ബ്ലൂ-ചിപ്പ് കമ്പനികള്‍, ഫ്‌ളോട്ടിംഗ് ഓഹരികള്‍: മനസ്സിലാക്കാം പ്രത്യേകതകള്‍

എന്താണ് ബ്ലൂ-ചിപ്പ് കമ്പനികള്‍?

പ്രവര്‍ത്തനപരിചയത്തിലും വിജയത്തിലും ദീര്‍ഘകാല ചരിത്രമുള്ളതും സാമ്പത്തികമായും ഉപഭോക്തൃ വിശ്വാസ്യതയിലും പ്രകടനമികവിലും ഏറെ മുന്നിട്ടുനില്‍ക്കുന്നതുമായ കമ്പനികളെയാണ് ബ്ലൂ-ചിപ്പ് കമ്പനികള്‍ (Blue-chip companies) എന്ന് വിശേഷിപ്പിക്കുന്നത്. പ്രതിനിധാനം ചെയ്യുന്ന വ്യാവസായിക/വാണിജ്യമേഖലയിലെ മുന്‍നിര കമ്പനികളായിരിക്കും അവര്‍. രാജ്യത്തെ കുടുംബങ്ങളിലെ സ്ഥിരംസാന്നിദ്ധ്യവുമായിരിക്കും ഈ കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും. സ്റ്റോക്ക് മാര്‍ക്കറ്റിലും സജീവമായ ഇടപാടുകള്‍ നടക്കുന്ന കമ്പനികളുമായിരിക്കും ഇവ.
ബ്ലൂ-ചിപ്പ് കമ്പനികളുടെ ചില പ്രത്യേകതകള്‍ നോക്കാം:
1) സാമ്പത്തിക സ്ഥിരത: ശക്തമായ ബാലന്‍സ് ഷീറ്റ് ഇവയ്ക്കുണ്ടാകും; മികച്ച പണലഭ്യതയും. ലാഭക്ഷമതയിലും മികച്ചുനില്‍ക്കുന്നവയായിരിക്കും ഇവ. കടബാദ്ധ്യത ഇവയ്ക്ക് കാര്യമായി കുറവായിരിക്കും. ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ന്നതുമായിരിക്കും.
2) വിപണി അപ്രമാദിത്തം: ഉയര്‍ന്ന വിപണിവിഹിതവുമായി, പ്രതിനിധാനം ചെയ്യുന്ന വിപണിയിലെ മുന്‍നിര കമ്പനിയായിരിക്കും ഇവ. മികച്ച ഉപഭോക്തൃ സ്വീകാര്യതയുള്ള ബ്രാന്‍ഡുകള്‍ ഇവയ്ക്ക് കീഴിലുണ്ടാകും.
3) വിപുലമായ ചരിത്രം: പ്രവര്‍ത്തനത്തില്‍ ദീര്‍ഘകാലമായ, ഒരുപക്ഷേ ദശാബ്ദങ്ങള്‍ തന്നെ നീളുന്ന ചരിത്രം ഇവയ്ക്കുണ്ടാകും. വിപണിയിലെ മാറുന്ന സാഹചര്യങ്ങള്‍ക്ക് നിലകൊള്ളാന്‍ കഴിഞ്ഞിട്ടുള്ള കമ്പനികളുമായിരിക്കും ഇവ.
4) ലാഭവിഹിതം: പൊതുവേ ബ്ലൂ-ചിപ്പ് കമ്പനികള്‍ സ്ഥിരമായി ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം നല്‍കാറുണ്ട്.
5) നിക്ഷേപവിശ്വാസം: നിക്ഷേപത്തിന് സുരക്ഷിതവും വിശ്വാസ്യവുമായ കമ്പനികളായാണ് ബ്ലൂ-ചിപ്പുകളെ പൊതുവേ പരിഗണിക്കാറുള്ളത്. സെന്‍സെക്‌സിലും നിഫ്റ്റിയിലും നിര്‍ണായക സ്വാധീനമുള്ള ഈ കമ്പനികളില്‍ സ്ഥാപന നിക്ഷേപകര്‍ക്കും (Institutional Investors) വലിയ താത്പര്യമായിരിക്കും.
ചില ബ്ലൂ-ചിപ്പ് കമ്പനികൾ:
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച്.യു.എല്‍), എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.ടി.സി ലിമിറ്റഡ്, ഏഷ്യന്‍ പെയ്ന്റ്‌സ്.
ഒരു കമ്പനിയുടെ ബ്ലൂ-ചിപ്പ് സ്റ്റാറ്റസ് വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറിയേക്കാം. അതുകൊണ്ട് ഇവയുടെ ഓഹരികളില്‍ നിക്ഷേപിക്കും മുമ്പ് വിപണി സാഹചര്യം, കമ്പനിയുടെ പ്രകടനം, ഭാവിസാദ്ധ്യതകള്‍ തുടങ്ങിയവയെ കുറിച്ച് മനസിലാക്കിയിരിക്കണം.
എന്താണ് ഫ്‌ളോട്ടിംഗ് സ്‌റ്റോക്കുകള്‍?
ഒരു കമ്പനിയുടെ പൊതുവിപണിയില്‍ വ്യാപാരത്തിന് ലഭ്യമായ ഓഹരികളെയാണ് ഫ്‌ളോട്ടിംഗ് സ്‌റ്റോക്കുകള്‍ (Floating Stocks) എന്ന് പറയുന്നത്. ഇതില്‍ പ്രമോട്ടോര്‍മാരുടെയോ മുഖ്യ ഓഹരി ഉടമകളുടെയോ ഓഹരികളുണ്ടാവില്ല. വില്‍പനയ്ക്ക് വിലക്കുള്ള ഓഹരികളും ഉള്‍പ്പെടില്ല.
ഫ്‌ളോട്ടിംഗ് ഓഹരികളെ പബ്ലിക് ഫ്‌ളോട്ട് (Public Float), പബ്ലിക്കിലി ട്രേഡഡ് ഷെയേഴ്‌സ് (Publicly Traded Shares) എന്നും വിളിക്കാറുണ്ട്. ഒരു കമ്പനികളുടെ ഓഹരികളിലേക്കുള്ള പണമൊഴുക്കിന്റെ വ്യാപ്തി വ്യക്തമാക്കുന്നതില്‍ ഫ്‌ളോട്ടിംഗ് ഓഹരികള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്.
പൊതുവേ, ഉയര്‍ന്ന ഫ്‌ളോട്ടിംഗ് സ്‌റ്റോക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വ്യാപാരത്തിന് കൂടുതല്‍ ഓഹരികള്‍ ലഭ്യമാണെന്നാണ്. ഇത് കൂടുതല്‍ പണമൊഴുക്കിന് അവസരമൊരുക്കുന്നു. ഓഹരിലഭ്യത കൂടുമ്പോള്‍ വാങ്ങല്‍/വില്‍ക്കല്‍ സുഗമമാകും. ഇടപാട് ചെലവ് കുറയാനും ഇത് വഴിയൊരുക്കും.
ഓഹരികള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടാവുകയും ലഭ്യത കുറഞ്ഞുനില്‍ക്കുകയും (ലോ ഫ്‌ളോട്ടിംഗ് സ്‌റ്റോക്ക്/Low Floating Stock) ചെയ്താല്‍ അത് വലിയ ചാഞ്ചാട്ടം സൃഷ്ടിക്കുകയും ഓഹരിവില ഉയരാനിടയാക്കുകയോ ചെയ്യാം. മറിച്ചാണെങ്കില്‍ (ലാര്‍ജര്‍ ഫ്‌ളോട്ടിംഗ് സ്‌റ്റോക്ക്/ Larger floating stock) ഓഹരികള്‍ വലിയ ലഭ്യതയും വിലസ്ഥിരതയും ഉണ്ടാവുകയും ചെയ്യും.
ഫ്‌ളോട്ടിംഗ് ഓഹരികളും വിപണി സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാറാം. ഓഹരി ഇഷ്യൂ, ബൈബാക്ക്, പ്രമോട്ടര്‍മാര്‍ വിൽക്കുന്ന ഓഹരികൾ (Insider Trading), ഉടമസ്ഥൃമാറ്റം (Ownership changes) തുടങ്ങിയവ ഫ്‌ളോട്ടിംഗ് സ്‌റ്റോക്കുകളുടെ ലഭ്യതയെ സ്വാധീനിക്കും. അതുകൊണ്ട്, ഇത്തരം ഓഹരികളില്‍ നിക്ഷേപിക്കും മുമ്പും വിപണിയിലെ സാഹചര്യങ്ങളെ കുറിച്ച് മനസിലാക്കുന്നത് നന്നായിരിക്കും.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it