വിവിധ മേഖലകളിലേക്കുള്ള വായ്പകളില്‍ വളര്‍ച്ച, പരിഗണിക്കാന്‍ 4 ധനകാര്യ ഓഹരികള്‍

കാര്‍ഷിക, സേവന മേഖലകള്‍ക്ക് അനുവദിച്ച വായ്പകളില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും വ്യാവസായിക വായ്പകളില്‍ വളര്‍ച്ച 8.5 ശതമാനമായിരുന്നു. ചെറുകിട, സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് നല്‍കിയ വായ്പയിലാണ് കൂടുതല്‍ നേട്ടം ഉണ്ടായത്. ഈ സാഹചര്യത്തില്‍ പരിഗണിക്കാവുന്ന ഓഹരികള്‍:

1. ഐ.സി.ഐ.സി.ഐ ബാങ്ക് (ICICI Bank): പ്രമുഖ സ്വകാര്യ വാണിജ്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക് 2023-24 മാര്‍ച്ച് പാദത്തില്‍ വായ്പയിലും അറ്റാദായത്തിലും വളര്‍ച്ച രേഖപ്പെടുത്തി. അറ്റാദായം 17.4 ശതമാനം വര്‍ധിച്ച് 10,708 കോടി രൂപയായി. പ്രവര്‍ത്തന ചെലവും നിയമപരമായി മാറ്റി വെക്കേണ്ട പണം കുറഞ്ഞതും പ്രവര്‍ത്തന ഫലം മെച്ചപ്പെടാന്‍ സഹായിച്ചു. പലിശ ചെലവുകള്‍ 41.2 ശതമാനം വര്‍ധിച്ചതിനാല്‍ അറ്റ പലിശ വരുമാനം 8.1 ശതമാനം വര്‍ധിച്ച് 19,093 കോടി രൂപയായി. പ്രവര്‍ത്തന ചെലവ് മിതപ്പെടുമെന്ന് കമ്പനി കരുതുന്നു. സാങ്കേതിക ചെലവുകളിലും ജീവനക്കാരുടെ ചെലവിലും വര്‍ധന നേരിട്ട സാഹചര്യത്തിലാണ് ഇനി പ്രവര്‍ത്തന ചെലവ് ഉയരില്ലന്ന് പ്രതീക്ഷിക്കുന്നത്. ശാഖകളുടെ വികസനം പുരോഗമിക്കുന്നു-മാര്‍ച്ച് പാദത്തില്‍ 152 പുതിയ ശാഖകള്‍ ആരംഭിച്ചു. ഡിപ്പോസിറ്റ്, വായ്പ വളര്‍ച്ചയില്‍ ശകത്മായ മുന്നേറ്റം തുടരുമെന്ന് കരുതുന്നു. മാര്‍ച്ച് പാദത്തില്‍ വായ്പയില്‍ 16.2 ശതമാനം വളര്‍ച്ച ഉണ്ടായി -1,184.40 കോടി രൂപയായി. ആസ്തിയുടെ നിലവാരം മെച്ചപ്പെട്ടു. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.14 ശതമാനം കുറഞ്ഞ് 2.16 ശതമാനമായി. വിവിധ വികസന പദ്ധതികള്‍, സാങ്കേതിക മികവ്, കുറഞ്ഞ പ്രവര്‍ത്തന ചെലവ് എന്നിവയുടെ പിന്‍ബലത്തില്‍ മാര്‍ജിന്‍ മെച്ചപ്പെടുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക
ലക്ഷ്യ വില- 1,274 രൂപ
നിലവില്‍ വില- 1,142 രൂപ
Stock Recommendation by Geojit Financial Services.

2. ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്& ഫിനാന്‍സ് (Cholamandalam Investment & Finance): മുരുഗപ്പ ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് & ഫിനാന്‍സ്. വാഹന വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ, ഉപഭോക്തൃ വായ്പ, സ്റ്റോക്ക് ബ്രോക്കിംഗ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നുണ്ട്. 36.4 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഉണ്ട്. 2023-24 മാര്‍ച്ച് പാദത്തില്‍ അറ്റ പലിശ വരുമാനം 33 ശതമാനം വര്‍ധിച്ച് 2,350 കോടി രൂപയായി. ചെലവ്, വരുമാന അനുപാതം കൂടാന്‍ കാരണം വാര്‍ഷിക ഇന്‍സെന്റീവ് കൊടുത്തതും പുതിയ ബിസിനസ് ആരംഭിച്ചതും സി എസ് ആര്‍ ചെലവുകളും മൂലമാണ്. ബിസിനസ് വളര്‍ച്ച കൂടുന്നത് അനുസരിച്ച് ഫീ വരുമാനം കൂടുമെന്ന് കരുതുന്നു. 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ ആസ്തിയില്‍ 27 ശതമാനം, വായ്പ വിതരണത്തില്‍ 21 ശതമാനം, അറ്റാദായത്തില്‍ 34 ശതമാനം എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024-25ല്‍ അറ്റ പലിശ മാര്‍ജിന്‍ 6.8 ശതമാനം, 2025-26ല്‍ 6.9 ശതമാനം എന്നിങ്ങനെയും നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)
ലക്ഷ്യ വില- 1500 രൂപ
നിലവില്‍ വില- 1309.25 രൂപ
Stock Recommendation by Motilal Oswal Financial Services.

3. ഫെഡറല്‍ ബാങ്ക് (Federal Bank): 2023-24 മാര്‍ച്ച് പാദത്തില്‍ കേരളത്തിലെ പ്രമുഖ സ്വകാര്യ വാണിജ്യ ബാങ്കായ ഫെഡറല്‍ ബാങ്ക് മികച്ച ബിസിനസ് വളര്‍ച്ച കൈവരിച്ചു. അറ്റ വായ്പ വിതരണം 19.9 ശതമാനം വര്‍ധിച്ച് 210 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.6 ശതമാനം, മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 2.13 ശതമാനമായി. നിലവിലെ എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി സെപ്റ്റംബറില്‍ പൂര്‍ത്തിയാകും. പുതിയ നേതൃത്വത്തെ ഉടന്‍ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. റീറ്റെയ്ല്‍ വായ്പകള്‍, ബിസിനസ് ബാങ്കിംഗ്, സ്വര്‍ണ വായ്പകള്‍, വാണിജ്യ വാഹന വായ്പകളില്‍ എല്ലാം വളര്‍ച്ച കൈവരിക്കാന്‍ ബാങ്കിന് സാധിച്ചു. ഡിപ്പോസിറ്റുകളില്‍ 18.3 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു. ആസ്തിയില്‍ നിന്നുള്ള ആദായം മെച്ചപ്പെടുമെന്നും ബിസിനസ് വളര്‍ച്ച തുടരുമെന്നും പ്രതീക്ഷിക്കുന്നു. റിസര്‍വ് ബാങ്ക് നിര്‍ദേശ പ്രകാരം കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് വിതരണം നിറുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ബിസിനസ് വളര്‍ച്ചയെ ബാധിക്കില്ല.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)
ലക്ഷ്യ വില - 204 രൂപ
നിലവില്‍ വില- 165.95 രൂപ
Stock Recommendation by Nirmal Bang Research.

4. പൂനാവാല ഫിന്‍കോര്‍പ് (Poonawalla Fincorp): പ്രമുഖ ധനകാര്യ ഇതര ബാങ്കിംഗ് സ്ഥാപനമായ പൂനാവാല ഫിന്‍കോര്‍പ് മാര്‍ച്ച് പാദത്തില്‍ ആസ്തിയില്‍ മികച്ച വളര്‍ച്ച (55%) നേടി. കൂടുതല്‍ വായ്പ വിതരണം ചെയ്തതുകൊണ്ടാണ് ആസ്തി മെച്ചപ്പെടുത്താന്‍ കഴിഞ്ഞത്. 2024-25ല്‍ പുതിയ ഇ.എം.ഐ കാര്‍ഡ്, കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് എന്നിവ പുറത്തിറക്കും. എം.എസ്.എം.ഇ വായ്പകള്‍, വസ്തുവിന്റെ ഈടില്‍ വായ്പകള്‍, യൂസ്ഡ് കാര്‍ വായ്പകള്‍ തുടങ്ങി വിവിധ തരം വായ്പ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം 48.3% വര്‍ധിച്ചു, വായ്പ ചെലവുകള്‍ 8.17 ശതമാനം ഉയര്‍ന്നു. അറ്റ പലിശ മാര്‍ജിന്‍ 11.6 ശതമാനമായി ഉയര്‍ന്നു. ആസ്തിയില്‍ തുടര്‍ന്നും വളര്‍ച്ച പ്രതീക്ഷിക്കുന്നു. അതിനാല്‍ പലിശ മാര്‍ജിന്‍ 10 ശതമാനം നിലനിര്‍ത്താന്‍ സാധിക്കും. പ്രവര്‍ത്തന ചെലവുകള്‍ മിതപ്പെടുത്തി, ബിസിനസ് വികസിപ്പിച്ച് കമ്പനിക്ക് സാമ്പത്തിക വളര്‍ച്ച നേടാന്‍ സാധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: ശേഖരിക്കുക (Accumulate)
ലക്ഷ്യ വില- 480 രൂപ
നിലവില്‍ വില- 484 രൂപ
Stock Recommendation by Nirmal Bang Research.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Related Articles
Next Story
Videos
Share it