

ഇസ്രയേലിലേക്ക് ഇറാൻ മിസൈൽ അയച്ചതോടെ പശ്ചിമേഷ്യൻ സംഘർഷഭീതി രൂക്ഷമായി. ക്രൂഡ് ഓയിൽ വില 97 ഡോളറിലേക്കു കയറി. ഡോളർ സൂചിക ഉയർന്നു.വെള്ളിയാഴ്ച യുഎസ് വിപണി കുത്തനേ ഇടിഞ്ഞു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ തകർച്ചയിലാണ്. ഇന്ത്യയിലും താഴ്ന്ന തുടക്കമാണു പ്രതീക്ഷിക്കുന്നത്.ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,091.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,184 വരെ കയറിയിട്ടു ഗണ്യമായി താഴ്ന്നു. നിഫ്റ്റി ഇന്നു വലിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. നിഫ്റ്റി 23,100 നു താഴെ പോയാൽ 22,600 - 22,700 മേഖലയിലാണു പിന്തുണ കാണുക എന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്.
ഈ വെള്ളിയാഴ്ച ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് ഐപിഒ വിപണിയിൽ ഇറങ്ങും. ചരിത്രത്തിലെ ഏറ്റവും വലിയ ലിസ്റ്റിംഗ് ആണു കമ്പനി പ്രതീക്ഷിക്കുന്നത്. ഓഹരിയുടെ വില 135 ഡോളർ. സമാഹരിക്കുന്നത് 7500 കോടി ഡോളർ (7.125 ലക്ഷം കോടി രൂപ). കമ്പനിയുടെ വിപണിമൂല്യം കാണുന്നത് 1.75- 2.0 ലക്ഷം കോടി ഡോളർ. ഏറ്റവും വിപണിമൂല്യം ഉള്ള എൻവിഡിയയുടെ (5.25 ലക്ഷം കോടി ഡോളർ) മൂന്നിലൊന്ന്. മസ്കിനെ ലോകത്തിലെ ആദ്യ ട്രില്യണയർ (ഒരു ലക്ഷം കോടി ഡോളർ സമ്പത്തുള്ള ആൾ) ആക്കുന്ന ഈ ഐപിഒ വിപണിയിലെ മിച്ചധനം വലിയ തോതിൽ വലിച്ചെടുക്കും. സമാഹരിക്കുന്ന തുകയിൽ 2000 കോടി ഡോളർ എക്സ് എഐ എന്ന നിർമിതബുദ്ധി ഉപകമ്പനിയുടെ കടം വീട്ടാനാണ്. ഉപഗ്രഹ വിക്ഷേപണവും പരിപാലനവും ആണു സ്പേസ് എക്സിൻ്റെ മുഖ്യ ബിസിനസ്. നിലവിൽ സ്റ്റാർലിങ്ക് ഉപഗ്രഹശൃംഖല ഉണ്ട്. ഇനി ബഹിരാകാശത്തു ഡാറ്റാസെൻ്റർ ശൃംഖല എന്ന വലിയ സ്വപ്നമാണ് മസ്‌കിനുള്ളത് അതേപ്പറ്റി ശാസ്‌ത്ര ലോകത്തിനു ഭിന്നാഭിപ്രായങ്ങൾ ഉണ്ട്. ഒരു വർഷത്തിനകം മസ്‌കിൻ്റെ ലിസ്റ്റഡ് കമ്പനിയായ ടെസ്‌ലയുമായി സ്പേസ് എക്സിനെ ലയിപ്പിക്കും എന്നു വിപണി കരുതുന്നു.
2025-26 ലെ വാർഷിക ജിഡിപി വളർച്ച 7.7 ഉം നാലാം പാദ വളർച്ച 7.8 ഉം ശതമാനം ആയിരുന്നു എന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) അറിയിച്ചു. 2022-23 അടിസ്ഥാന വർഷമാക്കിയുള്ള കണക്കാണിത്. രണ്ടു വളർച്ചകളും വിദഗ്ധ നിഗമനത്തേക്കാളും തലേ വർഷത്തേക്കാളും കൂടുതലായി. എന്നാൽ നാലാം പാദ വളർച്ച മൂന്നാം പാദത്തിലേക്കാൾ കുറവായി. എന്നാൽ തന്നാണ്ടു വിലയിലെ വാർഷിക ജിഡിപി തലേവർഷത്തെ 9.7 ൽ നിന്ന് 8.9 ശതമാനമായി കുറഞ്ഞു. വാർഷിക ജിഡിപി രൂപയിൽ 346.36 ട്രില്യൺ (ലക്ഷം കോടി) രൂപയാണ്. ഡോളറിൽ 3.92 ട്രില്യൺ. ഇതോടെ ഇന്ത്യ ജിഡിപി വലുപ്പത്തിൽ ലോകത്ത് ആറാം സ്ഥാനത്തേക്കു താഴ്ന്നു. മൂന്നു വർഷമായി ആറാം സ്ഥാനത്തായിരുന്ന ബ്രിട്ടൻ വീണ്ടും അഞ്ചാം സ്ഥാനത്തേക്കു കയറി.
നടപ്പു ധനകാര്യ വർഷം റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ച 6.9 ൽ നിന്ന് 6.6 ശതമാനമായി താഴ്‌ത്തിയിട്ടുണ്ട്. ചില്ലറ വിലക്കയറ്റ പ്രതീക്ഷ 4.6 ൽ നിന്ന് 5.1 ശതമാനമായി കൂട്ടുകയും ചെയ്തു. നിരവധി ബാങ്കുകളും റേറ്റിംഗ് ഏജൻസികളും വളർച്ച പ്രതീക്ഷ 6.5 ശതമാനമോ അതിൽ താഴെയോ ആയി കുറച്ചു.
വെള്ളിയാഴ്ച റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചതിനൊപ്പം രൂപയെ പിടിച്ചു നിർത്താൻ ചില നടപടികളും അറിയിച്ചു.
1.സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്കും ഫണ്ടുകൾക്കും ഗവണ്മെൻ്റ് നികുതി ഒഴിവാക്കി. കടപ്പത്രം വിൽക്കുമ്പോഴുള്ള ഹ്രസ്വകാല മൂലധനാദായ നികുതി 30 ഉം ദീർഘകാല മൂലധനാദായ നികുതി 12.5 ഉം ശതമാനമായിരുന്നു. കടപ്പത്രങ്ങൾക്കു കിട്ടുന്ന പലിശയ്ക്ക് ഈടാക്കുന്ന വിത്ഹോൾഡിംഗ് നികുതിയും (20%) ഒഴിവാക്കി.
2. വിദേശ നിക്ഷേപകർക്കു വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്ന സർക്കാർ കടപ്പത്ര വിഭാഗങ്ങളുടെ എണ്ണം കൂട്ടി. 15 വർഷ, 30 വർഷ, 40 വർഷ കടപ്പത്രങ്ങളും ഹരിത ബോണ്ടുകളും അവർക്കു വാങ്ങാം.
3. പ്രവാസികളുടെ വിദേശ കറൻസി (എഫ്‌സിഎൻആർ) ബാങ്ക് നിക്ഷേപങ്ങൾക്ക് (മൂന്നും അഞ്ചും വർഷ കാലാവധി) ഹെഡ്ജിംഗ് ചെലവ് റിസർവ് ബാങ്ക് വഹിക്കും. രണ്ടര മുതൽ മൂന്നു വരെ ശതമാനം ആകും ഹെഡ്ജിംഗ് ചെലവ്. (വിദേശ കറൻസിയുടെ നിരക്കുമാറ്റം വഴിയുള്ള നഷ്‌ടം കുറയ്ക്കാനാണു ഹെഡ്ജിംഗ്). അപ്പോൾ നിക്ഷേപകർക്കു കൂടുതൽ പലിശ കിട്ടും.
4. ഇന്ത്യക്കു പുറത്തു താമസക്കാരായ വ്യക്തികൾക്ക് (പിആർഒഐ) ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത ഇന്ത്യൻ കമ്പനികളിൽ 10 ശതമാനം നിക്ഷേപമാകാം.ഈ നടപടികൾ ഇന്ത്യൻ കടപ്പത്രങ്ങളെ ആഗോള സൂചികകളിൽ കയറാൻ സഹായിക്കും. അപ്പോൾ ഇന്ത്യൻ കടപ്പത്രങ്ങളിൽ വിദേശികൾ നിക്ഷേപിക്കും. അതുവഴി വലിയ തോതിൽ വിദേശനാണ്യം വരും. പൊതുമേഖലാ കമ്പനികൾക്കു വിദേശനാണയ ബോണ്ട് ഇറക്കി ഡോളർ സമ്പാദിക്കാം. ഇന്ത്യൻ ബാങ്കുകൾക്കു കൂടുതൽ പലിശ വാഗ്ദാനം ചെയ്തു വിദേശനാണയ നിക്ഷേപം സ്വീകരിക്കാം 5000 കോടിയിലധികം ഡോളർ ഇവ വഴി എത്തും എന്നാണു പ്രതീക്ഷ. ഡോളർ നിരക്ക് 92-94 രൂപയിലേക്കു താഴാൻ ഇവ സഹായിക്കും എന്നു കരുതുന്നു.
എഐ വിപ്ലവം ഉയർത്തിയ നിക്ഷേപ ആവേശം കെട്ടടങ്ങുന്നതായി ആശങ്ക. അമേരിക്കയിൽ ചിപ് ഓഹരികൾ ഇടിഞ്ഞു. നാസ്ഡാക് സൂചിക വെള്ളിയാഴ്ച അഞ്ചു ശതമാനത്തിലധികം താഴ്ന്ന ശേഷം 4.18 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. അതിനു മുൻപു ചിപ് കമ്പനികൾ തകർന്ന് ദക്ഷിണ കൊറിയൻ വിപണി 14 ശതമാനം ഇടിഞ്ഞിരുന്നു.യുഎസിലെ മറ്റു സൂചികകളും വെള്ളിയാഴ്ച ഇടിഞ്ഞു. മേയിൽ പുതിയ തൊഴിലുകൾ 1,72,000 ആയത് പലിശ കൂട്ടാൻ യുഎസ് ഫെഡറൽ റിസർവിനെ പ്രേരിപ്പിക്കും എന്ന ആശങ്കയാണു വിപണിക്ക്.വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 695.15 പോയിൻ്റ് (1.35%) താഴ്ന്ന് 50,866.78 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 200.57 പോയിൻ്റ് (2.64%) നഷ്ടത്തോടെ 7383.74 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 1121.53 പോയിൻ്റ് (4.18%) ഇടിഞ്ഞ് 25,709.43 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും നഷ്‌ടത്തിലാണ്. ഡൗ ജോൺസ് 185 പോയിൻ്റും (0.36%) എസ് ആൻഡ് പി 10 പോയിൻ്റും (0.12%) താഴ്ന്നു നീങ്ങുന്നു. നാസ്ഡാക് 88 പോയിൻ്റ് (0.30%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വെള്ളിയാഴ്ച എച്ച്ഡിഎഫ് സി ബാങ്ക് നിശ്ചിത സമയത്ത് 2.58 ശതമാനം ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 1.37 ശതമാനം ഉയർന്ന് 23.73 ഡോളറിലായി. ഐസിഐസിഐ ബാങ്ക് വിപണി സമയത്തു 0.54 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 0.54 ശതമാനം ഉയർന്ന് 26.09 ൽ ക്ലോസ് ചെയ്തു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.35 ശതമാനം താഴ്‌ന്ന ശേഷം തുടർവ്യാപാരത്തിൽ 0.97 ശതമാനം ഉയർന്ന് 12.52 ഡോളറിൽ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 1.45 ശതമാനം ഉയർന്ന ശേഷം തുടർ വ്യാപാരത്തിൽ 0.76 ശതമാനം താഴ്ന്ന് 2.084 ഡോളറിൽ ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികളെ പിന്തുടർന്നു യൂറോപ്യൻ ഓഹരികൾ വെള്ളിയാഴ്ച താഴ്ന്നു. ചിപ് ഓഹരികളാണു കൂടുതൽ നഷ്‌ടത്തിലായത്.
ഏഷ്യൻ വിപണികൾ ഇന്നും വലിയ താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 4.65 ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയൻ സൂചിക 0.80 ശതമാനം നഷ്ടത്തിലായി. ദക്ഷിണ കൊറിയൻ വിപണി സൂചിക കോസ്‌പി 7.8 ശതമാനം ഇടിഞ്ഞു. ചിപ് കമ്പനികൾ വീണതിനെ തുടർന്ന് സാംസംഗ് ഒൻപതും എസ്കെ ഹൈനിക്സ് ആറും ശതമാനം താഴ്ചയിലായി. ഈ രണ്ട് ഓഹരികളുടെ കുതിപ്പിലാണ് കോസ്‌പി ഈയിടെ വലിയ മുന്നേറ്റം നടത്തിയത്. ഹോങ് കോങ്, ഷാങ്ഹായ് വിപണികൾ 1.50 ശതമാനവും നഷ്ടത്തോടെ വ്യാപാരം തുടങ്ങി.
റിസർവ് ബാങ്ക് പണനയം വിപണിയുടെ പ്രതീക്ഷ പോലെ വന്നെങ്കിലും ആഗോള ആശങ്കകൾ വെള്ളിയാഴ്ച ഇന്ത്യൻ വിപണിയെ താഴ്‌ത്തി. ഐടി, മെറ്റൽ, ഓയിൽ മേഖലകളാണ് ഇടിഞ്ഞത്. ബാങ്കുകളും റിയൽറ്റിയും ഹെൽത്ത് കെയറും ഉയർന്നു.വെള്ളിയാഴ്ച സെൻസെക്‌സ് 116.67 പോയിൻ്റ് (0.16%) താഴ്ന്ന് 74,243.34 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 49.85 പോയിൻ്റ് (0. 21%) കുറഞ്ഞ് 23,366. 70 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 188.40 പോയിൻ്റ് (0.35%) നേട്ടത്തോടെ 54,496.25 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 211.75 പോയിൻ്റ് (0.35%) താഴ്ന്ന് 60,754.90 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 10.75 പോയിൻ്റ് (0.06%) കുറഞ്ഞ് 18,110.30 ൽ ക്ലോസ് ചെയ്തു.വിശാലവിപണിയിൽ കൂടുതൽ ഓഹരികൾ താഴ്‌ന്നു. ബിഎസ്ഇയിൽ 1993 ഓഹരികൾ കയറി, 2212 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1613 എണ്ണം ഉയർന്നപ്പോൾ 1683 എണ്ണം താഴ്ന്നു.
വിദേശനിക്ഷേപകർ വെള്ളിയാഴ്ചയും വലിയ വിൽപന തുടർന്നു. അവർ ക്യാഷ് വിപണിയിൽ 8776.25 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 9133.57 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. 2026 ൽ വിദേശികളുടെ ഓഹരിവിൽപന ഇതുവരെ 2.67 ലക്ഷം കോടി രൂപ കവിഞ്ഞു. 2025 ൽ മൊത്തം 1.66 ലക്ഷം കോടിയായിരുന്നു അവരുടെ വിൽപന. ഫെബ്രുവരി ഒഴികെ എല്ലാ മാസവും അവർ വിൽപനക്കാരായി. ജൂണിലെ ആദ്യ ആഴ്ച തന്നെ 42,927 കോടി രൂപ അവർ പിൻവലിച്ചു.
അമേരിക്കയിൽ തൊഴിലവസരം കൂടിയത് അടുത്തയാഴ്ച പലിശ കൂട്ടലിലേക്കു നയിക്കും എന്ന നിഗമനം വെള്ളിയാഴ്ച സ്വർണവിലയെ കുത്തനേ താഴ്‌ത്തി. ഔൺസിനു 146.40 ഡോളർ (3.27 ശതമാനം) ഇടിഞ്ഞ് 4330 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4326 ഡോളറിൽ എത്തി.കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വെള്ളിയാഴ്ച 280 രൂപ കുറഞ്ഞ് 1,14,200 രൂപ ആയി. ശനിയാഴ്ച 2200 രൂപ ഇടിഞ്ഞ് 1,12,000 രൂപയായി.വെള്ളിവില 8.2 ശതമാനം ഇടിഞ്ഞു വെള്ളിയാഴ്ച ഔൺസിന് 67.91 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഔൺസിന് 67.95 ഡോളർ ആയി.പ്ലാറ്റിനം 1775 ഡോളർ, പല്ലാഡിയം 1219 ഡോളർ, റോഡിയം 7300 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
അമേരിക്ക പലിശ കൂട്ടും എന്ന ആശങ്കയിൽ വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ചയും താഴ്ന്നു. ചെമ്പ് 1.01 ശതമാനം കുറഞ്ഞ് ടണ്ണിനു 13,730.90 ഡോളർ ആയി. അലൂമിനിയം 0.52 ശതമാനം ഇടിഞ്ഞ് താഴ്ന്നു 3649.42 ൽ ക്ലോസ് ചെയ്തു. സിങ്കും നിക്കലും ഉയർന്നു. ലെഡും ടിന്നും രണ്ടു ശതമാനത്തിലധികം താഴ്ന്നു .
റബർ വില ഇന്ത്യയിലും രാജ്യാന്തര വിപണിയിലും മുന്നേറുകയാണ്.ബാങ്കോക്കിൽ ആർഎസ്എസ് മൂന്ന് ക്വിൻ്റലിന് 314.60 ഡോളറിലും ആർഎസ്എസ് ഒന്ന് 318.20 ഡോളറിലും എത്തി. റബർ അവധിവില 2017 ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലായി. എൽ നിനോ പ്രതിഭാസം റബർ ലഭ്യത കുറയ്ക്കും എന്നാണു തായ്ലൻഡും ഇന്തോനീഷ്യയും നൽകുന്ന സൂചന. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 26,500 രൂപയിലേക്കു കയറി.
കൊക്കോ രാജ്യാന്തര വിപണിയിൽ താഴ്ച തുടരുകയാണ്. വെള്ളിയാഴ്ച 5.12 ശതമാനം താണു 3762 ഡോളർ ആയി. എൽ നിനോ കാലാവസ്ഥാ പ്രതിഭാസം കൊക്കോ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കും എന്ന നിഗമനമാണു വിപണിയിൽ ഉള്ളത്. പക്ഷേ ഡിമാൻഡും കുറവായി.
യുഎസ് ഡോളർ സൂചിക ഉയർന്ന നിലയിൽ തുടരുന്നു. വെള്ളിയാഴ്ച 100.07 ൽ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 100.09 ലാണ്. യൂറോ 1.1523 ഡോളറിലേക്കും പൗണ്ട് 1.3334 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 160.31 യെൻ എന്ന നിലയിലേക്ക് ഇടിഞ്ഞു. ജാപ്പനീസ് സർക്കാരും ബാങ്ക് ഓഫ് ജപ്പാനും വിപണിയിൽ ഇടപെടും എന്നു സംസാരമുണ്ട്. ചൈനീസ് യുവാൻ ഡോളറിന് 6.77 യുവാൻ എന്ന നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.572 ശതമാനമായി ഉയർന്നു.
ഡോളർ ലഭ്യത കൂട്ടുന്ന പണനയം പ്രഖ്യാപിച്ചത് വെള്ളിയാഴ്ച രൂപയെ ഒരു ശതമാനത്തോളം ഉയർത്തി.ഡോളർ 84 പൈസ കുറഞ്ഞ് 94.95 രൂപയിൽ അവസാനിച്ചു. എന്നാൽ ക്രൂഡ് ഓയിൽ വീണ്ടും കയറുന്നതും യുഎസ് ഫെഡ് പലിശ കൂട്ടുമെന്ന ഊഹവും ഇന്നു രൂപയെ ദുർബലമാക്കാം. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.34 രൂപയിലേക്കു കയറി. ചൈനീസ് യുവാൻ 14.13 രൂപയായി. യൂറോ 110.15 രൂപയിലേക്കു താഴ്ന്നു.
വെള്ളിയാഴ്ച ഗണ്യമായി താഴ്ന്ന ക്രൂഡ് ഓയിൽ പശ്ചിമേഷ്യൻ സംഘർഷം വീണ്ടും വർധിച്ചതോടെ ഇന്നു രാവിലെ തിരിച്ചു കയറി. ബ്രെൻ്റ് ഇനം 4.35 ശതമാനം ഉയർന്നു 97.15 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 94.78 ഡോളറിലേക്കു കയറി.
ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിൽ ഇടിഞ്ഞിട്ട് ഞായറാഴ്ച അൽപം കയറി. ബിറ്റ് കോയിൻ 59,500 ഡോളറിനു താഴെ എത്തിയ ശേഷം ഇന്നു രാവിലെ 63,000 ഡോളറിനടുത്തായി. ഈഥർ എട്ടു ശതമാനം ഉയർന്ന് 1680 ഡോളറിനും സൊലാന ഏഴു ശതമാനം കയറി 66 ഡോളറിനും മുകളിലാണ്.
വിപണിസൂചനകൾ
(2026 ജൂൺ 05, വെള്ളി)
സെൻസെക്സ് -74,243.34 -0.16%
നിഫ്റ്റി50 - 23,366.70 -0.21%
ബാങ്ക് നിഫ്റ്റി - 54,496.25 +0.35%
മിഡ്ക്യാപ്100 -60,754.90 -0.35%
സ്മോൾക്യാപ്100- 18,110.30 -0.06%
ഡൗജോൺസ് - 50,866.78 -1.35%
എസ്ആൻഡ്പി - 7383.74 -2.64%
നാസ്ഡാക് - 25,709.43 -4.18%
ഡോളർ- ₹94.95 -₹0.84
സ്വർണം(ഔൺസ്)-$4330.00 -$146.40
സ്വർണം(പവൻ)- ₹1,14,200 -₹280
ശനി ₹1,12,000 -₹2200
ക്രൂഡ്ഓയിൽബ്രെൻ്റ് -$93.09 -$1.94
Escalating geopolitical tensions in West Asia and a tech rout in Wall Street trigger a massive sell-off across global stock markets, while RBI announces aggressive measures to support the Indian Rupee.
Read DhanamOnline in English
Subscribe to Dhanam Magazine