വാഹന വിപണി വളര്‍ച്ച മിതപ്പെടും, പരിഗണിക്കാന്‍ മൂന്ന് ഓഹരികള്‍

കൊവിഡ് കാലത്തെ താഴ്ന്ന നിലയില്‍ നിന്ന് വാഹന വിപണി 2022-23ല്‍ മികച്ച വളര്‍ച്ച കൈവരിച്ചു. സെമി കണ്ടക്റ്റര്‍ ദൗര്‍ലഭ്യവും മാറിയതോടെ വിപണിക്ക് പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചുവരവ് നടത്താന്‍ സാധിച്ചു. എന്നാല്‍ ഇരുചക്ര വാഹനങ്ങളുടെ വിപണിക്ക് പൂര്‍ണമായി തിരിച്ചുകയറാന്‍ സാധിച്ചില്ല. 2023-24ല്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 6.9 ശതമാനം വര്‍ധിച്ച് 41 ലക്ഷമാകുമെന്ന് ഐ.സി.ആര്‍.എ റേറ്റിംഗ്സ് അഭിപ്രായപ്പെട്ടു. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയുടെ എണ്ണത്തില്‍ 2-4 ശതമാനം വര്‍ധന പ്രതീക്ഷിക്കാം. ഈ പശ്ചാത്തലത്തില്‍ നേട്ടം നല്‍കാവുന്ന മൂന്ന് ഓഹരികളെ കുറിച്ച് അറിയാം.

1. ടി.വി.എസ് മോട്ടോര്‍ കമ്പനി ലിമിറ്റഡ് (TVS Motor Company Ltd): ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഇരു ചക്ര വാഹന നിര്‍മാതാക്കളാണ് ടി.വി.എസ്. 2023-24 ഡിസംബര്‍ പാദത്തില്‍ വില്‍പ്പന വളര്‍ച്ച ഉണ്ടായില്ലെങ്കിലും വരുമാനം 26 ശതമാനം വര്‍ധിച്ചു. മെച്ചപ്പെട്ട മോഡലുകള്‍ പുറത്തിറക്കിയും കയറ്റുമതി വരുമാനം വര്‍ധിപ്പിച്ചും വാഹന വില കൂട്ടിയുമാണ് കൂടുതല്‍ വരുമാനം നേടാന്‍ സാധിച്ചത്. കൂടുതല്‍ വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കി. പ്രതിമാസം 25,000 വാഹനങ്ങള്‍ വില്‍ക്കാന്‍ ലക്ഷ്യമിടുന്നു. ആഭ്യന്തര സ്‌കൂട്ടര്‍ വിപണിയില്‍ 25 ശതമാനം വിഹിതം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. 125 സി.സി വിഭാഗത്തില്‍ ശക്തമായ നിര തന്നെ ടി.വി.എസിനുണ്ട്. വൈദ്യുത വാഹനങ്ങളായ റെയ്ഡെര്‍ (Raider) ഐ ക്യൂബ് (iQube) എന്നിവക്ക് നല്ല പ്രതികരണം വിപണിയില്‍ നിന്ന് ലഭിച്ചു.
പുതിയ ബ്രാന്‍ഡുകളായ റോണിന്‍ (Ronin), റേഡിയോണ്‍ (Radeon) കൂടാതെ പഴയ മോഡലുകളായ അപ്പാച്ചെ ജുപിറ്റര്‍ (Apache Jupiter), എന്‍ ടോര്‍ക് (N-Torq) എന്നിവയ്ക്കും നല്ല ഡിമാന്‍ഡുണ്ട്. ഫെയിം സബ്സിഡി വെട്ടി കുറച്ചെങ്കിലും വൈദ്യുത ഇരുചക്ര വിപണിയില്‍ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് കരുതുന്നു. ഡിസംബര്‍ പാദത്തില്‍ 48,000വൈദ്യുത വാഹനങ്ങള്‍ വിറ്റു. വര്‍ധിച്ച മത്സരവും വൈദ്യുത വാഹനങ്ങളുടെ കടന്നു കയറ്റവുമാണ് പെട്രോള്‍ വാഹന വിപണിയെ പ്രതിസന്ധിയിലാക്കുന്നത്. എങ്കിലും നൂതന രൂപകല്പന, എന്‍ജിനീയറിംഗ് എന്നിവയുടെ പിന്‍ബലത്തോടെ കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കാന്‍ കമ്പനിക്ക് കഴിയും. ലാറ്റിന്‍ അമേരിക്കന്‍, യൂറോപ്പ് വിപണികളില്‍ നോര്‍ട്ടന്‍ ബ്രാന്‍ഡിന് മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ട്. കുറഞ്ഞ വരുമാനക്കാര്‍ വാങ്ങുന്ന എന്‍ട്രി ലെവല്‍ മോഡലുകളില്‍ ഡിമാന്‍ഡ് കുറഞ്ഞത് തിരിച്ചു കയറുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 2272 രൂപ
നിലവില്‍ വില- 2037 രൂപ
Stock Recommendation by Geojit Financial Services.
2. അശോക് ലെയ്ലാന്‍ഡ് (Ashok Leyland Ltd): ഹിന്ദുജ ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ് കമ്പനിയായ അശോക് ലെയ്ലാന്‍ഡ് 2023-24 ഡിസംബര്‍ പാദത്തില്‍ റെക്കോഡ് നേട്ടങ്ങള്‍ കൈവരിച്ചു. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 12 ശതമാനം വര്‍ധിച്ച് 1,114 കോടി രൂപയായി. മൂന്ന് പാദങ്ങളിലും EBITDA ഇരട്ട അക്ക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആദ്യ മൂന്ന് പാദങ്ങളില്‍ വില്‍പ്പനയില്‍ സര്‍വകാല റെക്കോഡ് നേടി -1,38,416 വാണിജ്യ വാഹനങ്ങള്‍. ഡിസംബര്‍ പാദത്തില്‍ സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട് കമ്പനികളില്‍ നിന്ന് 3,800 ബസുകള്‍ക്ക് ഉള്ള ഓര്‍ഡര്‍ ലഭിച്ചു.
2025-26ല്‍ EBITDA മാര്‍ജിന്‍ 12 ശതമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഡുലാര്‍ എ.വി.ടി.ആര്‍ ട്രക്കുകള്‍ക്ക് നല്ല ഡിമാന്‍ഡുണ്ട്. പുതിയ വില്‍പ്പന, സര്‍വീസ് കേന്ദ്രങ്ങള്‍ വടക്ക്, കിഴക്ക്, മധ്യ മേഖലകളില്‍ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറക്കിയ വൈദ്യുത ട്രാക്റ്റര്‍, ട്രക്ക് എന്നിവയ്ക്ക് മികച്ച പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈദ്യുത വാഹനങ്ങള്‍ വികസിപ്പിക്കാനായി 662 കോടി രൂപ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ആദ്യ ബാച്ച് ഭാരം കുറഞ്ഞ വൈദ്യുത വാണിജ്യ വാഹനങ്ങള്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കും. പൊതു തിരഞ്ഞെടുപ്പും മറ്റ് കാരണങ്ങള്‍ കൊണ്ടും നിലവില്‍ പുതിയ ഓര്‍ഡറുകള്‍ ലഭിക്കാന്‍ പ്രയാസമുണ്ടാകുമെങ്കിലും 2024-25 രണ്ടാം പാദത്തോടെ വില്‍പ്പന വര്‍ധിക്കും. പ്രതിരോധ വിഭാഗത്തില്‍ ബിസിനസ് മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് കരുതുന്നു. 2023-24ല്‍ 1,000 കോടി രൂപ വരുമാനം ഈ വിഭാഗത്തില്‍ നിന്ന് ലഭിച്ചേക്കാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 210 രൂപ
നിലവില്‍ വില- 173.35 രൂപ
Stock Recommendation by Prabhudas Lilladher.
3. മാരുതി സുസുകി (Maruti Suzuki Ltd): ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചതിന്റെ പിന്‍ബലത്തില്‍ 2023-24 ഡിസംബര്‍ പാദത്തില്‍ വരുമാനത്തില്‍ 14.4 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. 2023 നവംബര്‍ 3ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Geojit Financial Services). ലക്ഷ്യ വില 11,427 രൂപയും അന്നത്തെ വില 10,307 രൂപയുമായിരുന്നു. നിലവില്‍ അത് 10,730 രൂപയായി. മൊത്തം കാര്‍ വില്‍പ്പനയുടെ 86 ശതമാനം ആഭ്യന്തര വിപണിയിലാണ്. യൂട്ടിലിറ്റി വിഭാഗത്തില്‍ 60 ശതമാനം , വാന്‍ വിഭാഗത്തില്‍ 24.8 ശതമാനം എന്നിങ്ങനെ വളര്‍ച്ച നേടാന്‍ സാധിച്ചു. EBITDA 37.9% വര്‍ധിച്ച് 3,908 കോടി രൂപയായി. കാര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ വില കുറഞ്ഞതും ഉത്പാദന ശേഷി കൂടുതല്‍ വിനിയോഗിച്ചതും കൂടുതല്‍ വില്‍പ്പന വില നേടാന്‍ കഴിഞ്ഞതും വരുമാനം വര്‍ധിക്കാന്‍ സഹായിച്ചു. 2023-24 സാമ്പതതിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ വില്‍പ്പനയിലും വരുമാനത്തിലും റെക്കോഡ് കൈവരിക്കാന്‍ സാധിച്ചു. പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിച്ചും ചെലവ് മിതപ്പെടുത്തിയും മാര്‍ജിന്‍ മെച്ചപ്പെടുത്തുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -11,809 രൂപ
നിലവില്‍ വില- 10,730 രൂപ
Stock Recommendation by Geojit Financial Services.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it