ഉരുക്ക്, പ്രകൃതിവാതകം, ഫാര്‍മ മേഖലയില്‍ 3 മികച്ച ഓഹരികള്‍

അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത് കൊണ്ട് ഉരുക്ക് ഡിമാന്‍ഡ് വര്‍ധിക്കും. പാലങ്ങള്‍, റെയില്‍ പദ്ധതികള്‍, ഭവന നിര്‍മാണം എന്നിവ വര്‍ധിക്കുകയാണ്. സ്‌പോട്ട് എല്‍.എന്‍.ജി വില കുറഞ്ഞത് കൊണ്ട് പ്രകൃതി വാതക മേഖലക്കും ഉത്തേജനമായി. ഫാര്‍മ വ്യവസായവും മികച്ച വളര്‍ച്ച കൈവിരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഉരുക്ക്, ഫാര്‍മ, എണ്ണ, പ്രകൃതി വാതക മേഖലയിലെ മെച്ചപ്പെട്ട ആദായം നല്‍കാന്‍ സാധ്യത ഉള്ള ഓഹരികളെ കുറിച്ച് അറിയാം:

1. ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍ (Jindal Steel & Power Ltd)

ഇന്ത്യയിലെ പ്രമുഖ സംയോജിത ഉരുക്ക് നിര്‍മാണ കമ്പനിയാണ് ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍. രണ്ട് ഇരുമ്പയിര് ഖനികള്‍ സ്വന്തമായിട്ട് ഉണ്ട്. ഇതിലൂടെ ഇരുമ്പയിരിന്റ്റെ 60% ആവശ്യം നിറവേറ്റാന്‍ സാധിക്കുന്നുണ്ട്. മാര്‍ജിന്‍ മെച്ചപ്പെടുത്താനും ചെലവില്‍ കാര്യക്ഷമത കൈവരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ലോംഗ് സ്റ്റീല്‍ നിര്‍മാണത്തിന് ഊന്നല്‍ നല്‍കിയിരുന്ന കമ്പനി ഇപ്പോള്‍ ഫ്‌ളാറ്റ് സ്റ്റീല്‍ ഉല്‍പ്പാദനവും വര്ധിപ്പിക്കുമായാണ്.

ഉരുക്കിന്റെ ഉത്പാദന ശേഷി 66% (15.9 ദശലക്ഷം ടണ്‍), ഉരുക്ക് ഉരുളകളുടെ (Pellets) ശേഷി 133% (21 ദശലക്ഷം ടണ്‍) വര്‍ധിപ്പിക്കാനുമായി 24,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുകയാണ്. ഇതിലൂടെ ഫ്‌ളാറ്റ് സ്റ്റീല്‍ ഉത്പാദനം മൊത്തം ഉത്പ്പാദനത്തിന്റെ 30 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി വര്‍ധിക്കും. കല്‍ക്കരി ഖനികള്‍ ഏറ്റെടുത്തതില്‍ ഉത്പാദനം ആരംഭിക്കുന്നതോടെ ഊര്‍ജ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത വര്‍ധിക്കും. അനുമതി ലഭിച്ച ശേഷം ഇവയെല്ലാം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഉരുക്ക് നിര്‍മാണ കമ്പനിയാകും ജിന്‍ഡാല്‍ സ്റ്റീല്‍. റെയില്‍വേയുടെ സ്ഥിര ഉരുക്ക് വിതരണക്കാര്‍ എന്ന പദവി നേടുന്ന ആദ്യ കമ്പനിയാണ് ജിന്‍ഡാല്‍ സ്റ്റീല്‍.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 720 രൂപ

നിലവില്‍ 568.60 രൂപ

Stock Recommendation by Motilal Oswal Financial Services

2 .നാറ്റ്ക്കോ ഫാര്‍മ ലിമിറ്റഡ് (Natco Pharma Ltd)

ഗവേഷണത്തിന് ഊന്നല്‍ നല്‍കുന്ന പ്രമുഖ ഔഷധ നിര്‍മാണ കമ്പനിയാണ് നാറ്റ്‌ക്കോ ഫാര്‍മ. 2022 -23 ല്‍ അമേരിക്ക, കാനഡ, ബ്രസീല്‍ എന്നി രാജ്യങ്ങളില്‍ വില്‍പ്പന വര്‍ധിച്ചത് കൊണ്ട് വരുമാനം 39% വര്‍ധിച്ച് 2707 കോടി രൂപയായി. ക്രോപ്പ് ഹെല്‍ത്ത് സയന്‍സ് വിഭാഗം പുതിയ കീടനാശിനികള്‍ പുറത്തിറക്കി. മരുന്ന് ഫോര്‍മുലേഷന്‍ ബിസിനസില്‍ കയറ്റുമതില്‍ 74% വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിവിധ വിഭാഗങ്ങളിലായി 11 പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി. ഉപ കമ്പനിയുടെ വരുമാനം 107% വര്‍ധിച്ച് 375 കോടി രൂപയായി. കൊളമ്പിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ പുതിയ ഉപകമ്പനികള്‍ സ്ഥാപിക്കും. അമേരിക്കയില്‍ ഒരു കമ്പനിയെ ഏറ്റെടുത്തതും, യു.കെയില്‍ ഒരു ഏറ്റെടുക്കലിന് തയ്യാര്‍ എടുക്കുകയുമാണ്. അഗ്രോ വിഭാഗത്തില്‍ മികച്ച വളര്‍ച്ച, ഗവേഷണത്തിലൂടെ പുതിയ കണ്ടെത്തുലുകള്‍, അമേരിക്കന്‍ ബിസിനസ് വളര്‍ച്ച എന്നിവയുടെ പിന്‍ബലത്തില്‍ കമ്പനിയുടെ സാമ്പത്തിക നില ഇനിയും മെച്ചെപ്പെടുമെന്ന് കരുതാം.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 765 രൂപ

നിലവില്‍ 675.70 രൂപ

Stock Recommendation by Geojit Financial Services

3.ഗുജറാത്ത് സ്റ്റേറ്റ് പെട്രോ നെറ്റ് (Gujarat State Petronet Ltd)

ഗുജറാത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള പ്രമുഖ പൊതുമേഖല പ്രകൃതി വാതക വിതരണ കമ്പനിയാണ് ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്. സ്‌പോട്ട് എല്‍.എന്‍.ജി വില കുത്തനെ ഇടിഞ്ഞത് കമ്പനിയുടെ വില്‍പ്പന വര്‍ധിപ്പിക്കുമെന്ന് കരുതുന്നു. 2023 -24 ല്‍ വില്‍പ്പനയില്‍ 25% വര്‍ധനവ് പ്രതീക്ഷിക്കാം. 3000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. അതിലൂടെ വാതക പൈപ് ലൈനുകളെ ടെര്‍മിനലുകളുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. പുതിയ എല്‍.എന്‍.ജി ടെര്‍മിനലുകള്‍ വികസിപ്പിക്കുന്നതും, പൈപ്പ്‌ലൈനുകളുമായ് ബന്ധിപ്പിക്കുന്നതും കമ്പനിയുടെ പ്രകൃതി വാതക വിതരണം വര്‍ധിപ്പിക്കാന്‍ സഹായകരമായിരിക്കും. വാതക പൈപ്പ്‌ലൈന്‍ താരിഫില്‍ കൊണ്ടു വന്നിട്ടുള്ള ഭേദഗതികള്‍ കമ്പനിക്ക് നേട്ടമാകുമെന്ന് കരുതാം.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക

ലക്ഷ്യ വില -342 രൂപ

നിലവില്‍ 296 രൂപ

Stock Recommendation by Sharekhan by BNP Paribas

(Equity investing is subject to market risk. Always do your own research before investing)


Related Articles

Next Story

Videos

Share it