ബാങ്കിംഗ്, ഓട്ടോ, റീറ്റെയ്ല്‍ രംഗത്തെ മികച്ച 3 ഓഹരികള്‍, 18% വരെ ആദായം ലഭിക്കാം

ബി.എസ്.ഇ, എന്‍.എസ്.ഇ ഓഹരി സൂചികകള്‍ കയറ്റത്തിലാണ്. വിവിധ മേഖലകളില്‍ ഓഹരികളില്‍ ജൂണ്‍ മാസം മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ബാങ്കിംഗ്, ഓട്ടോമൊബൈല്‍, റീറ്റെയ്ല്‍ രംഗത്ത് വളര്‍ച്ച സാധ്യതയുള്ള മൂന്ന് ഓഹരികള്‍ പരിചയപ്പെടുത്തുന്നു.

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India)
വായ്പ ഡിമാന്‍ഡ് ശക്തമായി തുടരുന്നു. അറ്റ പലിശ മാര്‍ജിന്‍ നിലവിലുള്ള 3.6 ശതമാനം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ബാങ്ക് വിശ്വസിക്കുന്നു. യോനോ മൊബൈല്‍ ആപ്പിന്റെ രണ്ടാം പതിപ്പ് 2023 അവസാനം പുറത്തിറക്കും. ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ 1,740 കോടി രൂപയുടെ മൂലധന ചെലവ് ഉണ്ടാകും. ഇതിലൂടെ പുതിയ ഉപഭോക്താക്കളെയും ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. സ്വര്‍ണ വായ്പ വിപണിയില്‍ 26% വിഹിതവുമായി മുന്നില്‍ തുടരാന്‍ സാധിക്കുമെന്ന് കരുതുന്നു. അടിസ്ഥാന സൗകര്യ വികസനം, ഹരിത സാങ്കേതിക നിക്ഷേപങ്ങള്‍, പി.എല്‍.ഐ പദ്ധതികള്‍ എന്നിവ ബാങ്ക് വായ്പ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. വിദേശ കറന്‍സി ഇടപാടുകള്‍, റീറ്റെയ്ല്‍ ഇടപാടുകളില്‍ നിന്നുള്ള വരുമാനം മെച്ചപ്പെടും. വായ്പ ചെലവുകള്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. എം.സി.എല്‍.ആര്‍ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് പുനഃക്രമീകരിച്ച് മാര്‍ജിന്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക(Buy)
ലക്ഷ്യ വില -680 രൂപ
നിലവില്‍ വില- 578.60
Stock Recommendation by Nirmal Bang Research
2. മഹീന്ദ്ര & മഹീന്ദ്ര (Mahindra & Mahindra):
2022 -23 മാര്‍ച്ച് പാദത്തില്‍ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. വരുമാനം 24.8% വര്‍ധിച്ച് 32,366 കോടി രൂപയായി. വരുമാനത്തില്‍ ഓട്ടോമൊബൈല്‍ വിഭാഗം 34% വളര്‍ച്ച (16,742 കോടി രൂപ), കാര്‍ഷിക ഉപകരണങ്ങളുടെ വളര്‍ച്ച 29.9% (8023 കോടി രൂപ), ധനകാര്യ സേവനങ്ങള്‍ 20.3% വളര്‍ച്ച (3420 കോടി രൂപ) കൈവരിച്ചു. വാഹനങ്ങളുടെ വില്‍പ്പനയില്‍ 21.4% വര്‍ധന ഉണ്ടായി (1,89,227വാഹനങ്ങള്‍). 2021 -22 മുതല്‍ 2023 -24 വരെ ഉള്ള കാലയളവില്‍ മൂലധന ചെലവ് 15,900 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട് (നേരത്തെ നിശ്ചയിച്ചത് 15,075 കോടി രൂപ). ഇത് പ്രധാനമായും വൈദ്യുത വാഹനങ്ങളുടെ നിര്‍മാണത്തിന് വേണ്ടിയാണ് ചെലവഴിക്കുന്നത്. 2022-23 ല്‍ 2,300 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാന്‍ സാധിച്ചു. പുതിയ മോഡലുകള്‍ പുറത്തിറക്കിയും ഉത്പാദന ശേഷി മെച്ചപ്പെടുത്തിയും സാമ്പത്തിക അച്ചടക്കം പാലിച്ചും കമ്പനിയുടെ സാമ്പത്തിക വളര്‍ച്ച ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപെടുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1486 രൂപ
നിലവില്‍ വില -1369 രൂപ
Stock Recommendation by Geojit Financial Services.
3. അവന്യു സൂപ്പര്‍ മാര്‍ട്‌സ് (Avenue Supermarts) :
ഡിമാര്‍ട്ട് (DMART) എന്ന ബ്രാന്‍ഡില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല നടത്തുന്ന സ്ഥാപനമാണ് അവന്യൂ സൂപ്പര്‍ മാര്‍ട്‌സ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ വരുമാനത്തില്‍ 23% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിച്ചു, ആദായത്തില്‍ 24% വളര്‍ച്ച. കോവിഡ് കാലത്ത് ഉണ്ടായ ബിസിനസ് ഇടിവില്‍ നിന്ന് തിരിച്ചു കയറാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷം 19% വരുമാന വളര്‍ച്ച കൈവരിച്ചു. പുതുതായി ആരംഭിച്ച വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ആദായം ലഭിക്കാന്‍ കാലതാമസം നേരിടും. 22 നഗരങ്ങളിലേക്ക് ബിസിനസ് വികസിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വിപണിയുടെ കടുത്ത മത്സരത്തിലും 8% വരെ വില കുറച്ച് ഉത്പന്നങ്ങള്‍ നല്‍കി വില്‍പ്പന വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. 2022 -23 മുതല്‍ 2024 -25 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 27%, അറ്റാദായത്തില്‍ 29% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 4200 രൂപ
നിലവില്‍ വില- 3631.70 രൂപ
Stock Recommendation by Motilal Oswal Financial Services.

(Equity investing is subject to market risk. Always do your own research before investing)

Related Articles

Next Story

Videos

Share it