Begin typing your search above and press return to search.
വ്യാവസായിക ഉത്പാദന സൂചിക കുതിപ്പില്‍, ഇപ്പോള്‍ നേട്ടം നല്‍കാവുന്ന 3 ഓഹരികള്‍
വ്യാവസായിക ഉത്പാദന സൂചികാ വളര്‍ച്ച 2023 ഒക്ടോബറില്‍ 11.7 ശതമാനത്തിലെത്തി. 16 മാസത്തെ ഏറ്റവും വലിയ ഉയര്‍ച്ചയാണിത്. വൈദ്യുതി, ഉത്പാദനം, ഖനനം എന്നീ മേഖലകളില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ എണ്ണ, പെട്രോ കെമിക്കല്‍, വെദ്യുതി രംഗങ്ങളിലെ മുന്നേറ്റ സാധ്യതയുള്ള മൂന്ന് ഓഹരികള്‍ പരിചയപ്പെടാം:
1. ഐ.ജി പെട്രോകെമിക്കല്‍സ് ലിമിറ്റഡ് (IG Petrochemicals Ltd)- ധനുക ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ പെട്രോകെമിക്കല്‍ കമ്പനിയാണ് ഐ.ജി പെട്രോകെമിക്കല്‍സ്. താലിക്ക് ആന്‍ഹെഡ്രൈഡ് (Phthalic Anhydride) എന്ന രാസവസ്തുവിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മാതാക്കളാണ്. ഉത്പാദന ശേഷി വര്‍ധിപ്പിക്കാനായി 350 കോടി രൂപ മൂലധന ചെലവുണ്ടാകും. ഇതിലൂടെ പ്രധാന ഉത്പന്നമായ താലിക്ക് ആന്‍ഹൈഡ്രൈഡിന്റെ ഉത്പാദന ശേlഷി 2,22,110 മെട്രിക്ക് ടണ്ണില്‍ നിന്ന് 2,75,110 മെട്രിക്ക് ടണ്ണായി ഉയരും. ഇത് കൂടാതെ മറ്റ് ഉത്പന്നങ്ങളായ മാലിക്ക് ആന്‍ഹൈഡ്രൈഡ് (Maleic Anhydride), ബെന്‍ സൊയിക് ആസിഡ് എന്നിവയുടെ ഉത്പാദന ശേഷിയും യഥാക്രമം 1,500 മെട്രിക്ക് ടണ്‍, 250 മെട്രിക്ക് ടണ്‍ എന്നിങ്ങനെ വര്‍ധിക്കും.
2024 മാര്‍ച്ച് പാദത്തില്‍ പുതിയ ശേഷി പ്രവര്‍ത്തന ക്ഷമമാകും. മഹാരാഷ്ട്രയില്‍ തലോജയില്‍ തന്ത്രപ്രധാനമായ സ്ഥലത്താണ് ഫാക്റ്ററി സ്ഥിതി ചെയ്യുന്നത്. അതിനാല്‍ പ്രധാന അസംസ്‌കൃത വസ്തുവായ ഓര്‍ത്തോ സൈലീന്‍ (ortho Xylene) എളുപ്പത്തില്‍ കമ്പനിയില്‍ എത്തിക്കാന്‍ സാധിക്കുന്നു. മറ്റ് കമ്പനികളെ അപേക്ഷിച്ച് അധിക ഗതാഗത ചെലവ് നേരിടുന്നില്ല. കമ്പനിയുടെ ഉപഭോക്താക്കള്‍ പശ്ചിമ മേഖലയില്‍ നിന്നായത് കൊണ്ട് കടത്ത് കൂലിയും കുറഞ്ഞിരിക്കും. ഉത്പാദന പ്രക്രിയയില്‍ ഉണ്ടാകുന്ന നീരാവി പുനരുപയോഗിച്ച് വൈദ്യുതി, ഇന്ധന ചെലവ് എന്നിവ കുറയ്ക്കാന്‍ സാധിക്കുന്നുണ്ട്.
ഓര്‍ത്തോ സൈലീന്‍ ഉപയോഗിച്ച് താലിക്ക് ആന്‍ഹൈഡ്രൈഡ് നിര്‍മിക്കുന്നത് കൂടുതല്‍ കാര്യക്ഷമവും ആദായകരവും പരിസ്ഥിതി സൗഹൃദവുമാണ്. ഡിറ്റര്‍ജെന്റ്, സോപ്പ്, ഫാര്‍മ, ടെക്‌സ്‌റ്റൈല്‍, പേപ്പര്‍, പെയിന്റ് തുടങ്ങിയ വ്യവസായങ്ങളില്‍ ഉപയോഗിക്കുന്നു. വ്യവസായിക വളര്‍ച്ചയും ജി.ഡി.പി വളര്‍ച്ചയും മെച്ചപ്പെട്ട സാഹചര്യത്തില്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 819 രൂപ
നിലവില്‍ വില - 520.15 രൂപ
Stock Recommendation by Keynote Capitals Research.
2. ഗെയില്‍ ഇന്ത്യ ലിമിറ്റഡ് (GAIL India): പൊതുമേഖല എണ്ണ പ്രകൃതി വാതക ഖനന കമ്പനിയായ ഗെയില്‍ ഇന്ത്യയുടെ പെട്രോകെമിക്കല്‍ ഉത്പാദന ശേഷി വിനിയോഗം വര്‍ധിക്കുന്നത് ശുഭ സൂചകമാണ്. പ്രകൃതി വാതക വിതരണം 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 9 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈ ഡെന്‍സിറ്റി പോളി എത്തിലീന്‍ (എച്ച്.ഡി.പി.ഇ) വിലകള്‍ ഉയരുന്നതും കമ്പനിക്ക് നേട്ടമാണ്. യു.എസ്, ഖത്തര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ എല്‍.എന്‍.ജി ഉത്പാദന ശേഷി സ്ഥാപിക്കുന്നത് കൊണ്ട് എല്‍.എന്‍.ജി വിലകള്‍ കുറയും. ഇതും ഗെയിലിന് നേട്ടമാണ്. നഗരങ്ങളില്‍ വാതക വിതരണം നടത്താനായി (സിറ്റി ഗ്യാസ് ഡിസ്ട്രിബൂഷന്‍) ഗെയില്‍ ഗ്യാസ് എന്ന ഉപകമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്പനിയുടെ ആസ്തികള്‍ വിറ്റ് കൂടുതല്‍ പണം സമാഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഗെയില്‍ പെട്രോ കെമിക്കല്‍ വിഭാഗത്തില്‍ ഉത്പാദന ശേഷി വിനിയോഗം 50 ശതമാനമായി കുറഞ്ഞത് കൊണ്ട് 2022-23ല്‍ നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പ് 508 കോടി രൂപയുടെ നഷ്ടം (EBITDA) രേഖപ്പെടുത്തി.
സാമ്പത്തിക വളര്‍ച്ചയില്‍ ഗെയിലിന് 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ ശക്തമായ തിരിച്ചുവരവ് കൈവരിക്കാന്‍ സാധിക്കും. എബിറ്റ്ഡയില്‍ 32 ശതമാനം, അറ്റാദായത്തില്‍ 28 ശതമാനം എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 190 രൂപ
നിലവില്‍ വില - 163.65 രൂപ
Stock Recommendation by Sharekhan by BNP Paribas.
3.എന്‍.ടി.പി.സി ലിമിറ്റഡ് (NTPC Ltd): ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദന കമ്പനിയാണ് എന്‍.ടി.പി.സി. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്ക് വില്‍ക്കുകയാണ്. നിലവില്‍ കല്‍ക്കരി അധിഷ്ഠിത ഊര്‍ജ ഉത്പാദനമാണ് കൂടുതലും നടത്തുന്നത്. എന്നാല്‍ പുനരുപയോഗ ഊര്‍ജം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നുണ്ട്. 2031-32ഓടെ പുനരുപയോഗ വൈദ്യുതി ഉത്പാദനം 40 ശതമാനമായി വര്‍ധിപ്പിക്കും. നിലവില്‍ 3.3 ഗിഗാവാട്ട് ശേഷിയില്‍ നിന്ന് 60 ഗിഗാ വാട്ടായി വര്‍ധിപ്പിക്കും. വൈദ്യുതി ഉത്പാദനത്തില്‍ നിന്നാണ് 95 ശതമാനം വരുമാനം നേടുന്നത്. എന്നാല്‍ ഭാവിയില്‍ സംയോജിത ഊര്‍ജ കമ്പനിയായി മാറ്റാനാണ് ലക്ഷ്യമിടുന്നത്. 10 ഉപകമ്പനികളും 10 സംയുക്ത സംരംഭങ്ങളും എന്‍.ടി.പി.സിക്കുണ്ട്. താപ വൈദ്യുത പ്ലാന്റുകള്‍ കല്‍ക്കരി ഖനികള്‍ക്ക് സമീപമായത് കൊണ്ട് ഉത്പാദന ചെലവ് കുറയ്ക്കാന്‍ സാധിക്കുന്നുണ്ട്. 10 ഗിഗാ വാട്ട് അധിക താപ വൈദ്യുതി ഉത്പാദന ശേഷി 2025-26ല്‍ കമ്മിഷന്‍ ചെയ്യും. ഭാവിയില്‍ ഹരിത ഹൈഡ്രജന്‍, പുനരുപയോഗ ഊര്‍ജം, ആണവ ഊര്‍ജം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ ഇതര ഇന്ധനങ്ങളായ ഗ്രീന്‍ അമോണിയ, യൂറിയ, എത്തനോള്‍ എന്നിവ ഉത്പാദിപ്പിക്കും. അങ്ങനെ നിലവില്‍ താപ വൈദ്യുതിയിലുള്ള ആധിപത്യം മറ്റ് ഊര്‍ജ രംഗത്തേക്കും സാധ്യമാക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 345 രൂപ
നിലവില്‍ വില- 314.95 രൂപ
Stock Recommendation by Axis Securities.
Next Story
Videos