

95 കാരനായ നിക്ഷേപക ഇതിഹാസം വാറന്‍ ബഫറ്റ്, ബര്‍ക്‌ഷെയര്‍ ഹാത്തവേയുടെ സിഇഒ സ്ഥാനത്ത് നിന്ന് ഡിസംബര്‍ 31-ന് സ്ഥാനമൊഴിയും. ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഇക്വിറ്റി നിക്ഷേപകനാണ് അദ്ദേഹം. ബഫറ്റിന്റെ വാര്‍ഷിക എഴുത്തുകള്‍, അഭിമുഖങ്ങള്‍, പതിറ്റാണ്ടുകളുടെ അനുഭവത്തഴക്കം എന്നിവയെല്ലാം ഓഹരി വിപണിയില്‍ ഇറങ്ങുന്നവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളാണ്. അത്തരത്തിലുള്ള 10 പാഠങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാട്ടാം.
1. മൂലധനം കളയാതെ നോക്കണം.
ബഫറ്റ് പറയും, ഓഹരി വിപണിയില്‍ ഇറങ്ങുന്നവര്‍ക്കുള്ള ആദ്യ ഉപദേശം ഇതാണ് -റൂള്‍ നമ്പര്‍-1: മുടക്കിയ പണം കളയാതെ നോക്കണം, റൂള്‍ നമ്പര്‍ 2: റൂള്‍ നമ്പര്‍ വണ്‍ മറക്കരുത്! മൂലധനം സംരക്ഷിക്കുന്നത് സമ്പത്ത് സൃഷ്ടിക്കുന്നതിന്റെ ആദ്യ പടിയാണെന്നര്‍ഥം.
2. ശരിക്കും മനസിലായതില്‍ മാത്രം നിക്ഷേപിക്കുക
കഴിവിനനുസരിച്ച് നിക്ഷേപിച്ചാല്‍ മതി. പക്ഷേ, നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുന്ന ബിസിനസില്‍ മാത്രം നിക്ഷേപിക്കുക. അത് അപകടസാധ്യത കുറക്കും. ഒരു ബിസിനസ് പണം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കൃത്യമായി വിശദീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതില്‍ നിക്ഷേപിക്കരുത്.
3. ദീര്‍ഘകാലത്തേക്ക് ചിന്തിക്കുക
ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യും! ഓഹരി വിപണിയില്‍ എത്രകാലത്തേക്ക് നിക്ഷേപിക്കണമെന്നാണെങ്കില്‍, എക്കാലത്തേക്കും എന്നാണ് ബഫറ്റിന്റെ മറുപടി. ദീര്‍ഘകാല ക്ഷമ കോമ്പൗണ്ടിംഗിനെ അതിന്റെ മാന്ത്രികതയിലേക്ക് ഉയര്‍ത്താന്‍ സഹായിക്കും.
4. സ്മാര്‍ട്ട് ബിസിനസില്‍ പണം മുടക്കുക
വിലകുറഞ്ഞ ഓഹരികള്‍ക്ക് പിന്നാലെ പോകരുത്. വളര്‍ച്ചാ സാധ്യതയുള്ള, മത്‌സരശേഷിയുള്ള, ഉയര്‍ന്ന നിലവാരമുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചാല്‍ പിന്നെു ദുഃഖിക്കേണ്ടി വരില്ല.
5. കമ്പനിയുടെ മൂല്യം നോക്കുക
കമ്പനിയുടെ യഥാര്‍ഥ മൂല്യം വിലയിരുത്തുക. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ മുന്‍നിര്‍ത്തി നിക്ഷേപിക്കുന്നതിനു മുമ്പ് സുരക്ഷിതമായ പൊസിഷന്‍ ഏതാണെന്ന് അറിയുക.
6. വായ്പ വാങ്ങി നിക്ഷേപിക്കരുത്
നിക്ഷേപിക്കാന്‍ ഒരിക്കലും കടം വാങ്ങരുത്. കടം മാന്ദ്യങ്ങളില്‍ നഷ്ടം വര്‍ദ്ധിപ്പിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ സംയമനമാണ് അഭികാമ്യം.
7. പിടിച്ചു കെട്ടാന്‍ നോക്കരുത്
വിപണിയെ പിടിഞ്ഞു കെട്ടാമെന്ന ധാരണ വേണ്ട. കുറഞ്ഞ വിലയ്ക്ക് വാങ്ങാനും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനും ശ്രമിക്കുന്നത് വളരെ അപൂര്‍വമായി മാത്രമേ വിജയിക്കാറുള്ളൂ. ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും നിക്ഷേപം നിലനിര്‍ത്തുന്നത് സാധാരണയായി മികച്ച ദീര്‍ഘകാല ഫലങ്ങള്‍ നല്‍കുന്നു.
8. വെറുതെ 'വികാരി'യാകരുത്
ഭയവും അത്യാഗ്രഹവും വിപണിക്ക് ചേര്‍ന്നതല്ല. ബുദ്ധിമാനായ നിക്ഷേപകര്‍ വൈകാരികമായി പ്രതികരിക്കുന്നതിനുപകരം ചാഞ്ചാട്ടങ്ങളെ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുന്നു.
9. കോമ്പൗണ്ടിംഗിലാണ് ശക്തി
നേരത്തെ നിക്ഷേപിച്ചു തുടങ്ങുക. തുടര്‍ച്ചയായി നിക്ഷേപിച്ചുകൊണ്ടേയിരിക്കുക. ഫലം അത്ഭുതാവഹമായിരിക്കും.
10. ആരവങ്ങളല്ല, പ്രധാനം അടിസ്ഥാനം
വമ്പന്‍ തലക്കെട്ടുകള്‍ പിടിച്ചടക്കുന്ന കമ്പനിയല്ല പ്രധാനം. ബിസിനസ്സ് ഫലങ്ങള്‍, മാനേജ്‌മെന്റ് ഗുണനിലവാരം, അടിസ്ഥാനകാര്യങ്ങള്‍ എന്നിവയാകണം നിക്ഷേപത്തിന്റെ പ്രേരണ.
Read DhanamOnline in English
Subscribe to Dhanam Magazine