വിശാല്‍ മാര്‍ട്ട് മുതല്‍ മൊബിക്വിക്ക് വരെ, അടുത്ത ആഴ്ച ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ ഒമ്പത് പുതുമുഖങ്ങള്‍

ഈ വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഓഹരി വിപണിയില്‍ വീണ്ടും ഐ.പി.ഒകളുടെ കുത്തൊഴുക്ക്. ഈ വര്‍ഷം ഇതുവരെ 300 കമ്പനികള്‍ ചേര്‍ന്ന് 1.4 ലക്ഷം കോടി രൂപയാണ് പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ) വഴി സമാഹരിച്ചത്. ഇനിയുള്ള ദിവസങ്ങളിലും നിരവധി പുതുമുഖങ്ങളാണ് ഓഹരി വിപണിയിലേക്ക് വരവറിയിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ആഴ്ചയില്‍ എട്ട് കമ്പനികള്‍ ഐ.പി.ഒയുമായെത്തും. മൂന്നു കമ്പനികളുടെ ഓഹരികള്‍ അടുത്തയാഴ്ച വിപണിയില്‍ കന്നി വ്യാപാരം നടത്തുകയും ചെയ്യും.

വിശാല്‍ മെഗാ മാര്‍ട്ട്

കേരളത്തിലടക്കം മികച്ച സാന്നിധ്യമറിയിച്ചിട്ടുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വിശാല്‍ മെഗാ മാര്‍ട്ടിന്റെ ഐ.പി.ഒ ഡിസംബര്‍ 11 മുതല്‍ 13 വരെയാണ്. 102.56 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍ മാത്രമാണ് ഐ.പി.ഒയിലുള്ളത്.
ഓഹരിക്ക് 74-78 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിക്കുന്നത്. ഏറ്റവും കുറഞ്ഞത് 190 ഓഹരികളുടെ ലോട്ടിനാണ് നിക്ഷേപകര്‍ക്ക് അപേക്ഷിക്കാവുന്നത്. അതായത് ചെറുകിട നിക്ഷേപകര്‍ കുറഞ്ഞത് 14,820 രൂപ നിക്ഷേപിക്കണം. വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ സാധനങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ കമ്പനി വിറ്റഴിക്കുന്നുണ്ട്.
വിശാല്‍ മെഗാമാര്‍ട്ട് ഐ.പി.ഒയുടെ ഓഹരി അലോട്ട്‌മെന്റ് ഡിസംബര്‍ 19നാകും തീരുമാനിക്കുക. ഡിസംബര്‍ 18ന് ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ഓഹരി ലിസ്റ്റ് ചെയ്‌തേക്കും.

സായി ലൈഫ് സയന്‍സസ്

കോണ്‍ട്രാക്ട് റിസര്‍ച്ച്, ഡെവലപ്‌മെന്റ്, മാനുഫാക്ചറിംഗ് ഓര്‍ഗനൈസേഷനാണ് (CRDMO) സായി ലൈഫ് സയന്‍സസ് ലിമിറ്റഡ്. ഡിസംബര്‍ 11 മുതല്‍ 13 വരെയാണ് ഓഹരി വില്‍പ്പന. ആകെ 3,042.69 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐ.പി.ഒയില്‍ പ്രമോട്ടര്‍മാര്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി 3.81 കോടി ഓഹരികള്‍ വിറ്റഴിക്കും. കൂടാതെ 950 കോടി രൂപയുടെ പുതു ഓഹരികളും പുറത്തിറക്കും. ഓഹരിയൊന്നിന് 522-549 രൂപയാണ് പ്രൈസ്ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
അര്‍ഹതയുള്ള ഓഹരിയുടമകളെ ഡിസംബര്‍ 16ന് നിശ്ചയിക്കും. ഡിസംബര്‍ 18ന് ഓഹരികള്‍ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്‌തേക്കുമെന്നാണ് കരുതുന്നത്.

മൊബിക്വിക്ക്

ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ വണ്‍ മൊബിക്വിക്ക് സിസ്റ്റംസ് ലിമിറ്റഡിന്റെ പ്രാരംഭം ഓഹരി വില്‍പ്പന ഡിസംബര്‍ 11 മുതല്‍ ഡിസംബര്‍ 13 വരെയാണ്. ഐ.പി.ഒ വഴി 572 കോടി രൂപയാണ് കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. മൊത്തം 2.05 കോടി രൂപയുടെ പുതു ഓഹരികളാണ് ഐ.പി.ഒയിലുണ്ടാവുക.
ഓഹരിയൊന്നിന് 265-279 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞത് 53 ഓഹരികളുടെ ലോട്ടിന് അപേക്ഷിക്കാം. അതായത് കുറഞ്ഞത് 14,787 രൂപയുടെ ഓഹരികള്‍ വാങ്ങണം.
ഡിസംബര്‍ 16നാണ് അര്‍ഹരായ ഓഹരിയുടമകളെ കണ്ടെത്തുക. ഡിസംബര്‍ 18ന് ഓഹരി ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്‌തേക്കും.

ഇന്‍വെഞ്ച്വേഴ്‌സ് നോളജ്‌ സൊല്യൂഷന്‍സ്

പ്രമുഖ നിക്ഷേപകയായ രേഖ ജുന്‍ജുന്‍വാല പിന്തുണയ്ക്കുന്ന സ്ഥാപനമാണ് ഇന്‍വെഞ്ച്വേഴ്‌സ് നോളജ്‌ സൊല്യൂഷന്‍സ് (ഐ.കെ.എസ് ഹെല്‍ത്ത്) ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ക്ക് ടെക്‌നോളജി അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണിത്. ഡിസംബര്‍ 12 മുതല്‍ 16 വരെയാണ് കമ്പനിയുടെ ഓഹരി വില്‍പ്പന. ഷെയര്‍ അലോട്ട്‌മെന്റ് സ്റ്റാറ്റസ് ഡിസംബര്‍ 17ന് അറിയാം. ഡിസംബര്‍ 19ന് ഓഹരികള്‍ ലിസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. ഐ.പി.ഒയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

വരവറിയിക്കാന്‍ ചെറുകമ്പനികളും

ചെറുകിട ഇടത്തരം മേഖലയില്‍ നിന്ന് അഞ്ച് കമ്പനികളും ഈ ആഴ്ച ഓഹരി വിപണിയിലേക്ക് കടക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ക്രോപ് സയന്‍സസിന്റെ ഐ.പി.ഒ ഡിസംബര്‍ ഒമ്പതിന് തുടങ്ങി 11ന് അവസാനിക്കും. 23.8 കോടി രൂപയാണ് ഐ.പി.ഒ വഴി കമ്പനി സമാഹരിക്കുക. മൊത്തം 43.28 ലക്ഷം പുതു ഓഹരികളാണ് ഇഷ്യുവിലുള്ളത്. ഡിസംബര്‍ 12ന് അര്‍ഹരായ ഓഹരി ഉടമകളെ കണ്ടെത്തും. എന്‍.എസ്.ഇ എസ്.എം.ഇ പ്ലാറ്റ്‌ഫോമിലാണ് ഓഹരി ലിസ്റ്റ് ചെയ്യുക. ഡിസംബര്‍ 16നാണ് ഓഹരിയുടെ ലിസ്റ്റിംഗ് പ്രതീക്ഷിക്കുന്നത്.
കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, ഷൂസുകള്‍, ആക്‌സസറികള്‍ എന്നിവ വില്‍ക്കുന്ന കമ്പനിയാണ് പര്‍പ്പിള്‍ യുണൈറ്റഡ് സെയില്‍സ്. 32.81 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഐ.പി.ഒയില്‍ 26.04 ലക്ഷം പുതു ഓഹരികള്‍ ആണ് വിറ്റഴിക്കുക.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുള്ള ഹൗസ്‌കീപ്പിംഗ്, ക്ലീനിംഗ്, അണുവിമുക്തീകരണം തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് സുപ്രീം ഫെസിലിറ്റി മാനേജ്‌മെന്റ്. 50 കോടി രൂപയാണ് മൊത്തം സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 65.79 ലക്ഷം പുതു ഓഹരികളാണ് ഐ.പി.ഒയില്‍ വിറ്റഴിക്കുക.
ഇതു കൂടാതെ ഈ ആഴ്ച മൂന്ന് ഓഹരികളുടെ ലിസ്റ്റിംഗുമുണ്ട്. പ്രോപ്പര്‍ട്ടി ഷെയര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് എസ്.എം റീറ്റ് ഡിസംബര്‍ ഒമ്പതിന് ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്യും. നിസൂസ് ഫിനാന്‍സ് സര്‍വീസസ് ഡിസംബര്‍ 11നും എമറാള്‍ഡ് ടയര്‍ മാനുഫാക്ചറേഴ്‌സ് ഡിസംബര്‍ 12നും എന്‍.എസ്.ഇ എസ്.എം.ഇ പ്ലാറ്റ്‌ഫോമിലും കന്നി വ്യാപാരം ആരംഭിക്കും.
Related Articles
Next Story
Videos
Share it