Begin typing your search above and press return to search.
ഓഹരി വിപണിയില്‍ ഇപ്പോള്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
ഓഹരി വിപണിയില്‍ ബുള്‍ തരംഗമാണിപ്പോള്‍. കൊവിഡ് കാലത്ത് (2020 മാര്‍ച്ച്) നിഫ്റ്റി സൂചിക 7,511 പോയിന്റാണ് രേഖപ്പെടുത്തിയതെങ്കില്‍ ഇന്നത് മൂന്ന് മടങ്ങിലേറെ കുതിച്ചുയര്‍ന്നിരിക്കുന്നു. നിക്ഷേപകര്‍ക്ക് മികച്ച റിട്ടേണും സമ്മാനിച്ചിട്ടുണ്ട്.
ഓഹരിവിപണി നല്‍കിയ തിളക്കമാര്‍ന്ന നേട്ടം ലക്ഷക്കണക്കിന് പുതുനിക്ഷേപകരെ വിപണിയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. രാജ്യത്തെ ഡീമാറ്റ് എക്കൗണ്ടുകളുടെ എണ്ണം 2020 ഏപ്രിലില്‍ 4.09 കോടിയായിരുന്നുവെങ്കില്‍ 2024 ഏപ്രിലില്‍ 15.45 കോടിയില്‍ എത്തിനില്‍ക്കുന്നു.
2025 സാമ്പത്തിക വര്‍ഷം കണക്കാക്കപ്പെടുന്ന വരുമാനത്തെ അടിസ്ഥാനമാക്കുമ്പോള്‍, 22300 പോയിന്റില്‍ എത്തിനില്‍ക്കുന്ന നിഫ്റ്റിയുടെ പി.ഇ അനുപാതം 19.5 ആണ്. ജി.ഡി.പിയുമായി ബന്ധിപ്പിച്ച് നോക്കുമ്പോള്‍ വിപണി മൂല്യം 126 ശതമാനവും.
ഈ വാല്വേഷന്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ്. എന്നിരുന്നാലും, വരുന്ന കുറേ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ ഉയര്‍ന്ന വളര്‍ച്ച, വരുമാന സാധ്യത എന്നിവ കണക്കിലെടുക്കുമ്പോള്‍ ഈ ഉയര്‍ന്ന വാല്വേഷന്‍ നീതീകരിക്കാനാകുന്നതെന്നാണ് വിപണിയുടെ ഏകദേശ പൊതുധാരണ.
തുടരുമോ ബുള്‍ റാലി?
ലോകത്തിലെ ഇതര സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച മികച്ചതാണ്. കോര്‍പ്പറേറ്റ് വരുമാനവും നല്ലതാണ്. അതുകൊണ്ട് ബുള്‍ റാലി തുടരാനും സാധ്യതയുണ്ട്.
എന്നിരുന്നാലും തുടര്‍യാത്ര അത്ര സുഖകരമായ പാതയിലൂടെയാവില്ല. നിലവിലുള്ള വെല്ലുവിളികള്‍ക്കു പുറമെ പുതിയ പ്രതിസന്ധികളും ഉയര്‍ന്നുവന്നേക്കും. വിപണിയിലെ താഴ്ചകള്‍ നിക്ഷേപത്തിനുള്ള മികച്ച അവസരമായിരിക്കും നല്‍കുക.
തിരഞ്ഞെടുപ്പും വിപണിയും
തിരഞ്ഞെടുപ്പ് ഫലമാണ് വിപണിയെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള ആശങ്ക. മാര്‍ക്കറ്റിന് പ്രത്യേകിച്ചൊരു രാഷ്ട്രീയ പാര്‍ട്ടിയോടും താല്‍പ്പര്യക്കൂടുതല്‍ ഒന്നുമില്ല. പരിഷ്‌കാരങ്ങളോട് അനുകൂല മനഃസ്ഥിതിയുള്ള, വിപണിയോട് ആഭിമുഖ്യമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതാണ് മാര്‍ക്കറ്റിന് ഇഷ്ടം.
തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നത് അസാധ്യമാണെങ്കിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ അധികാരത്തില്‍ തുടര്‍ന്നേക്കും. ഈ വസ്തുത 2023 ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ (ആ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലെ ഭരണകക്ഷിക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന വിജയം ലഭിച്ചിരുന്നു) വിപണി ഡിസ്‌കൗണ്ട് ചെയ്തിട്ടുണ്ട്. ഡിസംബറില്‍ നിഫ്റ്റി 10 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയുടെ സൂചനയാണ്.
നിക്ഷേപകര്‍ എന്തുചെയ്യണം?
നിക്ഷേപകര്‍ നിക്ഷേപം സിസ്റ്റമാറ്റിക്കായി തുടര്‍ന്നുകൊണ്ടേയിരിക്കുക. താഴെ പറയുന്ന ഘടകങ്ങള്‍ കൂടി കണക്കിലെടുത്തുള്ള നിക്ഷേപ തന്ത്രങ്ങള്‍ സ്വീകരിക്കുന്നതാകും ഉചിതം.
- ഓഹരി, ഫിക്‌സഡ് ഇന്‍കം, ഗോള്‍ഡ് എന്നിവയിലെല്ലാം പരന്നുകിടക്കുന്ന വിധത്തിലുള്ള മള്‍ട്ടി അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി സ്വീകരിക്കുക.
- ഓഹരിക്ക് കൂടുതല്‍ വെയ്‌റ്റേജ് നല്‍കുക.
- മിഡ്, സ്‌മോള്‍ ക്യാപ് വാല്വേഷന്‍ വളരെ ഉയര്‍ന്നതാണ്. വളരെ അധികം റീറ്റെയ്ല്‍ നിക്ഷേപകര്‍ ഇത്തരം ഓഹരികളില്‍ ഇടിച്ചുകയറിയതാണ് ഇതിന് ഒരു കാരണം.
- സുരക്ഷിതത്വം ലാര്‍ജ് ക്യാപിലാണ്. അവ ഏതാണ്ട് ന്യായമായ വാല്വേഷനിലുമാണ്.
- ഫിനാന്‍ഷ്യല്‍സ്, പ്രത്യേകിച്ച് ബാങ്കിംഗ് ഓഹരികള്‍ ആകര്‍ഷകമായ വാല്വേഷനിലാണ്. അതിന്റെ വളര്‍ച്ചാ സാധ്യതയും മികച്ചതാണ്.
- ഓട്ടോമൊബൈല്‍ മേഖല ചാക്രികമായ ഉയര്‍ച്ചയിലാണ്. മികച്ച റിട്ടേണ്‍ ഈ മേഖല സമ്മാനിച്ചേക്കാം.
- ടെലികോം, പവര്‍, ഫാര്‍മ മേഖലകള്‍ നല്ല പ്രകടനം കാഴ്ചവെച്ചേക്കാം.
(ധനം ബിസിനസ് മാഗസിന്റെ മേയ് 31 ലക്കത്തില്‍ നിന്ന്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍)
Next Story
Videos