കണ്‍സ്യൂമര്‍, ഇലക്ട്രിക്കല്‍, ബാങ്കിംഗ് രംഗത്ത് വില്‍ക്കാനും വാങ്ങാനുമുള്ള ഓഹരികള്‍

ഓഹരി വിപണിയിലെ ചാഞ്ചാട്ടം വിവിധ മേഖലയിലെ ഓഹരികളെ അനുകൂലമായും പ്രതികൂലമായും ബാധിക്കാം. ജി.ഡി.പി വളര്‍ച്ച നിരക്ക്, കാലവര്‍ഷം, സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിക്കുന്ന തുക, പലിശ നിരക്ക് തുടങ്ങിയ നിരവധി ഘടകങ്ങള്‍ കമ്പനികളുടെ സാമ്പത്തിക ഫലത്തിലും പ്രതിഫലിക്കും. 2023-24 സെപ്റ്റംബര്‍ പാദ ഫലങ്ങള്‍ വന്ന സാഹചര്യത്തില്‍ കണ്‍സ്യൂമര്‍, ഇലക്ട്രിക്കല്‍, ബാങ്കിംഗ് രംഗത്തെ 3 പ്രമുഖ ഓഹരികളുടെ സാധ്യതകള്‍ നോക്കാം:

1. പോളിക്യാബ് ഇന്ത്യ (Polycab India Ltd): ഇന്ത്യയിലെ ഏറ്റവും വലിയ വയര്‍, കേബിള്‍ നിര്‍മ്മാതാക്കളിലൊന്നാണ്
പോളിക്യാബ്. ധനം ഓണ്‍ലൈനില്‍ 2023 ജൂലൈ 21ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം നല്‍കിയിരുന്നു (Stock Recommendation by Nirmal Bang Research). അന്നത്തെ ലക്ഷ്യ വില 5,335 രൂപ മറികടന്ന് ഒക്ടോബര്‍ 18ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 5,492.85 രൂപ വരെ എത്തി. തുടര്‍ന്ന് ഓഹരിയില്‍ ഇടിവ് ഉണ്ടായി. മുന്നേറ്റ ട്രെന്‍ഡ് തുടരുമെന്നാണ് കരുതുന്നത്. ഏകീകൃത വരുമാനം 26.6% വര്‍ധിച്ച് 4,218 കോടി രൂപയായി.
നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള വരുമാനം (EBITDA) 42.7% വര്‍ധിച്ച് 609 കോടി രൂപയായി. റിയല്‍ എസ്റ്റേറ്റ് വിഭാഗത്തിലെ വളര്‍ച്ച, സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് മൂലധന നിക്ഷേപം നടത്തുന്നതും ഇലക്ട്രിക്കല്‍ ഉത്പ്പന്ന കമ്പനികള്‍ക്ക് അനുകൂലമാണ്. 2023-24, 2024-25 കാലയളവില്‍ 600-700 കോടി രൂപയുടെ മൂലധന ചെലവാണ് ലക്ഷ്യമിടുന്നത്.
ഉയര്‍ന്ന വോള്‍ട്ടേജ് ഉത്പന്ന നിർമാണ കേന്ദ്രം 2025-26ല്‍ പൂര്‍ത്തിയാകും. ഉത്പാദന ചെലവ് വര്‍ധിക്കുന്നതും ഉപഭോക്തൃ ഡിമാന്‍ഡ് കുറയുന്നതും കടുത്ത മത്സരവും കമ്പനിയുടെ ബിസിനസ് വളര്‍ച്ചക്ക് തടസമാകാം. വിദേശ വിപണിയില്‍ 76 രാജ്യങ്ങളില്‍ സാന്നിധ്യം ഉണ്ട്. മൊത്തം വരുമാനത്തിന്റെ 9.3% അന്താരാഷ്ട്ര ബിസിനസില്‍ നിന്നാണ് ലഭിച്ചത്. നിലവില്‍ ഓഹരി ഉയര്‍ന്ന മൂല്യത്തിലാണ് വ്യാപാരം നടക്കുന്നത്. മൂന്ന് വര്‍ഷത്തെ മുന്‍പോട്ടുള്ള വില വരുമാനത്തേക്കാള്‍ ഉയര്‍ന്ന വിലയിലാണ് ഓഹരി ഇപ്പോള്‍. അതിനാല്‍ ഓഹരി വില ഇടിയാന്‍ സാധ്യത ഉണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വില്‍ക്കുക (Sell)
ലക്ഷ്യ വില - 4,473 രൂപ
നിലവില്‍ വില - 5,036 രൂപ.
Stock Recommendation by Geojit Financial Services.

2. മാരികോ ലിമിറ്റഡ് (Marico Ltd): അതിവേഗം വിറ്റഴിയുന്ന കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ് മാരികോ. 2023 ഫെബ്രുവരി 7ന് ധനം ഓണ്‍ലൈനില്‍ ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം നല്‍കിയിരുന്നു(Stock Recommendation by ICICI Direct Research). ലക്ഷ്യ വിലയായ 555 രൂപ ഭേദിച്ച് ഒക്ടോബര്‍ 3ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 595 രൂപയില്‍ എത്തി. തുടര്‍ന്ന് വില ഇടിവ് ഉണ്ടായി. എന്നാല്‍ വരും പാദങ്ങളില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സെപ്റ്റംബര്‍ പാദത്തില്‍ ഏകീകൃത വരുമാനം 1% വര്‍ധിച്ചു. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനം (EBITDA) 15% വര്‍ധിച്ചു.
പ്രമുഖ ബ്രാന്‍ഡുകളായ സഫോള, പാരഷൂട്ട് എന്നിവയുടെ വരുമാന വളര്‍ച്ച നിരാശപ്പെടുത്തി. എന്നാല്‍ അന്താരാഷ്ട്ര ബിസിനസില്‍ 13% വര്‍ധന ഉണ്ടായി. ബംഗ്ലാദേശ് വിപണിയില്‍ വളര്‍ച്ച ഇടിഞ്ഞു. എന്നാല്‍ വിയറ്റ്‌നാം (13%), ദക്ഷിണ ആഫ്രിക്ക (23%), മധ്യ കിഴക്ക് വടക്കന്‍ ആഫ്രിക്ക (34%) എന്നിവിടങ്ങളിലെ ബിസിനസ് മികച്ച നേട്ടം കൈവരിച്ചു. കൊപ്ര വില 2%, അരിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തവിട് എണ്ണ (23%), ഹൈ ഡെന്‍സിറ്റി പോളി എത്തിലീന്‍ (5 %) വിലയിടിഞ്ഞത് കമ്പനിയുടെ മൊത്തം ഏകീകൃത മാര്‍ജിന്‍ 6.85% വര്‍ധിക്കാന്‍ സഹായിച്ചു. വിപണിയില്‍ പ്രതികൂല സാഹചര്യം നേരിടുന്നതിനാല്‍ നേരത്തെ പ്രതീക്ഷിച്ച വരുമാനം, ആദായം ലഭിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 670 രൂപ
നിലവില്‍ വില- 527 രൂപ
Stock Recommendation by ICICI Securities
3. ഐ.സി.ഐ.സി.ഐ ബാങ്ക് (ICICI Bank): റീറ്റെയ്ല്‍, കോര്‍പ്പറേറ്റ് ബാങ്കിംഗ് രംഗത്ത് ശക്തി തെളിയിച്ച സ്വകാര്യ വാണിജ്യ ബാങ്കാണ് ഐ.സി.ഐ.സി.ഐ. 2023 ഫെബ്രുവരി 23ന് ധനം ഓണ്‍ലൈനില്‍ ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം നല്‍കിയിരുന്നു. (Stock Recommendation by Nirmal Bang Research). ലക്ഷ്യ വിലയായ 1171 കൈവരിച്ചില്ലെങ്കിലും ജൂലൈ 24ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 1008.70 രൂപയില്‍ എത്താന്‍ സാധിച്ചു. തുടര്‍ന്ന് ഓഹരിയില്‍ തിരുത്തല്‍ ഉണ്ടായെങ്കിലും ഇനി ഉയരാനാണ് സാധ്യത. സെപ്റ്റംബര്‍ പാദത്തില്‍ അറ്റ പലിശ വരുമാനം 23.8% വര്‍ധിച്ച് 18,308 കോടി രൂപയായി. വായ്പ 18.3%, ഡെപ്പോസിറ്റ് 18.8% എന്നിങ്ങനെ വര്‍ധിച്ചു.
174 പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ചു. മൊത്തം 6,248 ബ്രാഞ്ചുകളുണ്ട്. മൊബൈല്‍ ആപ്പ് ഉപയോക്താക്കള്‍ ഗണ്യമായി വര്‍ധിച്ചു. ഉത്സവ സീസണ്‍ ആരംഭിച്ചതിനാല്‍ വായ്പകള്‍, ഡെപ്പോസിറ്റ് എന്നിവയില്‍ മികച്ച വളര്‍ച്ച അടുത്ത രണ്ടു ത്രൈമാസങ്ങളില്‍ പ്രതീക്ഷിക്കാം. സ്ഥിര നിക്ഷേപ നിരക്ക് വര്‍ധിച്ചതിനാല്‍ അറ്റ പലിശ മാര്‍ജിന്‍ ഹ്രസ്വ കാലയളവില്‍ കുറയും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 1,054 രൂപ
നിലവില്‍ വില - 933 രൂപ
Stock Recommendation by Geojit Financial Services

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it