വിജയ് കേഡിയയുടെ ₹45 ലക്ഷം നിക്ഷേപം ₹47 കോടിയാക്കി ഈ ഓഹരി; കൈയിലെത്തിയത് വിസ്മയിപ്പിക്കുന്ന നേട്ടം

നിക്ഷേപക സമൂഹത്തിനിടയിലെ സെലിബ്രിറ്റിയാണ് പ്രമുഖ നിക്ഷേപകനും കേഡിയ സെക്യൂരിറ്റീസിന്റെ സ്ഥാപകനുമായ വിജയ് കേഡിയ. എന്തുകൊണ്ട് അദ്ദേഹം സെലിബ്രിറ്റി ആയി എന്നതിന് ഒരു തെളിവാണ് പുതിയ നേട്ടം. കഴിഞ്ഞ ദിവസം പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ) നടത്തിയ ടി.എ.സി ഇന്‍ഫോസെക്കില്‍ വിജയ്‌ കേഡിയയ്ക്കുണ്ടായിരുന്ന 45 ലക്ഷം രൂപയുടെ നിക്ഷേപം ലിസ്റ്റിംഗിനു ശേഷം എത്തി നില്‍ക്കുന്നത് 47 കോടി രൂപയിലാണ്.

മുന്‍പ് സെറ സാനിറ്ററിവെയറില്‍ അതിശയകരമായ 16,000 മടങ്ങിന്റെ നേട്ടം സ്വന്തമാക്കിയ നിക്ഷേപകനാണ് വിജയ് കേഡിയയെന്ന് മിക്കവര്‍ക്കുമറിയാം.
മള്‍ട്ടിബാഗര്‍ ആയേക്കാവുന്ന ഓഹരികള്‍ തുടക്ക ഘട്ടത്തില്‍ തന്നെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവിന് പുതിയ ഉദാഹരണമാണ് ടി.എ.സി ഇന്‍ഫോസെക്കിലെ നിക്ഷേപം.

സ്റ്റാര്‍ട്ടപ്പ്‌ നിക്ഷേപങ്ങളിലെ മാജിക്

ലാര്‍ജ് സ്‌കെയില്‍ എന്റര്‍പ്രൈസുകള്‍ക്ക് സൈബര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് നല്‍കുന്ന സ്ഥാപനമാണ് 2016 ഓഗസ്റ്റില്‍ സ്ഥാപിതമായ ടി.എ.സി ഇന്‍ഫോസെക്. എച്ച്.ഡി.എഫ്.സി, ബന്ധന്‍ ബാങ്ക്, മോത്തിലാല്‍ ഒസ്‌വാള്‍, എന്‍.എസ്.ഡി.എല്‍ തുടങ്ങിയ വമ്പന്‍മാരാണ് കമ്പനിയുടെ ഉപയോക്തൃനിരയിലുള്ളത്.
കമ്പനി തുടക്കമിട്ട് രണ്ട് മാസം പിന്നിടുമ്പോഴാണ്
സ്റ്റാര്‍ട്ട
പ്പുകളില്‍ നിക്ഷേപിക്കാന്‍ താത്പര്യം കാണിക്കുന്ന വിജയ് കേഡിയ ടി.എ.സിയുടെ 1,250 ഓഹരികള്‍ 1,800 രൂപ നിരക്കില്‍ വാങ്ങുന്നത്. 2017 ജൂണില്‍ വീണ്ടും 1,250 ഓഹരികള്‍ (പകുതി മകന്റെ പേരിലാണ്) കൂടി വാങ്ങി ഇരട്ടിയിലെത്തിച്ചു. അതായത് മൊത്തം ഓഹരികളുടെ എണ്ണം 2,500 ആക്കി.
പിന്നീട് പലതവണ ബോണസ് ഇഷ്യുകള്‍ വഴി കമ്പനിയില്‍ ഓഹരികള്‍ കൂട്ടുകയും ചെയ്തു. 2018ല്‍ 35:1 എന്ന അനുപാതത്തില്‍ (അതായത് ഒരു ഓഹരിക്ക് 35 എന്ന അനുപാതത്തില്‍) ബോണസ് ഇഷ്യു ലഭിച്ചതോടെ 2,500ല്‍ നിന്ന് ഓഹരിയുടെ എണ്ണം 90,000 ആയി ഉയര്‍ന്നു. 2024 ജനുവരിയില്‍ 16:1 എന്ന അനുപാതത്തില്‍ വീണ്ടും ബോണസ് ഇഷ്യുകള്‍ സ്വന്തമാക്കിയതോടെ കമ്പനിയിലെ ഓഹരികളുടെ എണ്ണം 15.30 ലക്ഷം ആയി. കമ്പനിയുടെ മൊത്തം ഓഹരികളുടെ 20 ശതമാനമാണിത്.
ലിസ്റ്റിംഗില്‍ കുതിച്ചു കയറി
മാര്‍ച്ച് 27നാണ് ടി.എ.സി ഇന്‍ഫോസെകിന്റെ ഓഹരി എന്‍.എസ്.ഇ എമേര്‍ജില്‍ (എസ്.എം.ഇകള്‍ക്കായുള്ള എക്‌സ്‌ചേഞ്ച്) ഐ.പി.ഒയുമായെത്തിയത്. നിക്ഷേപകരില്‍ നിന്ന് ആവേശകരമായ പ്രതികരണം ഐ.പി.ഒ നേടി. ആദ്യദിനം തന്നെ 10 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു. ഏപ്രില്‍ രണ്ടിന് ഐ.പി.ഒ അവസാനിക്കുമ്പോള്‍ ലഭിച്ചത് 422 മടങ്ങ് അധികം അപേക്ഷകള്‍.
ഇന്നലെ (ഏപ്രില്‍ 5) ഓഹരി ലിസ്റ്റ് ചെയ്തത് ഐ.പി.ഒ വിലയായ 106 രൂപയില്‍ നിന്ന് 174 ശതമാനം ഉയര്‍ന്നാണ്. അപ്പര്‍ സര്‍കീട്ട് പരിധിയായ 304.5 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ഒറ്റദിനം കൊണ്ട് വിജയ് കേഡിയയുടെ 45 ലക്ഷം രൂപയുടെ നിക്ഷേപം (2,500) 46.59 കോടി രൂപയായി (45.30 ലക്ഷം ഓഹരിX304.5 രൂപ) ഉയര്‍ന്നു.
ടി.എ.സി ഇന്‍ഫോസെക്കിലെ നിക്ഷേപം വിജയ് കേഡിയയ്ക്ക് നല്‍കിയത് 100 മടങ്ങ് നേട്ടമാണ്. ഇത് അടിവരയിടുന്നത് ഓഹരി നിക്ഷേപത്തിലെ അപാരസാധ്യതകള്‍, പ്രത്യേകിച്ചും തുടക്കഘട്ടത്തില്‍ തന്നെ വളര്‍ച്ചാ സാധ്യതകള്‍ തിരിച്ചറിയാനുള്ള വിജയ് കേഡിയയുടെ കഴിവാണ്.
വിജയ് കേഡിയയുടെ നിക്ഷേപയാത്രയെ കുറിച്ചും എങ്ങനെയാണ് 1,500 കോടി രൂപമൂല്യമുള്ള ലിസ്റ്റഡ് കമ്പനികളുടെ പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കിയെടുത്തതെന്നും അദ്ദേഹം അടുത്തിടെ ധനത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it