Begin typing your search above and press return to search.
വിപണിയെ ഉണര്‍ത്താന്‍ ഇന്ന് മൂന്ന് ഐ.പി.ഒകള്‍, നിക്ഷേപിക്കും മുമ്പ് അറിയാം ഗ്രേ മാര്‍ക്കറ്റ് പ്രീമിയവും മറ്റ് വിശദാംശങ്ങളും
വിശാല്‍ മെഗാ മാര്‍ട്ട്, വണ്‍ മൊബിക്വിക് സിസ്റ്റംസ്, സായി ലൈഫ് സയന്‍സസ് എന്നിവയുടെ ഐ.പി.ഒ ഇന്ന് പത്ത് മണിക്ക് ആരംഭിക്കും
ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇത് ഐ.പി.ഒക്കാലമാണ്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ അഞ്ച് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കാണ് വിപണി സാക്ഷ്യം വഹിക്കുക. മൊത്തം 18,340 കോടി രൂപയാണ് ഈ കമ്പനികൾ ചേർന്ന് വിപണിയില്‍ നിന്ന് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.
ഇന്ന് ഒറ്റ ദിവസം മാത്രം മൂന്ന് കമ്പനികളാണ് വിപണിയിലേക്ക് വരവറിയിക്കുന്നത്. അവയുടെ ഗ്രേ മാര്‍ക്കറ്റ് വിലയും മറ്റ് വിശദാംശങ്ങളും നോക്കാം.
8,000 കോടി ലക്ഷ്യമിട്ട് വിശാല്‍ മെഗാമാര്‍ട്ട്
റീറ്റെയ്ല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ വിശാല്‍ മെഗാമാര്‍ട്ട് ഐ.പി.ഒ ഇന്ന് തുടങ്ങി ഡിസംബര്‍ 13ന് അവസാനിക്കും. നിലവിലുള്ള ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) മാത്രമാണ് ഐ.പി.ഒയില്‍ ഉള്ളത്. അതായത് ഐ.പി.ഒയില്‍ നിന്ന് ലഭിക്കുന്ന പണം കമ്പനിയിലേക്കല്ല ചെന്നെത്തുക. ഓഹരിയൊന്നിന് 74-78 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ചെറുകിട നിക്ഷേപകര്‍ക്ക് കുറഞ്ഞത് 190 ഓഹരികളുടെ ഒരു ലോട്ടിന് അപേക്ഷിക്കാം. ചെറുകിട നിക്ഷേപകര്‍ മിനിമം 14,820 രൂപ നിക്ഷേപിക്കണം. 35,168 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം കണക്കാക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക നേട്ടത്തിന്റെ 71 മടങ്ങ് അധികമാണിത്.
ഐ.പി.ഒ വിലയേക്കാള്‍ 24-25 രൂപ ഉയര്‍ന്നാണ് അനൗദ്യോഗിക വിപണിയില്‍ (ഗ്രേ മാര്‍ക്കറ്റ്) ഓഹരി വ്യാപാരം നടത്തുന്നത്. അതായത് 31 ശതമാനത്തോളം ഉയര്‍ന്ന്. ഓഹരിയുടെ ലിസ്റ്റിംഗ് വിലയെ കുറിച്ചുള്ള ഒരു സൂചകമായാണ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തെ (GMP) കാണുന്നത്. വിശാൽ മെഗാ മാര്‍ട്ടിന്റെ തൊട്ടടുത്ത എതിരാളികളായ അവന്യൂ സൂപ്പര്‍ മാര്‍ട്ട് (DMart) 92 പി.ഇയിലും ട്രെന്റ് 137 പി.ഇയിലുമാണ് വ്യാപാരം നടത്തുന്നത്.
കമ്പനിയുടെ ഉപയോക്തൃ അടിത്തറ, സാന്നിധ്യം, വളര്‍ച്ചാ സാധ്യത എന്നിവ കണക്കിലെടുക്കുമ്പോള്‍ അഗ്രസീവ് പ്രൈസിംഗാണ് ഐ.പി.ഒയുടേത് എന്നാണ് വിലയിരുത്തലുകൾ. 2024 സാമ്പത്തിക വര്‍ഷത്തില്‍ വിശാല്‍ മാര്‍ട്ടിന്റെ വരുമാനം 26 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയോടെ 8,911 കോടിയാണ്.
ഗുരുഗ്രാം ആസ്ഥാനമായ കമ്പനിക്ക് കീഴില്‍ 414 നഗരങ്ങളിലായി 645 സ്റ്റോറുകളുണ്ട്. വസത്രങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് കമ്പനിയുടെ സ്റ്റോറുകള്‍ വഴി ലഭ്യമാക്കുന്നത്.
മൊബിക്വിക്
ഫിന്‍ടെക് കമ്പനിയായ വണ്‍ മൊബിക്വിക് സിസ്റ്റംസ് ലിമിറ്റഡ് ഐ.പി.ഒയ്ക്കും ഇന്ന് തുടക്കമാകും. ഡിസംബര്‍ 13 വരെയാണ് നിക്ഷേപത്തിന് അവസരം. 572 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്ന ഐ.പി.ഒയില്‍ പുതു ഓഹരികള്‍ മാത്രമാണുള്ളത്. 265-279 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. 53 ഓഹരികളുടെ ഒരു ലോട്ടിന് അപേക്ഷിക്കാം. അതായത് ചെറുകിട നിക്ഷേപകര്‍ കുറഞ്ഞത് 14,787 രൂപ മുടക്കണം.
മൊബിക്വിക്ക് ഓഹരികളും ഗ്രേ മാര്‍ക്കറ്റില്‍ മികച്ച രീതിയിൽ വ്യാപാരം നടത്തുന്നുണ്ട്. ഇന്ന് 132 രൂപ പ്രീമിയത്തിലാണ് വ്യാപാരമെന്ന് നിരീക്ഷകര്‍ പറയുന്നു.
വരുമാനത്തില്‍ 59 ശതമാനവും ലാഭത്തില്‍ 117 ശതമാനവും വാര്‍ഷിക വളര്‍ച്ച നേടാന്‍ മൊബിക്വിക്കിന് സാധിച്ചിട്ടുണ്ട്. കമ്പനിയുടെ ഐ.പി.ഒ വില മിതമാണെന്നാണ് വിലയിരുത്തലുകള്‍. 113.32 രൂപയാണ് പി.ഇ കണക്കാക്കിയിരിക്കുന്നത്. ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക പേയ്‌മെന്റ് സര്‍വീസിന്റെ വളര്‍ച്ചയ്ക്കും ഡാറ്റ, എ.ഐ, മെഷീന്‍ ലേണിംഗ് എന്നിവയുടെ ഉള്‍ച്ചേര്‍ക്കലിനുമാകും വിനിയോഗിക്കുക.
സായി ലൈഫ് സയന്‍സസ്
ഫാര്‍മ കമ്പനിയായ സായി ലൈഫ് സയന്‍സസ് ഐ.പി.ഒയും ഇന്ന് മുതല്‍ ഡിസംബര്‍ 13 വരെയാണ്. പ്രാഥമിക വിപണിയില്‍ നിന്ന് 3,042.62 കോടി രൂപയാണ് കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 950 കോടി രൂപയുടെ പുതു ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമുള്ള 3.81 കോടി ഓഹരികളുമാണ് ഐ.പി.ഒയില്‍ വിറ്റഴിക്കുക. ഓഹരിയൊന്നിന് 522-549 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. 27 ഓഹരികള്‍ അടങ്ങിയ ഒരു ലോട്ടിലാണ് നിക്ഷേപിക്കാനാകുക. ചെറുകിട നിക്ഷേപകര്‍ കുറഞ്ഞത് 14,823 രൂപ നിക്ഷേപിക്കണം. പരമാവധി 13 ലോട്ടുകളില്‍ വരെ നിക്ഷേപിക്കാം.
മികച്ച പ്രീമിയത്തിലാണ് ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്നത്. ഇന്ന് 580 രൂപ വരെ ഉയര്‍ന്നാണ് വ്യാപാരമെന്ന് നിരീക്ഷകര്‍ പറയുന്നു. അതായത് ഐ.പി.ഒയുടെ ഉയര്‍ന്ന വിലയായ 549 രൂപയേക്കാള്‍ 35 രൂപ (5.65 ശതമാനം) ഉയരത്തിലാണ് വില.
Next Story
Videos