ആഗോള സാമ്പത്തിക വ്യവസ്ഥ വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. ആഗോളവളര്‍ച്ചയുടെ ചാലക ശക്തികളായ മൂന്ന് സുപ്രധാന സമ്പദ്വ്യവസ്ഥകള്‍ -യുഎസ്, ചൈന, യൂറോ സോണ്‍- എന്നിവ മാന്ദ്യത്തിലേക്ക് വീഴുന്നു. ഇതുവരെ കാണാത്ത ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന യൂറോ സോണ്‍ മാന്ദ്യത്തിന്റെ വക്കത്താണ്. ഇരുതലമൂര്‍ച്ചയുള്ള രണ്ട് വെല്ലുവിളികളാണ് ഈ സമയം ചൈനയെ ഉറ്റുനോക്കുന്നത്; പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ പ്രതിസന്ധി കൂടുതല്‍ വഷളാകുന്നതിനോടൊപ്പം തന്നെ കോവിഡ് ലോക്ക്ഡൗണുകളും ചൈനയെ പ്രതിസന്ധിയിലാക്കുന്നു. അമേരിക്കന്‍ സമ്പദ്ഘടന ശക്തമായി തുടരുന്നുണ്ടെങ്കിലും ഫെഡിന്റെ തുടര്‍ച്ചയായ നിരക്ക് വര്‍ധന സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. പലിശ നിരക്ക് വര്‍ധനയെ തുടര്‍ന്ന് 'ഗാര്‍ഹിക, ബിസിനസ് രംഗത്ത് വിഷമതകള്‍' വരാനിടയുണ്ടെന്ന വിധത്തിലുള്ള മുന്നറിയിപ്പും ഫെഡ് മേധാവി ഇതിനകം നല്‍കിയിട്ടുണ്ട്.
ബഹുഭൂരിപക്ഷം കേന്ദ്ര ബാങ്കുകളും പലിശ നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. തന്മൂലം ബോണ്ട് യീല്‍ഡുകള്‍ മാനംമുട്ടെ ഉയരുകയാണ്. 2023ല്‍ ആഗോളവളര്‍ച്ച ഗണ്യമായ തോതില്‍ കുറയാനിടയുണ്ട്. പിടിവിട്ട് കുതിക്കുന്ന നാണ്യപ്പെരുപ്പത്തിന് ഒരു അവസാനം കാണുന്നില്ല; പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍. ഈ മാക്രോ ഘടകങ്ങള്‍ ഒരു ബുള്‍ മാര്‍ക്കറ്റിനെ രൂപപ്പെടുത്താനിടയില്ല. എന്നാല്‍ ഇന്ത്യയില്‍ നിഫ്റ്റി ജൂണില്‍ 15,187 പോയ്ന്റ് തൊട്ടതിന് ശേഷം കരുത്തോടെ ബുള്ളുകള്‍ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ഈ ബുള്ളിഷ് പ്രവണതയ്ക്ക് പിന്നിലെ ചേതോവികാരം എന്താകും?
വിപണിയെ താങ്ങിനിര്‍ത്തി റീറ്റെയ്ല്‍ നിക്ഷേപകര്‍
റീറ്റെയ്ല്‍ / ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളാണ് നിലവില്‍ വിപണിയിലെ പ്രധാന കളിക്കാര്‍. ഓഹരി വിപണിയിലെ പ്രതിദിന കാഷ് മാര്‍ക്കറ്റ് വോള്യത്തില്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ എന്നിവരുടെ പങ്കാളിത്തം യഥാക്രമം 52 ശതമാനം, 29 ശതമാനം, 19 ശതമാനം എന്ന കണക്കിലാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് റീറ്റെയ്ല്‍ നിക്ഷേപകര്‍/ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ എന്നിവ വിദേശ പോര്‍ട്ട്‌ഫോളിയോ സ്ഥാപനങ്ങള്‍ ലാഭമെടുത്ത് പിന്‍വലിയുന്ന ഘട്ടങ്ങളില്‍പോലും ചഞ്ചലപ്പെടാതെ ഉറച്ച് നില്‍ക്കുന്നുണ്ട്.
റീറ്റെയ്ല്‍ നിക്ഷേപകര്‍ വിപണിയുടെ ഓരോ താഴ്ചയിലും വാങ്ങലുകാരായി രംഗത്തുവരുന്നു. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ വന്‍ വില്‍പ്പന നടക്കുന്ന വേളയില്‍ അതിന്റെ ആഘാതം വലിച്ചെടുക്കാന്‍ പാകത്തില്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഫണ്ട് വിപണിയിലേക്ക് ഒഴുക്കിക്കൊണ്ടേയിരിക്കുന്നു. ഈ പുതിയ വിപണി സമീപനം കളിയുടെ നിയമങ്ങള്‍ തന്നെ മാറ്റിമറിച്ചിരിക്കുന്നു.
ഉയര്‍ന്ന വാല്യുവേഷന്‍ ഒരു ഹ്രസ്വകാല വെല്ലുവിളി
ഇന്ത്യയുടേതിന് സമാനമായ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ വാല്യുവേഷന്‍ ഉയര്‍ന്നതാണ്. 18,000 നിഫ്റ്റിയില്‍ ഫോര്‍വേഡ് പിഇ അനുപാതം 22 ല്‍ അധികമാണ്. അതേ സമയം, ലോകത്തെ മറ്റിടങ്ങളിലെ പിഇ അനുപാതം ഏറെ കുറവാണ്. ഇതര എമര്‍ജിംഗ് മാര്‍ക്കറ്റുകളുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യയുടെ വാല്യുവേഷന്‍ പ്രീമിയം 100 ശതമാനത്തിന് മുകളിലാണെന്നുള്ളത് കുറച്ച് അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. ഒരു ഹൈ വാല്യുവേഷന്‍ മാര്‍ക്കറ്റില്‍ എപ്പോഴും തിരുത്തല്‍ സാധ്യതയുണ്ടാകും.
2020 മുതല്‍ ഇന്ത്യയുടെ ഏണിംഗ്‌സ് ഗ്രോത്ത് മെച്ചപ്പെട്ട തലത്തിലാണ്.
2020 സാമ്പത്തിക വര്‍ഷത്തില്‍ നിഫ്റ്റി ഏണിംഗ്‌സ് 440 ആയിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് വര്‍ഷമായിട്ടും ലോക്ക്ഡൗണ്‍ ഉണ്ടായിട്ടും നിഫ്റ്റി ഏണിംഗ്‌സ് 18 ശതമാനം വളര്‍ന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 48 ശതമാനം വളര്‍ന്ന് 750ലെത്തി. രണ്ട് വര്‍ഷത്തില്‍ ഏണിംഗ്‌സ് 65 ശതമാനം വളര്‍ച്ച കാണിച്ചു.
2023 സാമ്പത്തിക വര്‍ഷത്തില്‍ നിഫ്റ്റി ഏണിംഗ്‌സ് 870 ന് അടുത്താകാനാണിട. 18,000 നിഫ്റ്റിയില്‍ ഫോര്‍വേഡ് പിഇ അനുപാതം 20ന് മുകളിലാകും. താമസിയാതെ വിപണി 2024 സാമ്പത്തിക വര്‍ഷത്തിലെ ഏണിംഗ്‌സ് ഡിസ്‌കൗണ്ട് ചെയ്യാന്‍ തുടങ്ങും. 2024 സാമ്പത്തിക വര്‍ഷത്തിലെ നിഫ്റ്റി ഏണിംഗ്‌സ് (980) പരിഗണിക്കുമ്പോള്‍ ട്രേഡിംഗ് 18 ഓളം മാത്രമാണ്. അങ്ങനെ നോക്കുമ്പോള്‍ വാല്യുവേഷന്‍ വളരെ ഉയര്‍ന്നതാണെന്ന് പറയാനും പറ്റില്ല. വളര്‍ച്ചയെയും വരുമാനത്തെയുമാണ് മൂലധനം പിന്തുടരുക. അത് വെച്ച് നോക്കുമ്പോള്‍ ഇന്ത്യയാണ് ഏറ്റവും മികച്ച എമര്‍ജിംഗ് മാര്‍ക്കറ്റ് എന്നു പറയേണ്ടി വരും.
സെക്ടറുകളുടെ ചാക്രികചലനം
വിപണിയില്‍ വിവിധ സെക്ടറുകളുടെ കയറ്റിറക്കങ്ങള്‍ പ്രകടമാണെന്താണ് മറ്റൊരു കാര്യം. 2020ല്‍ കോവിഡ് പിടിമുറുക്കിയ കാലത്ത് ഫാര്‍മയായിരുന്നു തിളങ്ങുന്ന സെക്ടര്‍. 2021ല്‍ ഡിജിറ്റലൈസേഷന് ലഭിച്ച ഊന്നലിന്റെ പിന്‍ബലത്തില്‍ ഐറ്റി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സെക്ടറായി. 2022ല്‍ ഐറ്റിയുടെ പ്രകടനം ദുര്‍ബലമായി അപ്പോള്‍ ഓട്ടോ രംഗം മികച്ച പ്രകടനത്തോടെ ഉയര്‍ന്നു വന്നു. ഓട്ടോ രംഗത്തിന് പിന്നാലെ ഫിനാന്‍ഷ്യല്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി രംഗവും നല്ല പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു. സെപ്റ്റംബര്‍ 23 വരെയുള്ള ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 31 ശതമാനം തിരുത്തല്‍ ഐറ്റി സെക്ടറില്‍ ഉണ്ടായതോടെ വാല്യു ഇന്‍വെസ്റ്റേഴ്‌സിന് ദീര്‍ഘകാല ലക്ഷ്യത്തോടെ വാങ്ങാനുള്ള അവസരവും ആ രംഗത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
നിക്ഷേപകര്‍ മനസിലാക്കേണ്ട കാര്യം ദീര്‍ഘകാല കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഉയര്‍ന്ന വാല്യുവേഷന്‍ നീതീകരിക്കാവുന്ന തലത്തിലാണ്. വിപണിയെ സ്വാധീനിക്കാവുന്ന തരത്തിലുള്ള ഹ്രസ്വകാല സംഭവവികാസങ്ങള്‍ ഉണ്ടായേക്കും. അതുകൊണ്ട് നിക്ഷേപകര്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നതിനോടൊപ്പം അല്‍പ്പം ജാഗ്രതയും കാണിക്കണം.
എല്ലാ താഴ്ചകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സെക്ടറുകളിലെ ഹൈ ക്വാളിറ്റി ഓഹരികള്‍ വാങ്ങുക. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ ദീര്‍ഘകാലം നടത്തുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് തീര്‍ച്ചയായും വളരെ നല്ല നേട്ടം സമ്മാനിക്കുക തന്നെ ചെയ്യും.