12 ശതമാനത്തില്‍ അധികം നേട്ട സാധ്യതയുള്ള 3 ഓഹരികള്‍

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നത് സിമന്റ് ഡിമാന്‍ഡ് വര്‍ധിക്കുന്നുണ്ട്. ഫാര്‍മ രംഗത്ത് ഇന്ത്യന്‍ വിപണിയിലും വിദേശ വിപണികളിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കുന്നുണ്ട്. കാലവര്‍ഷ ലഭ്യത, കാര്‍ഷിക വളര്‍ച്ച തുടങ്ങിയ ഘടകങ്ങളാണ് കണ്‍സ്യൂമര്‍ കമ്പനികളുടെ വളര്‍ച്ച നിര്‍ണയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ മൂന്ന് മേഖലകളില്‍ 12 ശതമാനത്തില്‍ അധികം നേട്ടം നല്‍കാന്‍ സാധ്യത ഉള്ള മൂന്ന് ഓഹരികൾ പരിചയപ്പെടാം.

1. സൈഡസ് ലൈഫ് സയന്‍സസ് (Zydus Life Sciences Ltd): മൈഗ്രൈന്‍ മാറ്റാന്‍ ഉപയോഗിക്കുന്ന ട്രോകേണ്ടി, അര്‍ബുദ ചികിത്സക്ക് ഉപയോഗിക്കുന്ന റെവ് ലിമിഡ് എന്നി ഔഷധങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്നത് കമ്പനിക്ക് നേട്ടമാണ്. പുതിയ രണ്ടു മരുന്നുകള്‍ അമേരിക്കന്‍ വിപണിയില്‍ മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചിട്ടുണ്ട്. ജനുവരിയില്‍ പുറത്തിറക്കിയ മൈഗ്രൈന്‍ തടയാനുള്ള മരുന്നിന്റെ വിപണി വിഹിതം അതിവേഗം 40 ശതമാനമായി ഉയര്‍ന്നു. രോഗ നിര്‍ണയ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന പൂനയിലെ മൈ ലാബ് ഡിസ്‌കവറി എന്ന കമ്പനിയില്‍ 106 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.
2023-24 ആദ്യ പാദത്തില്‍ അമേരിക്കയില്‍ 18 ഫോര്‍മുലേഷന്‍സ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ പുറത്തിറക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ആദ്യ പാദത്തില്‍ 12.2% വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ഇന്ത്യന്‍ ഔഷധ വിപണി 12-15% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൈഡസ് കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഗ്ലൂക്കോണ്‍ ഡി, നൈസില്‍, എവര്‍ യൂത്ത് എന്നിവയാണ് പ്രമുഖ ബ്രാന്‍ഡുകള്‍. കമ്പനിയുടെ കട ബാധ്യത ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചത് ബാലന്‍സ് ഷീറ്റ് ശക്തമാക്കി. ആഭ്യന്തര, വിദേശ വിപണികളില്‍ മികച്ച വളര്‍ച്ച കൈവരിച്ച് സാമ്പത്തിക നേട്ടം കൈവരിക്കാന്‍ സാധ്യതയുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)
ലക്ഷ്യ വില- 663 രൂപ
നിലവില്‍- 583 രൂപ
Stock Recommendation by Sharekhan by BNP Paribsa
2.ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് (Godrej Consumer Products): ഇന്ത്യയിലും വിദേശ വിപണികളിലും ശക്തമായ കണ്‍സ്യൂമര്‍ ബ്രാന്‍ഡായി മാറാന്‍ ഗോദ്റേജിന് കഴിഞ്ഞിട്ടുണ്ട്. 2022-23 മുതല്‍ 2025-26 കാലയളവില്‍ കാലയളവില്‍ 21% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനിയുടെ 70% ബിസിനസിലും ഉയര്‍ന്ന ലാഭക്ഷമത കൈവരിച്ചിട്ടുണ്ട്. ഉയര്‍ന്ന മാര്‍ജിനില്‍ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്. സിന്തോള്‍, ഗുഡ് നൈറ്റ്, ഹിറ്റ് തുടങ്ങി വര്‍ഷങ്ങളായി വിപണിയില്‍ ശക്തമായി തുടരുന്ന ബ്രാന്‍ഡുകള്‍ സ്വന്തമായിട്ടുണ്ട്. അടുത്ത രണ്ടു വര്‍ഷത്തില്‍ ഇരട്ട അക്ക വളര്‍ച്ച നേടാന്‍ സാധിക്കും 2022-23 മുതല്‍ 2025-26 കാലയളവില്‍ മാര്‍ജിന്‍ 23 ശതമാനമായി വര്‍ധിക്കുമെന്ന് കരുതുന്നു. യൂണി ലിവറില്‍ 23 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമായാണ് സുധീര്‍ സീതാപതി ഒക്ടോബറില്‍ സി.ഇ.ഒ സ്ഥാനത്തേക്ക് എത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ യൂണി ലിവറിന്റെ തലപ്പത്തുള്ള ചിലരെ ഗോദ്റേജിലേക്ക് കൊണ്ടുവരാനായത് കമ്പനിയെ ഇനിയും ഉയര്‍ച്ചയിലേക്ക് എത്തിക്കാന്‍ സഹായകരമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 1225 രൂപ
നിലവില്‍- 1079.60 രൂപ
Stock Recommendation by Emkay Research
3. അള്‍ട്രാ ടെക്ക് സിമന്റ് (UltraTech Cement Ltd ): ആദിത്യ ബിര്‍ള ഗ്രൂപ്പിലെ പ്രമുഖ സിമന്റ് കമ്പനിയാണ് അള്‍ട്രാ ടെക്ക്. ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍ ലോകത്തെ മൂന്നാമത്തെ വലിയ സിമന്റ് ഉത്പാദകരാണ്. ഇന്ത്യന്‍ വിപണിയില്‍ 22% വിഹിതം ഉണ്ട്. നിലവില്‍ ഉത്പാദന ശേഷി 130 ദശലക്ഷം ടണ്ണില്‍ നിന്ന് 155 ദശലക്ഷം ടണ്ണായി വര്‍ധിപ്പിക്കുകയാണ്. 2022-23 മുതല്‍ 2024-25 വരെ വരുമാനത്തില്‍ 9 ശതമാനവും നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭത്തില്‍ (EBITDA) 24 ശതമാനവും അറ്റാദാത്തില്‍ 32 ശതമാനവും സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നത് വില്‍പ്പനയില്‍ വരും വര്‍ഷങ്ങളില്‍ 10% വര്‍ധനവ് ഉണ്ടാകുമെന്ന് കരുതുന്നു. അടുത്തിടെ പെറ്റ് കോക്ക്, കല്‍ക്കരി എന്നി ഉത്പന്നങ്ങളുടെ വിലയില്‍ തിരുത്തല്‍ ഉണ്ടായത് കമ്പനിക്ക് അനുഗ്രഹമായി. ചെലവ് കുറച്ചും കൂടുതല്‍ ബ്ലെന്‍ഡഡ് സിമന്റ് പുറത്തിറക്കിയും ഡിജിറ്റല്‍ വിപണനം വര്‍ധിപ്പിച്ചും കമ്പനിക്ക് നേട്ടം ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കാം. EBITDA മാര്‍ജിന്‍ 17 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി ഉയരാം. കുറഞ്ഞ കടം-ഓഹരി അനുപാതം, മികച്ച ബാലന്‍സ് ഷീറ്റ് എന്നിവ കമ്പനിക്ക് മുതല്‍ക്കൂട്ടാണ്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 9,350 രൂപ
നിലവില്‍- 8,293 രൂപ
Stock Recommendation by Axis Securities.

Related Articles

Next Story

Videos

Share it