

ഗുജറാത്ത് ആസ്ഥാനമായി വയറിംഗ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന വിദ്യ വയേഴ്‌സ് (Vidya Wires) ഐപിഒ ഡിസംബര്‍ മൂന്നിന് ആരംഭിക്കും. അഞ്ചിന് അവസാനിക്കും. 300 കോടി രൂപ സമാഹിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പ്രാഥമിക ഓഹരി വില്പന. 48-52 രൂപയാണ് പ്രൈസ് ബാന്‍ഡായി നിശ്ചയിച്ചിരിക്കുന്നത്.
ഓഹരി വില്പനയില്‍ 274 കോടി രൂപയുടെ പുതിയ ഓഹരികളും 26 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ആണ്. ഒഎഫ്എസിലൂടെ പ്രമോട്ടര്‍മാര്‍ 50.01 ലക്ഷം ഓഹരികള്‍ വിറ്റഴിക്കും.
നിലവിലുള്ള കടബാധ്യതകള്‍ തീര്‍ക്കാനും മൂലധന ചെലവുകള്‍ക്കും പുതിയ യൂണിറ്റ് തുറക്കാനുമാണ് ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുക. വില്പനയ്ക്ക് വയ്ക്കുന്ന ഓഹരികളില്‍ 50 ശതമാനം യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സിനും 35 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കുമാണ്.
വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കും റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്കും എഞ്ചിനിയറിംഗ് വയറുകള്‍, ഇന്‍സുലേറ്റഡ് കോപ്പര്‍ കണ്ടക്ടറുകള്‍ തുടങ്ങിയ വിതരണം ചെയ്യുന്ന കമ്പനിയാണ് വിദ്യ വയേഴ്‌സ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,295 കോടി രൂപയായിരുന്നു വരുമാനം. ജൂണില്‍ അവസാനിച്ച പാദത്തില്‍ 411 കോടി രൂപ വരുമാനവും 12 കോടി രൂപ ലാഭവും നേടാന്‍ സാധിച്ചു.
ഈ വര്‍ഷം ഐപിഒ വഴി ഇതുവരെ 93ലേറെ കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് സമാഹരണം നടത്തി. നവംബര്‍ 21 വരെ ഇതുവരെ 1.54 ലക്ഷം കോടി രൂപയാണ് 93 ലിസ്റ്റിംഗില്‍ നിന്നായി സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 1.59 ലക്ഷം കോടി രൂപയുടെ റെക്കോഡ് ഈ വര്‍ഷം മറികടക്കുമെന്നാണ് വിലയിരുത്തല്‍. ഡിസംബറില്‍ മാത്രം 35,000 മുതല്‍ 40,000 കോടി രൂപയുടെ ഐപിഒ ഉണ്ടാകുമെന്നാണ് വിവരം.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ (Meesho), ഇലക്ട്രോണിക്സ് ഉത്പന്ന നിര്‍മാതാക്കളായ ബോട്ട് (boAt), ഹീറോ ഫിന്‍കോര്‍പ് (Hero Fincorp), മില്‍ക്കി മിസ്റ്റ് ഡയറി ഫുഡ് (Milky Mist Dairy Food) അടക്കം ഒരു ഡസന്‍ ഐപിഒകളാണ് ഡിസംബറില്‍ എത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine