

എഡ്ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വേദാന്തു (Vedantu) ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. പ്രാഥമിക ഓഹരി വില്‍പ്പന 18-24 മാസത്തിനുള്ളിലുണ്ടായേക്കും. '18-24 മാസത്തിനുള്ളില്‍ ഞങ്ങള്‍ ഐപിഒയ്ക്ക് തയ്യാറെടുക്കാന്‍ ആഗ്രഹിക്കുന്നു' വദാന്തുവിന്റെ സിഇഒയും സഹസ്ഥാപകനുമായ വംശി കൃഷ്ണ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍, ആവശ്യത്തിന് ഫണ്ട് കമ്പനിക്കുണ്ട്. അടുത്ത രണ്ട് വര്‍ഷത്തേക്ക് പുതിയ ഫണ്ടിംഗ് പ്രതീക്ഷിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം, ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് വേദാന്തു 100 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. കൂടാതെ കമ്പനി യൂണികോണ്‍ ക്ലബ്ബിലും പ്രവേശിച്ചു. കോവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ ഓഫ്ലൈന്‍ ലേണിംഗ് മോഡുകള്‍ സജീവമായതോടെ ഓണ്‍ലൈന്‍ പഠനത്തിലെ വളര്‍ച്ചയുടെ വേഗത അല്‍പ്പം കുറഞ്ഞു. പക്ഷേ, വിപണി ഇപ്പോഴും ശക്തമായ വളര്‍ച്ചാ സംഖ്യകള്‍ നല്‍കുന്നുണ്ടെന്ന് വംശി കൃഷ്ണ പറയുന്നു.
2011ലാണ് ബംഗളൂരു ആസ്ഥാനമായ വേദാന്തു എഡ്‌ടെക് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. വിവിധ സിലബസിലുകളിലുള്ള 4 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള ട്യൂഷനുകളാണ് കമ്പനി പ്രധാനമായി നല്‍കിവരുന്നത്. കൂടാതെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) ഫൗണ്ടേഷന്‍, നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍ (എന്‍ടിഎസ്ഇ), നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്), പ്രോബ്ലം സോള്‍വിംഗ് അസസ്‌മെന്റ് (പിഎസ്എ) എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ കോച്ചിംഗും കമ്പനി നല്‍കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine