

വോഡഫോൺ ഐഡിയ (Vi) ഓഹരികൾ 4 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ (1 വര്‍ഷം) ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ഇന്ന് നടന്ന വ്യാപാരത്തിനിടെ ഓഹരി വില 12.50 രൂപ വരെയായി ഉയർന്നു. എ.ജി.ആര്‍ കുടിശ്ശികയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് വലിയ ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഓഹരിയുടെ മുന്നേറ്റത്തിന് കാരണമായത്.
വോഡഫോൺ ഐഡിയയുടെ എജിആർ കുടിശ്ശികയിൽ പലിശയും പിഴയും ഭാഗികമായി ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ ഇന്ന് യോഗം ചേരുമെന്ന റിപ്പോർട്ടുകളാണ് ഓഹരി വിലയിലെ വർധനവിനുളള പ്രധാന കാരണം. പലിശയും പിഴയും ഒഴിവാക്കുന്നതിലൂടെ കമ്പനിക്ക് വലിയ ആശ്വാസം ലഭിക്കുമെന്നാണ് കരുതുന്നത്. കമ്പനിക്ക് ഏകദേശം 83,400 കോടി രൂപയുടെ എജിആർ കുടിശ്ശികയാണ് ഉളളത്.
കഴിഞ്ഞ ഓഗസ്റ്റിൽ 6.12 രൂപ എന്ന താഴ്ന്ന നിലവാരത്തിലായിരുന്ന ഓഹരി വില നാല് മാസത്തിനുള്ളിലാണ് ഇരട്ടിയിലധികമായി വര്‍ധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 25 ശതമാനത്തിലധികം നേട്ടമാണ് ഓഹരി കൈവരിച്ചത്. വോഡഫോൺ ഐഡിയയുടെ നിലവിലെ വിപണി മൂല്യം (Market Cap) ഏകദേശം 1.34 ലക്ഷം കോടി രൂപയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയിൽ കേന്ദ്ര സർക്കാരിന് നിലവിൽ ഏകദേശം 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. നേരത്തെ കുടിശ്ശികകൾ ഇക്വിറ്റിയാക്കി മാറ്റിയതിലൂടെയാണ് സർക്കാർ കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായത്. 19.8 കോടി വരിക്കാരും 18,000 ത്തിലധികം ജീവനക്കാരുമുള്ള കമ്പനിക്ക് സർക്കാരിൻ്റെ ഈ പുതിയ നീക്കം നിലനിൽപ്പിന് അത്യാവശ്യമാണ്. 2017 സാമ്പത്തിക വര്‍ഷം (FY17) വരെയുള്ള കുടിശ്ശികകൾ പുനർനിർണയിക്കാൻ സുപ്രീം കോടതി നേരത്തെ അനുമതി നൽകിയതും കമ്പനിക്ക് അനുകൂലമായ ഘടകമാണ്.
Vodafone Idea shares hit 52-week high on expectations of government relief in AGR dues.
Read DhanamOnline in English
Subscribe to Dhanam Magazine