ഓഹരി വിപണി; പ്രതിവാര വിശകലനം

ഷെയർ മാർക്കറ്റിൻ്റെയും ഓഹരികളുടെയും വിശകലനത്തിൽ പരിചയസമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ സാങ്കേതിക വിശകലനം

പ്രതിവാര വിശകലനം ( ഒക്ടോബർ ഏഴിലെ ക്ലോസിംഗ് വച്ച്)
നിഫ്റ്റി സാങ്കേതിക വിശകലനം



കഴിഞ്ഞ ആഴ്‌ചയിൽ, നിഫ്റ്റി പോസിറ്റീവ് ചായ് വോടെ 17102.10 ൽ വ്യാപാരം ആരംഭിച്ചു, കൂടുതൽ മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് അത് 16855.60 എന്ന ആഴ്‌ചയിലെ താഴ്ന്ന നിലയിലെത്തി. പിന്നീട് 17428.80 എന്ന ആഴ്‌ചയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു, ഒടുവിൽ 17314.70 ൽ ക്ലോസ് ചെയ്തു, പ്രതിവാര നേട്ടം 220.40 പോയിന്റ് (1.28%). റിയൽ എസ്റ്റേറ്റ്, മെറ്റൽ, ഐടി മേഖലകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, എഫ്എംസിജി മാത്രമാണ് നഷ്ടം നേരിട്ട മേഖല. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണതയെ സൂചിപ്പിക്കുന്നു. തുടർച്ചയായ മൂന്ന് കറുത്ത മെഴുകുതിരികൾക്ക് (black candles)ശേഷം നിഫ്റ്റി പ്രതിവാര ചാർട്ടിൽ ഒരു വെളുത്ത മെഴുകുതിരി (white candle) രൂപപ്പെടുത്തി. ഈ പാറ്റേൺ ഒരു പോസിറ്റീവ് ചായ് വിനെ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി നിഫ്റ്റി 16700-18000 മേഖലയിൽ സമാഹരണത്തിലാണ്. ഈ സമാഹരണം ഏതാനും ആഴ്ചകൾ കൂടി തുടർന്നേക്കാം. ഈ ലെവലുകളിൽ ഏതെങ്കിലും ഒന്ന് തകർക്കുമ്പോഴേ സൂചികയുടെ അടുത്ത ദിശ (ഉയർച്ചയോ താഴ്ചയോ എന്നത് ) വ്യക്തമാകൂ. (പ്രതിവാര ചാർട്ടിനെ അടിസ്ഥാനമാക്കിയുള്ള വിശകലനം)

ബാങ്ക് നിഫ്റ്റി സാങ്കേതിക വിശകലനം
കഴിഞ്ഞയാഴ്ച ബാങ്ക് നിഫ്റ്റി 546.20 പോയിന്റ് (1.41%) നേട്ടത്തോടെ 39178.10 ൽ ക്ലോസ് ചെയ്തു. മൊമെന്റം ഇൻഡിക്കേറ്ററുകളുടെ ഹ്രസ്വകാല മൂവിംഗ് ശരാശരികൾ പോസിറ്റീവ് പ്രവണതയെ സൂചിപ്പിക്കുന്നു. തുടർച്ചയായി രണ്ട് കറുത്ത മെഴുകുതിരികൾക്ക് (black candles) ശേഷം ഇൻഡെക്സ് പ്രതിവാര ചാർട്ടിൽ ഒരു വെളുത്ത മെഴുകുതിരി (white candle) രൂപപ്പെടുത്തി, അത് ഒരു ബുള്ളിഷ് എൻഗൾഫിംഗ് പാറ്റേൺ (Bullish engulfing pattern ) പോലെ കാണപ്പെടുന്നു. ഈ മെഴുകുതിരി സമീപകാലത്തെ താഴോട്ടുള്ള നീക്കത്തിൻ്റെ ഗതിവേഗം കുറയുന്നതിനെയും സൂചിക മുകളിലേക്ക് നീങ്ങാനുള്ള സാധ്യതയെയും സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ സൂചിക 39608.40 ലെവലിന് മുകളിൽ വ്യാപാരം ചെയ്ത് നിലനിന്നാലേ അതിനു സ്ഥിരീകരണം ആകൂ. താഴ്ന്നാൽ സൂചികയ്ക്കു 37,400 ലെവലിൽ പ്രതിവാര പിന്തുണ തുടരുന്നു. പ്രതിരോധ നില 41,800 ആണ്. (പ്രതിവാര ചാർട്ടിനെ അടിസ്ഥാനമാക്കിയുള്ള വിശകലനം)


ഓഹരി വിശകലനം
എച്ച്സിഎൽ ടെക്നോളജീസ്
പ്രതിവാര ചാർട്ടിൽ, സ്റ്റോക്ക് പ്രതിരാേധ നിലവാരത്തിനടുത്തു ക്ലോസ് ചെയ്തു. ഒരു ബ്രേക്ക്ഔട്ട് ഉടൻ പ്രതീക്ഷിക്കാം.
സമീപകാലത്തെ താഴ്ചയ്ക്കു ശേഷം 880-975 എന്ന വ്യാപാര മേഖലയിൽ ഓഹരി സമാഹരണം നടത്തുകയാണ്. ഒപ്പം വ്യാപാരത്തോതും തീരെ കുറവായി. കഴിഞ്ഞ ആഴ്‌ച പ്രതിവാര ചാർട്ടിൽ വെളുത്ത മെഴുകുതിരി രൂപപ്പെടുകയും 975 ന്റെ പ്രതിരോധത്തിന് സമീപം ക്ലോസ് ചെയ്യുകയും ചെയ്തു. സ്റ്റോക്ക് നല്ല വ്യാപാരത്തോതോടു കൂടി 975 ലെ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിൽ തുടർന്നു കയറ്റം പ്രതീക്ഷിക്കാം. ഉയരുമ്പോൾ സ്റ്റോക്കിന് 1075നടുത്തു പ്രതിരോധമുണ്ട്.975ലെ പ്രതിരോധം തകർക്കുന്നതിൽ പരാജയപ്പെട്ടാൽ, ഓഹരി സമീപകാലത്തെ സമാഹരണം തുടരും.


സാങ്കേതിക വിശകലന പദാവലി
മെഴുകുതിരി വിശകലനം 2

(Candlestick Analysis)

കഴിഞ്ഞ ദിവസം വെള്ള (white), കറുപ്പ് (Black) മെഴുകുതിരികളെപ്പറ്റി (Candles) ചർച്ച ചെയ്തു. ഇന്ന് വ്യത്യസ്തതരം വെള്ള മെഴുകുതിരികളെ പരിശോധിക്കാം.


എല്ലാത്തരം വെള്ള മെഴുകുതിരികളിലും ക്ലോസിംഗ് വില ഓപ്പണിംഗ് വിലയേക്കാൾ കൂടുതലാണ്. ഒപ്പം തുടർന്ന് ഉയരാനുള്ള സൂചനയും നൽകുന്നു. എന്നാൽ ഇത് പലപ്പോഴും വ്യത്യസ്ത രൂപങ്ങളിലാണ്. പ്രധാനമായും മൂന്ന് തരം വെളുത്ത മെഴുകുതിരികൾ ഉണ്ട്. 1. വലിയ ബോഡി ഉള്ള വെളുത്ത മെഴുകുതിരികൾ. 2. നീണ്ട നിഴലുകൾ ഉള്ള വെളുത്ത മെഴുകുതിരികൾ. 3. ചെറിയ ബോഡിയും നിഴലും ഉള്ള വെളുത്ത മെഴുകുതിരികൾ. ഇവ വ്യത്യസ്ത സൂചനകളാണു നൽകുന്നത്.

വലിയ ബോഡി വെളുത്ത മെഴുകുതിരി തുടക്കത്തിൽ നിന്ന് ക്ലോസിംഗിലേക്കു വിലയുടെ വലിയ കയറ്റത്തെ സൂചിപ്പിക്കുന്നു. നീണ്ട വെള്ള/പച്ച മെഴുകുതിരികൾ ശക്തമായ വാങ്ങൽ താൽപര്യം ഉണ്ടെന്ന് സൂചിപ്പിക്കുന്നു. നീണ്ട നിഴലുകളുള്ള വെളുത്ത മെഴുകുതിരികൾ ഒരു നിശ്ചിത സമയപരിധിയിൽ ഒരു സ്റ്റോക്കിന്റെ അല്ലെങ്കിൽ സൂചികകളുടെ ഉയർന്ന ചാഞ്ചാട്ടത്തെയും ഉടൻ തന്നെ ഒരു ട്രെൻഡ് റിവേഴ്സൽ വരുന്നതിനെയും സൂചിപ്പിക്കുന്നു.

ചെറിയ മെഴുകുതിരികൾ ചെറിയ ബോഡി ഉള്ള മെഴുകുതിരികളാണ്. സ്റ്റോക്കിൻ്റെയാേ സൂചികയുടെയോ വിലസമാഹരണത്തെ ഇവ സൂചിപ്പിക്കാം.

രണ്ടോ അതിലധികമോ സംയുക്ത മെഴുകുതിരി പാറ്റേൺ വിശകലനം ചെയ്യുമ്പോൾ ഈ ഒറ്റ വെളുത്ത മെഴുകുതിരികൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. അത് പിന്നീട് വിശദീകരിക്കാം.

അടുത്ത ദിവസം വിവിധ തരം കറുത്ത മെഴുകുതിരികളെ പരിശോധിക്കാം.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it