ഈ ആഴ്ച ഓഹരി വിപണിയിൽ താഴ്ച തുടരുമോ?
ഷെയര്‍ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിവാര സാങ്കേതിക വിശകലനം
(ഡിസംബർ 23 ലെ മാർക്കറ്റ് ക്ലോസിംഗ് അടിസ്ഥാനമാക്കി)
നിഫ്റ്റി ഗണ്യമായ താഴ്ചയോടെ 17,806.80 ൽ ക്ലോസ് ചെയ്തു. സൂചിക 18,000.00 ന് താഴെ തുടർന്നാൽ ഇടിവ് തുടരാം.
കഴിഞ്ഞ ആഴ്‌ച നിഫ്റ്റി 18,288 ൽ നേട്ടത്തോടെ ഓപ്പൺ ചെയ്തു,പ്രതിവാര ഉയർന്ന നിലവാരം 18,473 ൽ പരീക്ഷിച്ചു. എന്നാൽ തുടർന്നു മൂന്ന് ട്രേഡിംഗ് സെഷനുകളിൽ നിഫ്റ്റി കുത്തനെ ഇടിഞ്ഞ് 17,806.80 ൽ ക്ലോസ് ചെയ്തു, പ്രതിവാര നഷ്ടം 462.20 പോയിന്റ് (2.52 ശതമാനം.) എല്ലാ മേഖലകളും നഷ്ടത്താേടെ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, റിയൽറ്റി, ഓട്ടോ എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക അഞ്ച് ദിവസത്തെയും പതിനഞ്ച് ദിവസത്തെയും സിംപിൾ മൂവിംഗ് ശരാശരികൾക്കു താഴെ ക്ലോസ് ചെയ്തു. പ്രതിവാര ചാർട്ടിൽ കറുത്ത മെഴുകുതിരി രൂപപ്പെട്ടതിന് ശേഷം നിഫ്റ്റി അതിന്റെ ആഴ്‌ചയിലെ താഴ്ന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഈ സാങ്കേതിക പാരാമീറ്ററുകളെല്ലാം കൂടുതൽ താഴേക്കുള്ള പ്രവണതയെ സൂചിപ്പിക്കുന്നു. ഈ ആഴ്ച സൂചിക 17,780-ന് താഴെ വ്യാപാരം ചെയ്തു നില നിന്നാൽ ബെയറിഷ് ട്രെൻഡ് തുടരാം. സൂചികയ്ക്ക് 17,500-ൽ ചെറിയ പിന്തുണയുണ്ട്. ഈ ലെവലിന് താഴെ, അടുത്ത പിന്തുണ 17,000 ലെവലിലാണ്.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 1551. 40 പോയിന്റ് നഷ്ടത്തിൽ 41,668.10 ലെവലിൽ ക്ലോസ് ചെയ്തു, വരുന്ന ആഴ്‌ചയിലും ഇടിവ് തുടരാം. സാങ്കേതികമായി, മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. പ്രതിവാര ചാർട്ടിൽ, സൂചിക നീണ്ട കറുത്ത മെഴുകുതിരി രൂപപ്പെടുത്തി 42,000 എന്ന മുൻ പിന്തുണയ്‌ക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് കീഴെ ആയിരുന്നാൽ ഈ ആഴ്‌ചയിലും താഴ്ച തുടരാം. അടുത്ത പിന്തുണ 40,000 -39,400 ഏരിയയിൽ തുടരുന്നു. (പ്രതിവാര ചാർട്ടിനെ അടിസ്ഥാനമാക്കിയുള്ള വിശകലനം).