വിപണി തിരിച്ചടി നേരിടുമ്പോഴും മുന്നേറുന്ന ലോ-ബീറ്റ ഓഹ​രികൾ; സ്മാർട്ട് ഇൻവെ​സ്റ്റേഴ്സിന്റെ ഇഷ്ട ചോയ്സ്

ഇന്ത്യൻ വിപണി കടുത്ത പരീക്ഷണം നേരിട്ട കഴിഞ്ഞ ഒരു മാസത്തിനിടെ നേട്ടം സ്വന്തമാക്കിയ പകുതിയിലധികം ഓഹരികളേയും പരിശോധിച്ചാൽ പൊതുവായൊരു പ്രത്യേകത കാണാനാകും. ഇവയുടെ ബീറ്റ റോഷ്യോ 0.9-ന് താഴെയാകുന്നു.
low beta stocks
canva
Published on

വിപണിയിൽ കനത്ത ചാഞ്ചാട്ടം തലപൊക്കുമ്പോൾ, മിക്ക നിക്ഷേപകരുടേയും മനസ്സിലേക്ക് എത്തുന്ന ഒരു ചോദ്യമാണ് — "ഇനി എവിടെ നിക്ഷേപിക്കണം?" എന്നത്. തങ്ങളുടെ പോർട്ട്ഫോളിയോ ചുവപ്പണിയുമ്പോൾ ഇത്തരം ആശങ്കയുയരുന്നതും സ്വാഭാവികം. എന്നാൽ വിപണിയിൽ തിരിച്ചടി നേരിടുന്ന വേളയിലും, ശാന്തമായി മുന്നേറുന്ന ഒരു വിഭാ​ഗം ഓഹരികൾ ഇവിടെ എല്ലായ്പ്പോഴും ഉണ്ടെന്ന വസ്തുത പലരും മറക്കുന്നു.

പരീക്ഷണം അതിജീവിച്ച ഓഹരികൾ

പശ്ചിമേഷ്യയിൽ ഇറാനും യു.എസ് - ഇസ്രായേൽ സഖ്യവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതും, ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡോയിൽ, പ്രകൃതി വാതക വിതരണം പ്രതിസന്ധി നേരിടുന്നതും ഇതിനെ തുർന്ന് ആഗോള തലത്തിൽ നിഴലിക്കുന്ന അനിശ്ചിതത്വവും ഒക്കെ കാരണം കഴിഞ്ഞ ഒരു മാസത്തിനിടെ ആഭ്യന്തര വിപണിയുടെ പ്രധാന അടിസ്ഥാന ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റിയും ബിഎസ്ഇ സെൻസെക്സും 7 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.

എന്നാൽ ഈ തകർച്ചയ്ക്കിടയിലും ബിഎസ്ഇയുടെ പ്രധാനപ്പെട്ട ബ്രോഡർ മാർക്കറ്റ് സൂചികയായ ബിഎസ്ഇ-500ന്റെ ഭാ​ഗമായ 135 ഓഹരികൾ ഒരു ശതമാനത്തിലേറെ മുന്നേറ്റം രേഖപ്പെടുത്തി. ഇതിൽ തന്നെ 35 ഓഹരികൾ, ഇരട്ടയക്ക നിരക്കിലുള്ള നേട്ടമാണ് കൈവരിച്ചത്. കൂടാതെ ആറ് ഓഹരികൾ ഒരു വർഷത്തെ ഉയർന്ന നിലവാരത്തിന് തൊട്ടടുത്തേക്കും എത്തിച്ചേർന്നു. അതേസമയം ഇന്ത്യൻ വിപണി കടുത്ത പരീക്ഷണം നേരിട്ട കഴിഞ്ഞ ഒരു മാസത്തിനിടെ നേട്ടം സ്വന്തമാക്കിയ പകുതിയിലധികം ഓഹരികളേയും പരിശോധിച്ചാൽ പൊതുവായൊരു പ്രത്യേകത കാണാനാകും. ഇവയുടെ ബീറ്റ റോഷ്യോ (Beta Ratio) 0.9-ന് താഴെയാകുന്നു.

എന്താണ് ലോ-ബീറ്റ ഓഹരികൾ?

ബീറ്റ റേഷ്യോ എന്നത് ഒരു ഓഹരി, വിപണിയിൽ നേരിടുന്ന ചാഞ്ചാട്ടത്തോട് എത്രത്തോളം പ്രതികരിക്കുന്നുവെന്ന് കാണിക്കുന്ന അളവുകോലാണ്. ബീറ്റ 1-ന് താഴെ ആകുമ്പോൾ, വിപണി ഇടിയുന്ന വേളയിലും താരതമ്യേന സ്ഥിരത പാലിക്കുന്നു. ഉദ്ദാഹരണത്തിന് ഒരു ഓഹരിയുടെ ബീറ്റ റേഷ്യോ 0.5 ആണെന്ന് കരുതുക. എങ്കിൽ അടിസ്ഥാന സൂചിക ഒരു ശതമാനം വീഴുമ്പോൾ ആ ഓഹരി 0.5 ശതമാനം വരെ താഴാമെന്നാണ് അ‌ർത്ഥം. അതിനാൽ, വിപണിയിൽ തകർച്ച നേരിടുന്ന വേളയിൽ, ലോ-ബീറ്റ ഓഹരികൾ നിക്ഷേപകർക്ക് ഒരു സുരക്ഷാ സങ്കേതമാകുന്നു.

ശക്തി തെളിയിച്ച ഓഹരികൾ

ഹിറ്റാച്ചി എനർജി ഇന്ത്യ, ഫിനോലെക്സ് കേബിൾസ്, ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ, കൃഷ്ണ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ലിൻഡെ ഇന്ത്യ, ഷോഫ്‌ലർ ഇന്ത്യ, സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ, ചെന്നൈ പെട്രോളിയം കോർപറേഷൻ, ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനി, സൺ ടിവി നെറ്റ്‍വർക്ക്, വർധമാൻ ടെക്​സ്റ്റൈൽസ്, ജെബി കെമിക്കൽസ് & ഫാർമ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ, വിപണി തിരിച്ചടി നേരിട്ട കഴി‍ഞ്ഞ ഒരു മാസത്തിനിടെ 10 മുതൽ 35 ശതമാനം വരെ നേട്ടം കരസ്ഥമാക്കി.

ഇവയിൽ പല കമ്പനികളും ഇന്ത്യ കേന്ദ്രീകരിച്ച്, മികച്ച ബിസിനസ്സ് നേടുന്നവരാണെന്നത് ശ്രദ്ധേയം. കൂടാതെ സ്ഥിരതയാർന്ന തോതിൽ വരുമാന വളർച്ച നേടുന്നതും ശക്തമായ ഓർഡർ ബുക്കും ഇവയ്ക്ക് പിന്തുണയേകുന്നു.

നിക്ഷേപകർക്കുള്ള പാഠം

വിപണിയിൽ ചാഞ്ചാട്ടങ്ങൾ വരും, പോകും. എന്നാൽ അടിസ്ഥാനപരമായി ശക്തവും ഭദ്രവും ബീറ്റ റേഷ്യോ കുറഞ്ഞതുമായ കമ്പനികളുടെ ഓഹരികൾ കാലഘട്ടത്തിന്റെ പരീക്ഷണങ്ങൾ അതിജീവിക്കും. അതിനാൽ, വിപണി ഇടിയുമ്പോൾ ഭയപ്പെടുന്നതിനു പകരം ഫണ്ടമെന്റൽസ് സ്ട്രോങ് ആയിട്ടുള്ള, ലോ-ബീറ്റ ​സ്റ്റോക്കുകളെ കണ്ടെത്തി, ക്ഷമാപൂർവം നിക്ഷേപിക്കുന്നതാണ് ദീർഘകാല വിജയത്തിലേക്കുള്ള ശരിയായ വഴിയെന്ന് ഓർക്കുക.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com