയം വേദാന്ത ​ഗ്രൂപ്പിനുണ്ടായിരുന്ന കടബാധ്യത വിവിധ കമ്പനികൾക്കിടയിൽ വീതിച്ചുനൽകിയിരിക്കുകയാണ്. എന്നാൽ ഓയിൽ & ​ഗ്യാസ് കമ്പനിയെ ഇതിൽ നിന്നും ഒഴിവാക്കിയതോടെ പൂർണമായു കടവിമുക്തമായ നിലയിലാണ് ഇപ്പോഴുള്ളത്. ഇനി മുതൽ കമ്പനികൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നതോടെ വളർച്ചാ തന്ത്രങ്ങളും പ്രവർത്തന മുൻ​ഗണനകളും ഒക്കെ അവയുടെ വിപണിക്ക് അനുസൃതമായി അതത് കമ്പനി ഡയറക്ടർ ബോർ‍ഡുകൾ തീരുമാനിക്കുന്നതാണ്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com