ധനകാര്യ മേഖലയില്‍ വളര്‍ച്ച, റിയല്‍ എസ്റ്റേറ്റ് രംഗത്തും പ്രതീക്ഷ, 7 മുതല്‍ 40% വരെ നേട്ടം ലഭിക്കാവുന്ന ഓഹരികള്‍

ധനകാര്യ രംഗത്ത് വിവിധ വിഭാഗങ്ങളില്‍ വായ്പ ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങള്‍ പ്രതിസന്ധികള്‍ മറികടന്നു പുതിയ ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. സര്‍ക്കാര്‍ ചെലവ് കുറഞ്ഞ വീടുകള്‍ക്ക് ഊന്നല്‍ നല്‍കുന്നത് ഹൗസിംഗ് ഫൈനാന്‍സ് കമ്പനികള്‍ക്ക് നേട്ടമായി. ഈ സാഹചര്യത്തില്‍ പരിഗണിക്കാവുന്ന 4 ഓഹരികള്‍ :

1. ഉത്കര്‍ഷ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് (Utkarsh Small Finance Bank): 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ മൈക്രോ ഫിനാന്‍സ് വായ്പകള്‍ വിതരണം ചെയ്ത് കൊണ്ട് ആരംഭം കുറിച്ച ഉത്കര്‍ഷ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് 2017-18 മുതല്‍ 2022-23 കാലയളവില്‍ ആസ്തിയില്‍ മികച്ച വളര്‍ച്ച കൈവരിച്ചു. 34 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്. ബിഹാറില്‍ അഞ്ചു ജില്ലകളിലാണ് മൊത്തം വായ്പകളുടെ 46 ശതമാനം വിതരണം ചെയ്തത്. മറ്റു ജില്ലകളില്‍ വളര്‍ച്ച സാധ്യത ഫലപ്രദമായ മുതലെടുക്കാന്‍ ബാങ്കിന് സാധിക്കും. ബാങ്കിന് പുതിയ ബിസിനസ് മേഖലകളിലേക്ക് കടക്കാന്‍ സാധിച്ചതാണ് വളര്‍ച്ചയെ സഹായിച്ചത്.

മൈക്രോ ഫിനാന്‍സ് ഒഴികെ ഉള്ള ബിസിനസുകളിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. 39 ശതമാനം ആസ്തികള്‍ നേടിയത് ഇരുചക്രവാഹനങ്ങളുടെ വായ്പകള്‍, എം.എസ്.എം.ഇ വായ്പകള്‍, വാണിജ്യ വായ്പകള്‍ എന്നിവയില്‍ നിന്നാണ്. 2018-19 മുതല്‍ 2023-24 ഡിസംബര്‍ പാദം വരെ മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 3 ശതമാനം, വായ്പ ചെലവുകള്‍ 2.5 ശതമാനം നിലനിര്‍ത്താന്‍ സാധിച്ചു. ബിഹാറില്‍ 214 ബ്രാഞ്ചുകള്‍ ആരംഭിച്ചിട്ടുണ്ട്. അവിടെ വായ്പ-നിക്ഷേപ അനുപാതം കുറവാണ്. അതിനാല്‍ കൂടുതല്‍ വായ്പ നല്‍കാനുള്ള സാധ്യത ഉപയോഗപ്പെടുത്താന്‍ ബാങ്കിന് സാധിക്കും.

മാര്‍ച്ച് പാദത്തില്‍ മൊത്തം അനുവദിച്ച വായ്പ 18299 കോടി രൂപ (31.1ശതമാനം വാര്‍ഷിക വളര്‍ച്ച). മൊത്തം ഡിപ്പോസിറ്റുകള്‍ 27.4 ശതമാനം വര്‍ധിച്ച് 17,743 കോടി രൂപയായി. മൈക്രോ ഫിനാന്‍സ് ബിസിനസില്‍ കളക്ഷന്‍ കാര്യക്ഷമത 97.6 ശതമാനം കൈവരിക്കാന്‍ സാധിച്ചു. സ്മാള്‍ ഫിനാന്‍സ് ബാങ്കാണെങ്കിലും വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന എ.ടി.എം സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ശാഖകളിലും നല്‍കാന്‍ സാധിച്ചിട്ടുണ്ട്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)

ലക്ഷ്യ വില - 70 രൂപ

നിലവില്‍ വില - 53 രൂപ

Stock Recommendation by ICICI Securities.

2. പുറവങ്കര (Puravankara Ltd): ബാംഗ്‌ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് പുറവങ്കര. 2022-23 മുതല്‍ 2025-26 കാലയളവില്‍ പ്രീ സെയില്‍സില്‍ (പദ്ധതി ആരംഭിക്കുന്നതിന് മുന്‍പുള്ള വില്‍പ്പന) 20 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ 11.55 ദശലക്ഷം ചതുരശ്ര അടിയുടെ പദ്ധതികള്‍ അനുമതി ലഭിക്കുന്ന വിവിധ ഘട്ടങ്ങളിലാണ്. നിലവില്‍ ഉള്ളതും നടപ്പാക്കാന്‍ പോകുന്നതും ഉള്‍പ്പടെ എല്ലാ ഭവന പദ്ധതികളും അടുത്ത 6 വര്‍ഷത്തിനുള്ളില്‍ വിറ്റഴിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.

റിസ്‌ക് കൈകാര്യം ചെയ്യാനും കടം ബാധ്യത കുറക്കാനും സാധിച്ചിട്ടുണ്ട്. 2018-19 ല്‍ കടം 2743 കോടി രൂപയായിരുന്നത് 1741 കോടി രൂപയായി കുറക്കാന്‍ സാധിച്ചു. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉള്ള കാര്യക്ഷമത പുറവങ്കര ബ്രാന്‍ഡ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് ശക്തിപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. 2015-16 മുതല്‍ 2023-24 കാലയളവില്‍ 18 ശതമാനം പ്രീ സെയില്‍സ് വളര്‍ച്ച കൈവരിച്ചു. 26.37 ദശലക്ഷം ചതുരശ്ര അടി പദ്ധതികള്‍ നടപ്പാക്കി വരുന്നു. അടുത്ത 6 മുതല്‍ 12 മാസങ്ങളില്‍ 13.1 ദശലക്ഷം ചതുരശ്ര അടി പുതിയ പദ്ധതികള്‍ ആരംഭിക്കും. കഴിഞ്ഞ 48 വര്‍ഷങ്ങളില്‍ പൂര്‍വ, പ്രോവിഡന്റ്, പൂര്‍വ ലാന്‍ഡ് എന്നി ബ്രാന്‍ഡുകള്‍ ഗുണനിലവാരത്തിന്റെ അടയാളമായി മാറ്റാന്‍ കമ്പനിക്ക് സാധിച്ചു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 452 രൂപ

നിലവില്‍ വില - 324 രൂപ.

Stock Recommendation by Yes Securities.

3. മോത്തിലാല്‍ ഒസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (Motilal Oswal Financial Services): സ്റ്റോക്ക് ബ്രോക്കിങ്, കമ്മോഡിറ്റി ബ്രോക്കിങ് ഉള്‍പ്പടെയുള്ള ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് മോത്തിലാല്‍ ഒസ്വാള്‍. അസറ്റ് മാനേജ്‌മെന്റ്, വെല്‍ത്ത് മാനേജ്‌മെന്റ്, ചെലവ് കുറഞ്ഞ വീടുകളുടെ നിര്‍മാണത്തിനുള്ള സാമ്പത്തിക സഹായം തുടങ്ങിയ സേവനങ്ങളും നല്‍കുന്നുണ്ട്. 2023-24 ഡിസംബര്‍ പാദത്തില്‍ ഓഹരി ബിസിനസില്‍ നിന്നുള്ള ഏകീകൃത ആദായം 44 ശതമാനം വളര്‍ച്ച കൈവരിച്ച് 770 കോടി രൂപയായി.

അസറ്റ്, വെല്‍ത്ത് മാനേജ്‌മെന്റ്റ് ബിസിനസില്‍ 17 ശതമാനം വളര്‍ച്ച കൈവരിച്ച് 78.9 കോടി രൂപയായി. ബ്രോക്കിങ് സേവനങ്ങള്‍ കൂടാതെ ട്രഷറി നിക്ഷേപങ്ങളും കമ്പനിയുടെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ദശാബ്ദത്തില്‍ ട്രഷറി നിക്ഷേപങ്ങള്‍ക്ക് 45 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ സാധിച്ചു. കഴിഞ്ഞ ദശാബ്ദത്തില്‍ 25-30 ശതമാനം വരെ ലാഭവിഹിതം നല്‍കിയിട്ടും ഓഹരിയില്‍ നിന്നുള്ള ആദായം 27-28 ശതമാനം നേടാന്‍ സാധിച്ചു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 2200 രൂപ

നിലവില്‍ വില - 2059 രൂപ.

Stock Recommendation by Emkay Research.

4.പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സ് (P N B Housing Finance): ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം 2023 ജൂണ്‍ 6ന് ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു. ലക്ഷ്യ വില 618 രൂപ ഭേദിച്ച് ജനുവരി 25ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 913.95ല്‍ ഓഹരി വില എത്തി. തുടര്‍ന്ന് ലാഭമെടുപ്പില്‍ വില കുറഞ്ഞു. കോര്‍പ്പറേറ്റ് വായ്പകള്‍ കുറച്ചുകൊണ്ട് റീറ്റെയ്ല്‍ വായ്പകള്‍ വര്‍ധിപ്പിക്കുകയാണ് പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സ്.

ചെലവ് കുറഞ്ഞ ഭവന പദ്ധതികള്‍ കൂടാതെ എമര്‍ജിംഗ് മാര്‍ക്കറ്റ് എന്ന വെര്‍ട്ടികലും ശക്തിപ്പെടുത്തുകയാണ്. കളക്ഷന്‍ പ്രക്രിയ മെച്ചപ്പെടുത്താനായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. ഡിസംബര്‍ പാദത്തില്‍ മൊത്തം പ്രവര്‍ത്തിക്കുന്ന ശാഖകള്‍ 212ല്‍ നിന്നും മാര്‍ച്ച് പാദ അവസാനം 300 ശാഖകളായി വര്‍ധിക്കും. അഫോര്‍ഡബിള്‍ ഹൗസിംഗ് വിഭാഗത്തിന് 160 ശാഖകള്‍ ഉണ്ടാകും. പ്രൈം, അഫോര്‍ഡബിള്‍, എമര്‍ജിംഗ് ഭവന വിഭാഗങ്ങളില്‍ പി.എന്‍.ബി ഹൗസിംഗ് കമ്പനിക്ക് ശക്തമായ സാന്നിധ്യം ഉണ്ടാകും.

കോര്‍പറേറ്റ് വായ്പകള്‍ കുറയുന്നത് കൊണ്ട് അറ്റ പലിശ മാര്‍ജിനില്‍ ഇടിവ് ഉണ്ടാകും. 40-50 പുതിയ എമര്‍ജിംഗ് മാര്‍ക്കറ്റ് ബ്രാഞ്ചുകള്‍ തുറക്കാന്‍ ഉദ്ദേശിക്കുന്നു. നാഷണല്‍ ഹൗസിംഗ് ബാങ്ക് കടം ലഭിക്കാത്ത സാഹചര്യം ഉള്‍പ്പടെ വിവിധ വെല്ലുവിളികള്‍ നേരിട്ട് കമ്പനി ആസ്തികളുടെ വളര്‍ച്ച മെച്ചപ്പെടുത്തുകയാണ്. 2023-24 മുതല്‍ 2025-26 കാലയളവില്‍ ആസ്തികളില്‍ 18 ശതമാനം, അറ്റാദായത്തില്‍ 26 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാമെന്ന് കരുതുന്നു. 2025-26 ല്‍ ആസ്തിയില്‍ നിന്നുള്ള ആദായം 2.4 ശതമാനം, ഓഹരിയില്‍ നിന്നുള്ള ആദായം 13 ശതമാനം എന്നിങ്ങനെ നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 1000 രൂപ

നിലവില്‍ വില - 764 രൂപ.

Stock Recommendation by Motilal Oswal Financial Services.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it