പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല ! ഓഹരി വിപണി ഇടിയുമ്പോള്‍ വെറുതെ ഇരിക്കാനോ? അതെന്തു വിഢിത്തം? ഉത്തരം വാറൻ ബഫറ്റ് പറഞ്ഞു തരും

ലോകം 'കുലുങ്ങിയിട്ടും' ബഫറ്റ് പിടിച്ചുനിന്നു, ഇതാണ് രഹസ്യം!
stock market
Image courtesy: Canva
Published on

ഇനി എന്ത്? ഓഹരി വിപണിയെ കുറിച്ചാണ് ഈ ചോദ്യം. ഒന്നും ചെയ്യേണ്ടതില്ല, സമയവും പണവും ഉണ്ടെങ്കില്‍ ദീര്‍ഘയാത്രകള്‍ നടത്തിക്കോളൂ - ഇതാണ് ഉത്തരം.

മികച്ച മാനേജ്മെന്റും നല്ല പ്രവര്‍ത്തന പാരമ്പര്യവും ഒന്നാംതരം ബിസിനസുമുള്ള കമ്പനികളുടെ ഓഹരികളാണ് നിങ്ങളുടെ പക്കല്‍ ഉള്ളതെങ്കില്‍ ഒന്നും ചെയ്യാതെ ഇരുന്നാല്‍ മതി. വിപണി ഇനിയും കൂടുതല്‍ താഴാം. ആ ഓഹരികളും താഴാം. അതിനെപ്പറ്റി ചിന്തിക്കേണ്ടതില്ല.

ഇങ്ങനെ പറഞ്ഞാല്‍ ആര്‍ക്കും രസിക്കില്ല. ഓഹരി വിപണി തകരുമ്പോള്‍ വെറുതെ ഇരിക്കാനോ? എന്തു വിഡ്ഢിത്തം?

എന്നാല്‍ വെറുതെയിരുന്ന ഒരാളുണ്ട്. ബെര്‍ക്‌ഷെയര്‍ ഹാഥവേയുടെ സ്ഥാപകന്‍ വാറന്‍ ബഫറ്റ്. ഈ ജനുവരി ഒന്നിനു ശേഷം സ്വന്തം സമ്പത്ത് വര്‍ധിപ്പിച്ച ഏക ശതകോടീശ്വരന്‍ ബഫറ്റാണ്. 1,270 കോടി ഡോളര്‍ വര്‍ധനവാണ് അദ്ദേഹത്തിന് ഉണ്ടായത്. മറ്റ് 499 ശതകോടിപതികള്‍ക്ക് മൊത്തം 53,600 കോടി ഡോളര്‍ നഷ്ടം വന്ന സമയത്താണിത്. ഇലോണ്‍ മസ്‌കും ജെഫ് ബെസോസും സക്കര്‍ബര്‍ഗും ഒക്കെ പണം നഷ്ടമാക്കി. മസ്‌കിനു മാത്രം നഷ്ടം 13,000 കോടി ഡോളര്‍. 400 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ നിന്ന് 300 ബില്യണിന് താഴേക്കു നീങ്ങി.

ഓഹരികള്‍ വിറ്റ് പണമാക്കി

ഓഹരികള്‍ നല്ല ഉയരത്തിലായിരുന്ന കഴിഞ്ഞ വര്‍ഷം ബഫറ്റ് പല ഓഹരികളും വിറ്റ് പണമാക്കി. 30,000 കോടിയില്‍ പരം ഡോളര്‍ പലിശ കിട്ടാവുന്ന നിക്ഷേപങ്ങളിലേക്ക് മാറ്റി. ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ വന്ന നഷ്ടം പലിശവഴി നികത്തി. ഓഹരി നിക്ഷേപകര്‍ക്കുള്ള ബഫറ്റിന്റെ ഉപദേശങ്ങളില്‍ ഒന്ന് ശ്രദ്ധേയമാണ്. ''മറ്റുള്ളവര്‍ ആര്‍ത്തിപിടിച്ചു വാങ്ങിക്കൂട്ടുമ്പോള്‍ നിങ്ങള്‍ ഭയന്നുമാറി നില്‍ക്കുക. മറ്റുള്ളവര്‍ ഭയന്നു നില്‍ക്കുമ്പോള്‍ ആര്‍ത്തിയോടെ വാങ്ങിക്കൂട്ടുക.'' അത് അദ്ദേഹം പ്രാവര്‍ത്തികമാക്കുകയാണ് ചെയ്തത്.

2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ന്യൂയോര്‍ക്ക് ടൈംസില്‍ ബഫറ്റ് എഴുതി: ''ഇപ്പോള്‍ പണമോ തത്തുല്യ നിക്ഷേപങ്ങളോ ഉള്ളവര്‍ തങ്ങളുടെ നില ഭദ്രമാണെന്ന് കരുതി സമാധാനിക്കും. പക്ഷേ അത് പാടില്ല. ഇത് അവസരമായി എടുത്ത് ഓഹരികളില്‍ നിക്ഷേപിക്കുക.

അടുത്ത ഒരു ദശകക്കാലം ഓഹരികള്‍ പണത്തേക്കാള്‍ ഗണ്യമായ വളര്‍ച്ച നേടും. ദീര്‍ഘകാല സമ്പത്ത് വര്‍ധിപ്പിക്കാനുള്ള ഏറ്റവും സ്മാര്‍ട്ടായ മാര്‍ഗമാണ് തകര്‍ന്ന വിപണിയിലെ ഓഹരികള്‍ വാങ്ങുന്നത്.''

വിപണിയില്‍ നിരന്തരം നിക്ഷേപിച്ചു കൊണ്ട് ഇരിക്കുക. വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ അസാധാരണമാംവിധം സമ്പത്ത് ഉണ്ടാക്കിയിരിക്കും എന്നാണ് ബഫറ്റ് പറയുന്നത്. 2000ലെ ഡോട് കോം കുമിളയുടെ തകര്‍ച്ചയും 2008ലെ ആഗോള മാന്ദ്യവും 2020ലെ കോവിഡ് മഹാമാരിയും എല്ലാം വിപണിയില്‍ വലിയ തകര്‍ച്ചകള്‍ക്ക് കാരണമായി. പക്ഷേ 2000ത്തിന്റെ തുടക്കത്തില്‍ അമേരിക്കയിലെ എസ് ആന്‍ഡ് പി 500 സൂചികയില്‍ പണം നിക്ഷേപിച്ച ഒരാള്‍ക്ക് തന്റെ സമ്പത്ത് 2025ല്‍ 248 ശതമാനം കണ്ടു വര്‍ധിച്ചതായി കാണാം.

2000 ജനുവരിയില്‍ നിഫ്റ്റി 1,638.7 പോയിന്റ് ആയിരുന്നു. 2025 ഏപ്രില്‍ ആറിലെ വലിയ തകര്‍ച്ചയ്ക്കു ശേഷം നിഫ്റ്റി 22,161.6ല്‍ എത്തി. വര്‍ധന 1252 ശതമാനം. അതേ, വിപണികള്‍ നിക്ഷേപകരെ സമ്പന്നരാക്കുന്നു. നിക്ഷേപ അച്ചടക്കം പാലിക്കുന്നവര്‍ക്കു മാത്രമേ ഈ നേട്ടം സ്വന്തമാക്കാനാവൂ.

കാലിടറുന്നത് എവിടെ?

എല്ലാവര്‍ക്കും കാലിടറുന്നത് വിപണിയിലെ ആള്‍ക്കൂട്ടത്തിനു പിന്നാലെ ഓടുന്നിടത്താണ്. ആള്‍ക്കൂട്ടം എന്നും എവിടെയും യുക്തിരഹിതമായാണ് നീങ്ങുക. കൂട്ടത്തിലെ ഏറ്റവും വിവരം കുറഞ്ഞവരുടെ വിവരമാണ് ആള്‍ക്കൂട്ടത്തെ നയിക്കുക. അതുകൊണ്ടാണ് ആള്‍ക്കൂട്ടത്തിന് വിപരീതമായി ചിന്തിക്കുന്നവര്‍ വിജയിക്കുന്നത്. 2023ലും 24ലും ആപ്പിള്‍ ഓഹരി വിറ്റ ബഫറ്റിനെ ജനങ്ങള്‍ സംശയിച്ചു. 90 വയസ് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് കാഴ്ചപ്പാട് തെറ്റിയോ എന്നു പലരും ചിന്തിച്ചു. പക്ഷേ 2025 ബഫറ്റിനെ ശരിവെച്ചു.

വിപണികള്‍ ഇടിഞ്ഞാല്‍ വീണ്ടും തിരിച്ചുകയറും. അതാണ് ചരിത്രം. 1992ലെ ഹര്‍ഷദ് മേത്താ കുംഭകോണം പുറത്തുവന്നപ്പോള്‍ ഉണ്ടായ തകര്‍ച്ച മുതല്‍ അത് കാണുന്നതാണ്. പക്ഷേ ഓരോ തകര്‍ച്ചയും വരുമ്പോള്‍ ഇനിയൊരു തിരിച്ചുകയറ്റം ഇല്ലെന്ന വിധമാണ് പല നിക്ഷേപകരും പെരുമാറുന്നത്. അതാണ് ഒഴിവാക്കേണ്ട പെരുമാറ്റം.

വീണ്ടും പ്രഭാതമുണ്ട്, വീണ്ടും പക്ഷികള്‍ പാടും, വീണ്ടും പൂക്കള്‍ വിടരും. ഇന്ത്യന്‍ വിപണി ഇനിയും ശക്തമായി കയറും. ക്ഷീണിച്ച് അവശമായ ഓഹരികള്‍ തിരികെ ഉയരങ്ങളിലേക്കു നീങ്ങും. നിക്ഷേപക സമ്പാദ്യം വീണ്ടും വളരും. അല്‍പ്പകാലം ക്ഷമയോടെ കാത്തിരിക്കണമെന്നു മാത്രം. ബഫറ്റില്‍ നിന്നുള്ള പാഠങ്ങള്‍ വിപണിയുടെ നല്ല സമയങ്ങളിലും ചീത്ത സമയങ്ങളിലും പ്രസക്തമാണ്.

(Originally published in Dhanam Magazine 30 April 2025 issue.)

Warren Buffett's strategy when the stock market crashes.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com