ഓഹരി വിപണിയിലൂടെ എങ്ങനെ സമ്പന്നനാകാം? മികച്ച ഓഹരികൾ തിരഞ്ഞെടുക്കാനുള്ള വാറൻ ബഫറ്റിന്റെ തന്ത്രങ്ങൾ ഇതാ

ഓഹരി വിപണിയിലെ അതിവേഗത്തിലുള്ള ചലനങ്ങൾക്കും ആവേശങ്ങൾക്കും പിന്നാലെ ഓടാതിരിക്കുക
Warren Buffett
X /Warren Buffett
Published on

ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ വലിയ സമ്പത്ത് കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപദേശവുമായി ലോകപ്രശസ്ത നിക്ഷേപകൻ വാറൻ ബഫറ്റ്. ക്ഷമയോടെ ശരിയായ അവസരത്തിനായി കാത്തിരിക്കുക എന്ന ലളിതമാണ് പാഠമാണ് ആദ്യം സ്വീകരിക്കേണ്ടത്. ഓഹരി വിപണിയിൽ അതിവേഗത്തിലുള്ള ചലനങ്ങൾക്കും ആവേശങ്ങൾക്കും പിന്നാലെ ഓടാതിരിക്കുക (NEVER CHASE) എന്നതാണ് അടുത്തതായി മനസിലാക്കേണ്ട ഏറ്റവും വലിയ പാഠം.

ബിസിനസിനെക്കുറിച്ച് വ്യക്തമായ ധാരണ

എത്ര മികച്ച കമ്പനിയാണെങ്കിലും ഉയർന്ന വിലയിൽ വാങ്ങുന്നതിനേക്കാൾ, ഗുണമേന്മയുള്ള ഓഹരികൾ ആകർഷകമായ വിലയിൽ (Value) ലഭിക്കുന്നത് വരെ കാത്തിരിക്കാൻ അദ്ദേഹം നിർദ്ദേശിക്കുന്നു. ബേസ്ബോൾ ഇതിഹാസം ടെഡ് വില്യംസിന്റെ തന്ത്രം ഇതിന് ഉദാഹരണമായി ബഫറ്റ് ചൂണ്ടിക്കാട്ടുന്നു. ശരിയായ സമയത്ത് കൃത്യമായി ബാറ്റ് വീശുമ്പോഴാണ് ബേസ്ബോളിൽ സ്കോര്‍ ചെയ്യാന്‍ സാധിക്കുക. ഹിറ്റിംഗിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ശരിയായ പിച്ചിനായി കാത്തിരിക്കുക എന്നതാണ്. പന്തുകൾക്ക് നേരെ ബാറ്റ് വീശാത്ത പക്ഷം അത് ഔട്ട് (Called strikes) ആകാൻ കാരണമാകും. അതിനാല്‍ സ്കോര്‍ ചെയ്യാന്‍ തിരഞ്ഞെടുത്ത പന്തുകളായിരിക്കണം ഉപയോഗപ്പെടുത്തേണ്ടത്.

മൈക്രോസോഫ്റ്റോ ജനറൽ മോട്ടോഴ്‌സോ പോലുള്ള എത്ര വലിയ കമ്പനികളുടെ ഓഹരികൾ നിങ്ങളുടെ മുന്നിലേക്ക് വന്നാലും, നിങ്ങൾക്ക് ആ ബിസിനസിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെങ്കിൽ അല്ലെങ്കിൽ അതിന്റെ വില കുറവല്ലെങ്കിൽ അതിൽ നിക്ഷേപിക്കാൻ നിങ്ങൾ നിർബന്ധിതനല്ല. ആയിരക്കണക്കിന് കമ്പനികളെ നിരീക്ഷിച്ച ശേഷം, നിങ്ങൾക്ക് പൂർണ്ണ ബോധ്യമുള്ളവയിൽ മാത്രം നിക്ഷേപം നടത്തുക.

ജീവിതകാലം മുഴുവൻ നിക്ഷേപിക്കാൻ നിങ്ങൾക്ക് ആകെ 20 അവസരങ്ങൾ (Punch card) മാത്രമേ ഉള്ളൂ എന്ന് സങ്കൽപ്പിക്കുകയാണെങ്കിൽ, നിങ്ങൾ ഓരോ തീരുമാനവും വളരെ ആഴത്തിൽ ചിന്തിച്ച് മാത്രമേ എടുക്കുകയുള്ളൂ. ബഫറ്റിനെ ലോകത്തെ മികച്ച നിക്ഷേപകനാക്കിയത് അച്ചടക്കം, ലളിതമായ ചിന്താഗതി, യുക്തിസഹമായ തീരുമാനങ്ങൾ എന്നീ ശീലങ്ങളാണ്. സമ്പന്നനാകാൻ ജീവിതകാലത്ത് നൂറുകണക്കിന് ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടതില്ല; മറിച്ച് നാലോ അഞ്ചോ മികച്ച തീരുമാനങ്ങൾ മാത്രം മതിയാകും വലിയ സമ്പത്ത് കെട്ടിപ്പടുക്കാനെന്നും ബഫറ്റ് ഓര്‍മ്മിപ്പിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com