വ്യവസായ നിക്ഷേപങ്ങൾ കുറയാൻ സാധ്യത, ഉടൻ വിൽക്കാനും വാങ്ങാനും 4 ഓഹരികൾ

ഓഹരി സൂചികകൾ 2023ൽ മുന്നേറ്റത്തിലാണ്- നിഫ്റ്റി 50.9% ഉയർന്നു, ബി.എസ്. ഇ സെൻസെക്സ് 8.14% ഉയർന്നു. ബി.എസ്.ഇ സെൻസെക്സ് ഡിസംബർ 2024ൽ 74,000ത്തിലേക്ക് ഉയരുമെന്നാണ് ആഗോള ബ്രോക്കിംഗ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ അഭിപ്രായം. 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ഭരണ തുടർച്ച ഉണ്ടാകാനുള്ള സാധ്യത, ശക്തമായ ആഭ്യന്തര വളർച്ച, അമേരിക്കൻ മാന്ദ്യം ഒഴിവായത് ക്രൂഡ് ഓയിൽ വില വർധിക്കാത്ത സാഹചര്യം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഓഹരി വിപണിയിൽ ബുൾ തരംഗം പ്രതീക്ഷിക്കുന്നത്. 2023-24 ആദ്യ പാദത്തിൽ വ്യാവസായിക നിക്ഷേപം ഉയർന്നെങ്കിലും രണ്ടാം പകുതിയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കുറയാൻ സാധ്യതയുണ്ടെന്ന് ഐ.സി.ആർ.എ റേറ്റിംഗ്‌സ് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ വ്യത്യസ്‌തമായ മേഖലകളിലെ നാലു ഓഹരികളുടെ സാധ്യതകൾ നോക്കാം.

1. ഒലെക്ട്രാ ഗ്രീൻ ടെക്ക് (Olectra Greentech Ltd): 2023 മെയ് 3ന് ഈ ഓഹരി വാങ്ങാനുള്ള നിർദേശം ധനം ഓൺലൈനിൽ നൽകിയിരുന്നു. (Stock recommendation by Geojit Financial Services). അന്നത്തെ ലക്ഷ്യ വില ഭേദിച്ച് ജൂലൈ 13ന് 52 ആഴ്ചത്തെ ഉയർന്ന വിലയായ 1,465 രൂപയിൽ എത്തിയിരുന്നു. തുടർന്ന് തിരുത്തൽ ഉണ്ടായി. വൈദ്യുത ബസുകളും സംയുക്‌ത പോളിമർ ഇൻസുലേറ്ററുകളും നിർമ്മിക്കുന്ന കമ്പനിയാണ് ഒലെക്ട്രാ. മെഗാ എൻജിനീയറിംഗ് & ഇൻഫ്രാ സ്ട്രക്ചേഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന ഉപകമ്പനി. നിലവിൽ 9,000 ബസുകൾ കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങൾക്ക് നിർമിച്ചു നൽകാനുള്ള ഓർഡർ ലഭിച്ചിട്ടുണ്ട്. 5,000 വാഹനങ്ങൾ ഉത്പാദിപ്പിക്കാനുള്ള പുതിയ കേന്ദ്രം 2023 -24 നാലാം പാദത്തിൽ തെലങ്കാനയിൽ തുടങ്ങും. 10,000 യൂണിറ്റ് വരെ നിർമാണ ശേഷി ഉയർത്താം. വരും വർഷങ്ങളിൽ കേന്ദ്ര സർക്കാർ 50,000 വൈദ്യുത ബസുകൾക്ക് ഓർഡർ നൽകാനുള്ള നിർദേശം നീതി ആയോഗ് നൽകിയിട്ടുണ്ട്. വൈദ്യുത ബസുകളുടെ വിപണിയിൽ 27% വിഹിതം കമ്പനിക്ക് ഉണ്ട്. ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമാതാക്കളായ ചൈനയിലെ ബിൽഡ് യുവർ ഡിസൈൻ (BYD) എന്ന സ്ഥാപനവുമായി സംയുക്‌ത സംരംഭം തുടങ്ങി. മുച്ചക്ര വൈദ്യുത ഓട്ടോ, വൈദ്യുത ഇലക്ട്രിക്ക് ടിപ്പർ എന്നിവയും നിർമിക്കുന്നുണ്ട്. റിലയൻസുമായി സാങ്കേതിക പങ്കാളിത്തത്തിൽ ഹൈഡ്രജൻ ബസുകൾ പുറത്തിറക്കും.
നിലവിൽ മുംബൈയിൽ 40 വൈദ്യുത ബസുകൾ സംസ്ഥാന ഗതാഗത സ്ഥാപനമായ ബി.ഇ.എസ്.ടിക്ക് വേണ്ടി പ്രവർത്തിപ്പിക്കുന്നുണ്ട് . ഇതു കൂടാതെ പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്‌, സൂററ്റ്, നാഗ്പൂർ തുടങ്ങിയ മറ്റ് പ്രമുഖ നഗരങ്ങളിലും വൈദ്യുത വാഹനങ്ങൾ ഇറക്കിയിട്ടുണ്ട്.
2023 -24ൽ വിറ്റുവരവ് 73.2% വർധിച്ച് 307 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുൻപുള്ള ലാഭം (EBITDA) 102.6% വർധിച്ച് 41 കോടി രൂപയായി. EBITDA മാർജിൻ 1.92% വർധിച്ച് 13.2 ശതമാനമായി. അടുത്ത മാസം പ്രധാനമന്ത്രിയുടെ ഇ-ബസ് ടെണ്ടർ വഴി 10,000 പുതിയ ബസുകൾ വാങ്ങാനുള്ള ഓർഡർ നൽകും. അതിൽ ഒലെക്ട്രാ ഗ്രീൻ ടെക്ക് പങ്കെടുക്കുന്നുണ്ട്. വൈദ്യുത ബസുകൾക്ക് ഡിമാൻഡ് വർധിക്കുന്നത് ഉത്‌പാദന ശേഷി വർധിപ്പിക്കാൻ കഴിയുമെന്നതും കമ്പനിയുടെ വളർച്ചക്ക് സഹായകരമാകും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1351 രൂപ
നിലവിൽ -1195.85 രൂപ
Stock Recommendation by Geojit Financial Services.
2. ജ്യോതി ലാബ്‌സ് (Jyothy Labs Ltd): ധനം ഓൺലൈനിൽ ഈ ഓഹരി വാങ്ങാനുള്ള നിർദേശം 2023 മെയ് 19ന് നൽകിയിരുന്നു. അന്നത്തെ ലക്ഷ്യ വില 245 രൂപ കടന്ന് നവംബർ 15ന് 52 ആഴ്ച്ചത്തെ ഉയർന്ന വിലയായ 466 രൂപയിൽ എത്തി. കഴിഞ്ഞ 12 പാദങ്ങളിൽ തുടർച്ചയായി വരുമാനത്തിൽ ഇരട്ട അക്ക വളർച്ച നേടാൻ സാധിച്ചു. 2023 -24 സെപ്റ്റംബർ പാദത്തിൽ വരുമാനം 11% വർധിച്ച് 732 കോടി രൂപയായി. മൊത്തം മാർജിൻ 8.7% വർധിച്ച് 49 ശതമാനമായി ഉയർന്നു. ഉത്പാദന ചെലവ് കുറഞ്ഞതും വിൽപ്പനയിൽ നിന്നുള്ള വരുമാനം വർധിച്ചതും മാർജിൻ ഉയരാൻ സഹായിച്ചു. പരസ്യ ചെലവുകൾ മൊത്തം വരുമാനത്തിന്റെ 7.8 ശതമാനമായി ഉയർന്നു. പണപ്പെരുപ്പം കുറയുന്നതും ഗ്രാമീണ വിപണികളിൽ ഡിമാൻഡ് വർധിക്കുന്നതും വിൽപ്പന വർധിക്കാൻ കാരണമാകും. നികുതിക്കും പലിശക്കും മറ്റും മുൻപുള്ള ലാഭം (EBITDA) 68% വർധിച്ച് 135 കോടി രൂപയായി. EBITDA മാർജിൻ 6.3% വർധിച്ച് 18.5 ശതമാനമായി. 2023 -24ൽ EBITDA മാർജിൻ 16 -17 % നിലനിർത്താൻ സാധിക്കും. 2022-23 മുതൽ 2024-25 വരെയുള്ള കാലയളവിൽ വരുമാനത്തിൽ 11 സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിക്കും. ജ്യോതി ലാബ്‌സ് ഓഹരി ഒരുവർഷം മുന്നോട്ടുള്ള വില വരുമാന അനുപാതമായ 43ലാണ് വ്യാപാരം നടക്കുന്നത്. അതിനാൽ വിൽക്കുന്നതാവും ഉചിതം.
നിക്ഷേപകർക്കുള്ള നിർദേശം -വിൽക്കുക (Sell)
ലക്ഷ്യ വില - 405 രൂപ
നിലവിൽ വില -452 രൂപ
(Stock Recommendation by Geojit Financial Services).
3. ആരതി ഇൻഡസ്ട്രീസ് (Aarti Industries Ltd ): ബെൻസീൻ അടിസ്ഥാനമാക്കിയുള്ള ഡെറിവേറ്റീവുകൾ ഉത്പാദിപ്പിക്കുന്ന ലോക നിലവാരത്തിലുള്ള കമ്പനിയാണ്. 2023-24 സെപ്റ്റംബർ പാദത്തിൽ വിറ്റുവരവ് 13.7% കുറഞ്ഞ്‌ 1,454 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുൻപുള്ള വരുമാനം (EBITDA) 12.7 % ഇടിഞ്ഞു -233 കോടി രൂപ. ഇന്‍വെന്ററി വിറ്റഴിക്കൽ നടത്തിയത് കൊണ്ട് സാമ്പത്തിക വളർച്ചയിൽ കുറവ് ഉണ്ടായി കമ്പനിയുടെ ഉത്പന്നങ്ങൾ വാങ്ങുന്നത് ഫാർമ, കാർഷിക രാസവസ്തുക്കൾ, പോളിമർ, പെയിന്റ് രംഗത്തെ കമ്പനികളാണ്. 40 മൂല്യ വർധിത ഉത്പന്നങ്ങൾ പുറത്തിറക്കാനായി 3,000 കോടി രൂപയുടെ മൂലധന ചെലവ് നടത്തുകയാണ്. 2022 -23 മുതൽ 2024 -25 വരെയുള്ള കാലയളവിൽ ഈ തുക ചെലവഴിക്കും. 2022-23 മുതൽ 2024-25 കാലയളവിൽ അറ്റാദായത്തിൽ 12% സംയുക്‌ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിക്കുമെന്ന് കരുതുന്നു. അസംസ്‌കൃത വസ്‌തുക്കളുടെ വിലയിലെ ചാഞ്ചാട്ടം, ഇൻവെന്ററി വിറ്റഴിക്കൽ എന്നിവയുടെ ഏറ്റവും മോശമായ ആഘാതം നേരിട്ട് കമ്പനിക്ക് ഇനിയുള്ള പാദങ്ങളിൽ വരുമാനവും മാർജിനും മെച്ചപ്പെടുത്താൻ സാധിച്ചേക്കും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -600
നിലവിൽ 526.75 രൂപ
Stock Recommendation by Geojit Financial Services.
4. ട്യൂബ് ഇൻവെസ്റ്റ് മെൻറ്റ്‌സ് ഓഫ് ഇന്ത്യ (Tube Investments of India): മുരുഗപ്പ ഗ്രൂപ്പിന് കീഴിലുള്ള ഓട്ടോ അനുബന്ധ ഘടകങ്ങൾ നിർമിക്കുന്ന കമ്പനിയാണ്. 2023-24 സെപ്റ്റംബർ പാദത്തിൽ ഏകീകൃത വരുമാനം 14%. സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പണം ചെലവഴിക്കുന്നതിനാൽ വലിയ വ്യാസമുള്ള ട്യൂബുകൾക്ക് ഡിമാൻഡ് വർധിക്കും. 140 കോടി മൂലധന ചെലവിൽ അതിന്റെ ഉത്‌പാദന ശേഷി വർധിപ്പിക്കുകയാണ്. ഇതിലൂടെ 400 കോടി രൂപ വാർഷിക വരുമാനം നേടാൻ സാധിക്കും. ഊർജം, ലോഹം,
എന്‍ജിനീയറിംഗ്‌
, വ്യാവസായിക വിഭാഗങ്ങളിൽ പ്രവർത്തനം മെച്ചപ്പെട്ടു. ജീവനക്കാരുടെ വേതന വർധന പ്രവർത്തന ശേഷി വിനിയോഗം കുറച്ചത് കൊണ്ടും മാർജിൻ 0.61% കുറഞ്ഞു.
വൈദ്യുത മുച്ചക്ര വാഹന ബിസിനസിലേക്ക് കടന്നിട്ടുണ്ട്. 19,000 വാഹനങ്ങൾ ഒരു വർഷം ഉത്പാദിപ്പിക്കാൻ സാധിക്കൂ. തെക്കേ ഇന്ത്യൻ വിപണിയിൽ മിതമായ വേഗതയിൽ വിറ്റഴിയുന്നുണ്ട്. വൈദ്യുത ട്രക്കും ട്രാക്റ്ററും നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ലോട്ടസ് സർജിക്കൽ എന്ന കമ്പനി ഏറ്റെടുത്തു ഫാർമ ബിസിനസിലേക്ക് കടന്നിട്ടുണ്ട്.
കമ്പനിയുടെ ഇതുവരെയുള്ള നേട്ടങ്ങൾ, വളർച്ച സാദ്ധ്യതകൾ എന്നിവ നിലവിൽ ഓഹരി വിലയിൽ ഉൾപ്പെട്ടിട്ടുണ്ട് . അതിനാൽ ഇനിയും ഉയരാനുള്ള സാധ്യത കുറവാണ്.
നിക്ഷേപകർക്കുള്ള നിർദേശം - വിൽക്കുക (Sell)
ലക്ഷ്യ വില - 2,855 രൂപ
നിലവിൽ - 3,163.60 രൂപ
Stock Recommendation by Geojit Financial Services.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it