പോര്‍ഷെ ഐപിഒ തുടങ്ങി; ഫോക്‌സ് വാഗണ്‍ ലക്ഷ്യമിടുന്നത് 9.4 ബില്യണ്‍ യൂറോ

പ്രശസ്ത സ്‌പോര്‍ട്‌സ് കാര്‍ ബ്രാന്‍ഡായ പോര്‍ഷെയുടെ പ്രാരംഭ ഓഹരി വില്‍പ്പന ( Porsche IPO) ആരംഭിച്ചു. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ് വാഗണ്‍ എജിക്ക് (Volkswagen AG) കീഴിലുള്ള പോര്‍ഷെ 9.4 ബില്യണ്‍ യൂറോയാണ് (9.41 ബില്യണ്‍ ഡോളര്‍) ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യദിനം ഐപിഒ നിരവധി മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബര്‍ 20 മുതല്‍ 28 വരെയാണ് ഐപിഒ നടക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ ഐപിഒ ആണ് പോര്‍ഷെയുടേത്. 2011ലെ ലണ്ടന്‍ ഗ്ലെന്‍കോറിന് (Glencore Plc) ശേഷം (10 ബില്യണ്‍ ഡോളര്‍) ആദ്യമായാണ് യൂറോപ്പില്‍ ഐപിഒയിലൂടെ ഇത്രയും വലിയ തുക സമാഹരിക്കുന്നത്. 25 ശതമാനം ഓഹരികളാണ് ഐപിഒയിലൂടെ പോര്‍ഷെ വില്‍ക്കുന്നത്.

ഫ്രാങ്ക്ഫര്‍ട്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലാണ് കമ്പനി ലിസ്റ്റ് ചെയ്യുന്നത്. ലിസ്റ്റിംഗിലൂടെ പോര്‍ഷെയുടെ വിപണി മൂല്യം 70-75 ബില്യണ്‍ യൂറോയായി ഉയര്‍ത്തുകയാണ് ഫോക്‌സ് വാഗണിന്റെ ലക്ഷ്യം. 85 ബില്യണ്‍ യൂറോയുടെ മൂല്യം പ്രതീക്ഷിച്ച സ്ഥാനത്ത് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ പരിഗണിച്ചാണ് ലക്ഷ്യം പുതുക്കിയത്. ഐപിഒയുടെ ആദ്യ ദിനം ഫോക്‌സ് വാഗണിന്റെ ഓഹരികളും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിലവില്‍ (ഇന്ത്യന്‍ സമയം 3.20 PM) 1.35 ശതമാനം അഥവാ 1.94 യുറോ ഉയര്‍ന്ന് 148.90 യൂറോയാണ് ഫോക്‌സ് വാഗണ്‍ ഓഹരികളുടെ വില.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it